അൽഅമീറാത്ത് ക്രിക്കറ്റ് സ്റ്റേഡിയം /// ചിത്രം: സുഹാന ഷെമീം
മസ്കത്ത്: ട്വൻറി20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനു ശേഷം മറ്റൊരു ക്രിക്കറ്റ് മാമാങ്കത്തിന് അമീറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. വ്യാഴാഴ്ച തുടങ്ങുന്ന ലെജൻഡറി ക്രിക്കറ്റ ടൂർണമെന്റിൽ വൈകീട്ട് ആറരക്ക് ഇന്ത്യൻ മഹാരാജാസും ഏഷ്യൻ ലയൺസും ഏറ്റുമുട്ടുന്നതോടെ 10 ദിവസം നീളുന്ന ക്രിക്കറ്റ് ഉത്സവത്തിനാണ് തുടക്കമാകുന്നത്. വീരേന്ദ്ര സെവാഗിന്റെ നേതൃത്വത്തിലുള്ള ഇന്ത്യമഹാരാജാസ്, മിസ്ബാഹുൽ ഹഖിെൻറ നായകത്വത്തിൽ ഏഷ്യ ലയൺസ്, ഡാരൻ സമി നയിക്കുന്ന വേൾഡ് ജെയിന്റ്സ് എന്നിങ്ങനെ മൂന്ന് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ഒരുക്കമെല്ലാം പൂർത്തിയായതായി സംഘടകർ അറിയിച്ചു. ഏകദേശം 5000 കാണികൾക്കുള്ള ഇരിപ്പിട സൗകര്യമാണുള്ളത്. ഇതിൽ 4000ത്തിൽ അധികം സീറ്റുകൾ സാധാരണ ഗാലറിയാണ്. 10 റിയാൽ ആണ് ടിക്കറ്റ് നിരക്ക്. ഹോസ്പിറ്റാലിറ്റി, വി.ഐ.പി സീറ്റുകൾക്ക് 40 മുതൽ 50 റിയാൽവരെയാണ് നിരക്ക്. ഓൺലൈനിൽ ആണ് ടിക്കറ്റ് വിൽപന. കോവിഡ് വാക്സിെൻറ രണ്ട് ഡോസും എടുത്തവർക്കാണ് പ്രവേശനം.
ബുധനാഴ്ച വൈകീട്ടുതന്നെ ടീമുകൾ എല്ലാം സ്റ്റേഡിയത്തിൽ പ്രാക്ടീസിനായി എത്തിയിരുന്നു. ഉച്ചക്കു രണ്ടു മുതൽ ആണ് ടീമുകൾക്ക് അമീറാത്തിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പരിശീലനത്തിന് സമയം അനുവദിച്ചത്. ബയോ ബബ്ൾ സുരക്ഷയിലാണ് താരങ്ങൾ. അതേസമയം, ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന് തുല്യമായ അടിസ്ഥാന സൗകര്യങ്ങൾ ലെജൻഡറി ക്രിക്കറ്റിന് ഇല്ലെന്നാണ് പ്രമുഖ മാധ്യമ പ്രവർത്തകർ അടക്കമുള്ളവർ പറയുന്നത്. മാധ്യമ പ്രവർത്തകർക്കുള്ള അക്രഡിറ്റേഷൻ ബാഡ്ജുകൾ പോലും ബുധനാഴ്ച വൈകീട്ടു വരെ വിതരണം ചെയ്തിരുന്നില്ല. ടൂർണമെന്റ് നടത്തിപ്പ് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിക്കുന്നില്ല എന്ന പരാതിയുമുണ്ട്. എന്നാൽ, ലെജൻഡറി ലീഗ് നടത്തിപ്പുമായി ഒരു ബന്ധവും ഇല്ലെന്ന് ഒമാൻ ക്രിക്കറ്റ് ഭാരവാഹികൾ പറഞ്ഞു. ഇതിനായി ഇന്ത്യയിൽനിന്നും വന്ന പ്രത്യേക ഏജൻസിയാണുള്ളത് എന്നും അവരാണ് ഇതു സംബന്ധിച്ച് കാര്യങ്ങൾ ചെയ്യേണ്ടത്.
ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് നടന്നപ്പോൾ നടത്തിപ്പ് പൂർണമായും ഐ.സി.സിക്കായിരുെന്നങ്കിലും പ്രാദേശിക മാധ്യമ പ്രവർത്തകർക്കടക്കമുള്ള സഹായങ്ങൾ ചെയ്തിരുന്നത് ഒമാൻ ക്രിക്കറ്റ് അസോസിയേഷനായിരുന്നു. കാണികളുടെ പങ്കാളിത്തം എത്രത്തോളം ഉണ്ടാകും എന്ന് കണ്ടറിയണം. ലോകകപ്പിൽ രണ്ടു മത്സരങ്ങൾ കാണുന്നതിന് 10 റിയാൽ ആണ് ഉണ്ടായിരുന്നത്. എന്നാൽ, ഇതിൽ ഒരു മത്സരം മാത്രമേ കാണാൻ സാധിക്കൂ. ലോകകപ്പിൽ മൂന്നു ദിവസം ആയിരുന്നു മത്സരം ഉണ്ടായിരുന്നത്. ലെജൻഡറി ലീഗിൽ ഏഴു ദിവസം മത്സരം ഉണ്ട്. ഇതിൽ എത്ര ദിവസം കാണികൾ ഇത്ര വലിയ തുക മുടക്കി കളികാണാൻ എത്തുമോ എന്നുള്ളതും ചോദ്യമാണ്. സാധാരണ ഇത്തരം ടൂർണമെന്റുകൾക്കുള്ള സീസൺ ടിക്കറ്റുകളും ലഭ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.