മസ്കത്ത്: ഏപ്രിൽ പകുതിയോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഉയരുമെന്നാണ് കരുതുന്നതെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഇൗദി പറഞ്ഞു. വിദേശത്ത് പഠിക്കുന്ന ഒമാനി വിദ്യാർഥികളെ തിരിച്ചെത്തിക്കുകയാണ്. അതിനാൽ അടുത്ത രണ്ടാഴ്ചക്കുള്ളിൽ ഒമാനിലെ കോവിഡ് ബാധിതരുടെ എണ്ണം ഏറ്റവും ഉയർന്ന നിരക്കിലെത്തുമെന്നാണ് കരുതുന്നതെന്നും പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആരോഗ്യ മന്ത്രി പറഞ്ഞു.
ഇതോടൊപ്പം കോവിഡിെൻറ സാമൂഹിക വ്യാപനം കഴിഞ്ഞയാഴ്ച ആരംഭിച്ചു. സമൂഹത്തിൽ ഇനിയും കണ്ടെത്താനാകാത്ത കേസുകൾ ഉണ്ടാകുമെന്നാണ് ഇതിെൻറ അർഥം. ഇവരിൽനിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാനും സാധ്യതയുണ്ട്.
ഇതിെൻറ ഫലമായും വരുംദിവസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തേക്കാം. പ്രായഭേദമന്യേ ഏത് ശാരീരികാവസ്ഥയിലുള്ളവർക്കും ആർക്കും കോവിഡ് പിടിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ പൊതുസ്ഥലങ്ങളിൽനിന്ന് അകന്നുനിൽക്കണം. നമ്മുടെയും പ്രിയപ്പെട്ടവരുടെയും ആരോഗ്യം സംരക്ഷിക്കാൻ സാമൂഹിക അകലം പാലിക്കുകയും അടുത്ത നാലാഴ്ചക്കാലത്തേക്ക് സമ്പർക്ക വിലക്കിൽ തുടരുകയും വേണം. സ്ത്രീകളേക്കാൾ പുരുഷന്മാർക്കാണ് കൂടുതലും വൈറസ് ബാധയുണ്ടാകുന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഏറ്റവും പ്രായം കുറഞ്ഞ രോഗി ഒരു വയസ്സുകാരനാണ്. ജനുവരി പകുതി മുതൽ സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരുകയാണ്. ഇങ്ങനെ നടപടികൾ സ്വീകരിച്ചില്ലായിരുന്നെങ്കിൽ രോഗികളുടെ എണ്ണം ഏപ്രിൽ പകുതിയോടെ 82,000ത്തിലെങ്കിലും എത്തുമായിരുന്നെന്നും ഡോ. അൽ സഇൗദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.