മസ്കത്ത്: ദോഫാർ ഖരീഫ് സീസണിലെ പ്രവർത്തനങ്ങളും പരിപാടികളും ജൂൺ 21ന് ആരംഭിച്ച് സെപ്റ്റംബർ 20 വരെ തുടരുമെന്ന് ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ സയ്യിദ് മർവാൻ ബിൻ തുർക്കി പറഞ്ഞു. ദുബൈയിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സമഗ്രമായ ഷോപ്പിങ് ഏരിയ, ഓപൺ എയർ തിയറ്റർ, ആധുനിക ഗെയിമിങ് ഏരിയ, നവീകരിച്ച ലൈറ്റിങ്, ലേസർ ഷോ എന്നിവ ഉൾക്കൊള്ളുന്ന ഒരു ആഗോള ഇവൻറ് ഹബ്ബായിരിക്കും ഇത്തീൻ സ്ക്വയർ സൈറ്റെന്ന് ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ പറഞ്ഞു. ഖാൻ അൽ ഖലീലി (ഈജിപ്ത്), സൂഖ് അൽ ഹമീദിയ (സിറിയ), സൂഖ് വാഖിഫ് (ദോഹ) തുടങ്ങിയ മാതൃകകളിൽ ഹെറിറ്റേജ് വില്ലേജിനെ ആഗോള ഗ്രാമമാക്കി മാറ്റുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
കുടുംബ വിനോദ പ്രവർത്തനങ്ങൾക്കായി ഔഖാദ് പാർക്ക് മാറ്റിവെക്കും.സലാല പബ്ലിക് പാർക്ക് ശരത്കാല സീസണിലുടനീളം വിവിധ കായിക പ്രവർത്തനങ്ങൾക്കായി നിയുക്തമാക്കുമെന്നും അൽ മറൂജ് തിയറ്റർ പ്രാദേശികവും അന്തർദേശീയവുമായ പങ്കാളിത്തത്തോടെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾക്കായി സമർപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ‘റിട്ടേൺ ഓഫ് ദി പാസ്റ്റ്’ എന്ന ഇവന്റിലൂടെ വിവിധ ഗവർണറേറ്റിൽനിന്നുള്ള പരമ്പരാഗത ഒമാനി ജീവിതങ്ങൾ എടുത്തുകാണിക്കും.
ഗവർണറേറ്റിന്റെ ചില തീരദേശ വിലായത്തുകളിലേക്ക് കൂടി പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ പ്രവർത്തിക്കുമെന്ന് ചെയർമാൻ അറിയിച്ചു. ദോഫാർ മുനിസിപ്പാലിറ്റി, ഗവൺമെന്റ്, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് വികസന പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. പ്രകൃതിദത്തമായ കാഴ്ചകളും ചില വിനോദസഞ്ചാര കേന്ദ്രങ്ങളും മെച്ചപ്പെടുത്തൽ, ഉൾഭാഗങ്ങളിലേക്ക് റോഡുകൾ ഒരുക്കൽ, സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ടൂറിസം സൗകര്യം വർധിപ്പിക്കുന്നതിനുമായി നഗരങ്ങളുടെ സൗന്ദര്യവത്കരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഈ വർഷം നിരവധി പുതിയ ടൂറിസം, ഹോട്ടൽ സൗകര്യങ്ങൾ തുറക്കുമെന്ന് പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി സൂചിപ്പിച്ചു. ഗവർണറേറ്റിൽ സന്ദർശകർക്കായി വിവിധ വിഭാഗങ്ങളിലായി 6,537 മുറികളുള്ള ലൈസൻസുള്ള 83 ഹോട്ടലുകളുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
സഞ്ചാരികളെ ആകർഷിക്കുന്നതിനായി ദുബൈയിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിലെ പങ്കാളിത്തം, വിവിധ അറബ് മീഡിയ ഔട്ട്ലെറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പരസ്യ കാമ്പയിനുകൾ, ഗൾഫിലും പ്രാദേശിക വിപണികളിലും നേരിട്ടുള്ള വിപണന കാമ്പയിനുകൾ തുടങ്ങി നിരവധി പ്രമോഷനൽ പരിപാടികളും തുടങ്ങിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ സീസണിൽ പത്ത് ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ഖരീഫ് ആസ്വദിക്കാനായി ദോഫാറിൽ എത്തിയത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.