മസ്കത്ത്: സംസ്ഥാന ബജറ്റിൽ പ്രവാസി മലയാളി ക്ഷേമത്തിന് മതിയായ പരിഗണന നൽകാത്തതിലും വർധിച്ച വിമാന നിരക്ക് നിയന്ത്രിക്കാൻ ബജറ്റിൽ ഒരുവിധ ഇടപെടലുകളും നടത്താത്തതിലും പീപ്പ്ൾസ് കൾച്ചറൽ ഫോറം (പി.സി.എഫ്) ഒമാൻ നാഷനൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളെ തീർത്തും നിരാശപ്പെടുത്തുന്നതാണ് പുതിയ ബജറ്റെന്ന് ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
നാട്ടിലേക്ക് വരാൻ വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത ചാർജ് കാരണം സാധാരണക്കാരായ പ്രവാസികൾ വലയുമ്പോൾ, അതിനൊരു ശാശ്വത പരിഹാരം കാണാനോ പ്രവാസി യാത്രാ ക്ലേശം പരിഹരിക്കാൻ പ്രത്യേക ഫണ്ട് നീക്കിവെക്കാനോ സർക്കാർ തയാറായിട്ടില്ല. ഇതിനുപുറമേ, മുൻകാലങ്ങളിൽ സർക്കാർ നടപ്പാക്കിയ പല മികച്ച പദ്ധതികളെയും ഇത്തവണ അവഗണിച്ചതായി സംഘടന ചൂണ്ടിക്കാട്ടി.
തിരിച്ചെത്തിയ പ്രവാസികൾക്കായുള്ള പുനരധിവാസ പദ്ധതികൾ, ചികിത്സാ-വിവാഹ ധനസഹായം നൽകുന്ന ‘സാന്ത്വനം’ പദ്ധതി എന്നിവക്കൊന്നും ബജറ്റിൽ അർഹമായ ഫണ്ട് വകയിരുത്തിയിട്ടില്ല. കടുത്ത വിലക്കയറ്റവും യാത്രാച്ചെലവും ഉണ്ടായിട്ടും പ്രവാസി പെൻഷൻ വർധിപ്പിക്കാൻ തയാറാകാത്തതും നോർക്കക്കുള്ള വിഹിതം കൂട്ടാത്തതും കടുത്ത അവഗണനയാണ്.
കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നൽകുന്ന പ്രവാസികളോട് സർക്കാർ കാണിക്കുന്ന ഈ സമീപനം തിരുത്തണമെന്നും, വിമാന ചാർജ് സബ്‌സിഡി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ച് പ്രവാസികൾക്കായി അടിയന്തരമായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും പി.സി.എഫ് ആവശ്യപ്പെട്ടു.
അവഗണനക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് റസാഖ് ചാലിശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി മൊയ്ദീൻ ഷാ സ്വാഗതവും അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.