ബജറ്റ് : പ്രവാസികളെ അവഗണിച്ചില്ളെന്ന് പൊതുവിലയിരുത്തല്‍

മസ്കത്ത്: ധനകാര്യമന്ത്രി തോമസ് ഐസക് വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റ് പ്രവാസികളെ പരിഗണിക്കുന്നതാണെന്ന് പൊതുവിലയിരുത്തല്‍. എന്നാല്‍ എണ്ണ വില കുറവ് ഉയര്‍ത്തുന്ന പ്രതിസന്ധികള്‍ നിമിത്തം കേരളത്തിലേക്ക് പ്രവാസികളുടെ തിരിച്ചുവരവ് വര്‍ധിച്ച സാഹചര്യത്തില്‍ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതടക്കമുള്ള പദ്ധതികള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ളെന്ന പരാതിയും ഉയരുന്നുണ്ട്. പ്രവാസി പെന്‍ഷന്‍ 500 രൂപയില്‍നിന്ന് 2000 രൂപയായി ഉയര്‍ത്തിയത് 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. 
എന്നാല്‍, നിലവിലുള്ള സാഹചര്യത്തില്‍ ചിട്ടി ഫണ്ടുകള്‍ വഴി 25,000 കോടി രൂപ സമാഹരിക്കാന്‍ കഴിയുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. എണ്ണവിലയിടിവ് ഉയര്‍ത്തുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ ഏറെ പ്രതികൂലമായി ബാധിക്കുന്നത് ഗള്‍ഫ് മേഖലയില്‍ ഉന്നത പദവികളില്‍ ജോലി ചെയ്യുന്ന മലയാളികളെയാണ്. സൗദി അറേബ്യയില്‍ നടക്കുന്ന സ്വദേശി വത്കരണം കാരുണ്യവും നിരവധി പേര്‍ കേരളത്തിലേക്ക് തിരിച്ചുപോവുന്നുണ്ട്. നിലവവിലെ സാഹചര്യത്തില്‍  ഇവരുടെ പുനരധിവാസത്തിന് നീക്കിവെച്ച 18 കോടി രൂപ അപര്യാപ്തമാണെന്ന് വിലയിരുത്തപ്പെടുന്നു.

പ്രവാസികളില്‍നിന്ന് 25,000 കോടി സമാഹരിക്കാന്‍ കഴിയുമോ?
കേരളത്തിന് ഏറ്റവും കൂടുതല്‍ പണം ഒഴുകുന്നത് ഗള്‍ഫില്‍നിന്നാണ്. എന്നാല്‍, നിലവിലെ  സാഹചര്യത്തില്‍ 25,000 കോടി രൂപ സമാഹരിക്കാന്‍ കഴിയുമോ എന്ന് ആശങ്കിക്കുകയാണ് പ്രമുഖ ഇംഗ്ളീഷ് ദിനപത്രത്തിലെ സാമ്പത്തിക കാര്യ ലേഖകനായ എ.ഇ. ജെയിംസ്. പുതിയ ബജറ്റില്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറെയുണ്ട്. പ്രവാസി പെന്‍ഷന്‍ രണ്ടായിരം രൂപയായി ഉയര്‍ത്തിയത് എടുത്തു പറയാവുന്നതാണ്. എന്നാല്‍, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടത്തെല്‍ കേരളത്തില്‍ വലിയ വെല്ലുവിളിയാണ്. 
ഇതിനാലാണ് റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ 25,000 കോടി രൂപ പ്രവാസികളില്‍ നിന്ന് ചിട്ടികള്‍ വഴി പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നിലവിലുള്ള സാഹചര്യത്തില്‍ വിദേശ ചിട്ടിഫണ്ടുകള്‍ വഴി ഇത്രയും വലിയ സംഖ്യ പിരിച്ചെടുക്കാന്‍ കഴിയില്ല. നിലവില്‍ ആയിരം കോടി രൂപ പോലും മൂലധനമുണ്ടാക്കാന്‍ കിഫ്ബിക്ക് കഴിഞ്ഞിട്ടില്ല. ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണ വില ഇടിവ് കാരണം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. 
ഇതുമൂലം വേതനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്.  സൗദിയില്‍ സ്വദേശിവല്‍ക്കരണം മലയാളികളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ചിട്ടി പരീക്ഷണം വിജയിക്കാന്‍ സാധ്യത കുറവാണ്. ചിട്ടി പദ്ധതി വിജയിച്ചില്ളെങ്കില്‍ ബജറ്റില്‍ പറഞ്ഞ വികസന പദ്ധതികള്‍ കടലാസ് പദ്ധതികളായി മാറുമെന്നും അദ്ദേഹം പറഞ്ഞു. 

കുറച്ചുകൂടി ആവാമായിരുന്നു
പ്രവാസികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതികളുള്ള ബജറ്റാണെന്ന് സാമ്പത്തിക വിദഗ്ധനും ഗ്ളോബല്‍ എക്സ്ചേഞ്ച് ജനറല്‍ മാനേജറുമായ മധുസൂദനന്‍ പറഞ്ഞു. എന്നാല്‍, പ്രവാസികള്‍ ഏറെ പ്രതിസന്ധി നേരിടുകയും അഭ്യസ്തവിദ്യരായവരുടെ തിരിച്ചുപോക്ക് വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ പുനരധിവാസത്തിന് 18 കോടി മാത്രമാണ് നീക്കിവെച്ചത്. 
നിലവിലുള്ള സാഹചര്യത്തില്‍ ഇത് തീരെ കുറവാണ്. എന്നാല്‍, നോര്‍ക്കക്ക് 61 കോടി നീക്കിവെച്ചതും പ്രവാസി പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 മായി ഉയര്‍ത്തിയതും എടുത്തു പറയാവുന്നതാണ്. പ്രവാസികളൂടെ ഡാറ്റകള്‍ ശേഖരിക്കാനുള്ള നീക്കവും പ്രശംസനീയമാണ്. പ്രവാസികള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന ലോക കേരള ജനസഭയും പ്രവാസി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സഹാകമാവും. കേരളത്തിന്‍െറ സമഗ്ര വികസനം ലക്ഷ്യംവെക്കുന്ന കിഫ്ബി പദ്ധതി വിജയിപ്പിക്കേണ്ടത് പ്രവാസികളുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. 

പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ബജറ്റ്
വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റ് പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണെന്ന് കേരള സര്‍ക്കാന്‍ പ്ളാനിങ് ബോര്‍ഡ് ആസൂത്രണ സമിതിയംഗം പി.എം. ജാബിര്‍. കേരള ബജറ്റിന്‍െറ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പദ്ധതികള്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൊത്തം നൂറു കോടി രൂപയുടെ വിവിധ പദ്ധതികള്‍ പ്രവാസികള്‍ക്കായി നീക്കിവെച്ചതായും അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍ തുക 500 രൂപയില്‍ നിന്ന് 2000 രൂപയായി ഉയര്‍ത്തിയത് എടുത്തു പറയാവുന്ന നേട്ടമാണ്. പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണിത്. 
നോര്‍കക്കുവേണ്ടി 61 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. 13 കോടി രൂപ പ്രവാസികളുടെ ചികിത്സക്കായി ഉപയോഗിക്കും. പ്രവാസി കമ്മീഷന്‍ രൂപവത്കരിക്കാന്‍ ഒരു കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. നേരത്തെ പദ്ധതിയുണ്ടായിരുന്നെങ്കിലും തുക വകയിരുത്തിയിരുന്നില്ല. ഇതോടെ, പ്രവാസി കമ്മീഷന്‍ യാഥാര്‍ഥ്യമാവാന്‍ പോവുകയാണ്. പ്രവാസി പുനരധിവാസത്തിന് 18 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പ്രവാസികളുടെ നിക്ഷേപം സ്വീകരിക്കാനുള്ള പദ്ധതിയായ കിഫ്ബി പ്രവാസികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ്. വിദേശികളുടെ നിക്ഷേപത്തിന് കേരള സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നതാണ് ഈ പദ്ധതി. മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കാന്‍ മലയാളം മിഷന്‍ പദ്ധതിക്ക് 1.10 കോടി നീക്കിവെച്ചിട്ടുണ്ട്. 
പ്രവാസികളൂടെ ഡാറ്റകള്‍ ശേഖരിക്കാനും ബജറ്റില്‍ പദ്ധതിയുണ്ട്. ഓണ്‍ലൈനില്‍ ഡാറ്റ നല്‍കുന്നവര്‍ക്ക് പ്രോത്സാഹനമായി നല്‍കുന്ന ഇന്‍ഷുറന്‍സിന് അഞ്ചു കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. 
പ്രവാസികള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന ലോക കേരള ജനസഭക്കായി ആറര കോടി രൂപ നീക്കിവെച്ചതും വലിയ നേട്ടമാണെന്ന് ജാബിര്‍ പറയുന്നു. 

പ്രവാസികളെ മോഹവലയത്തില്‍ കുടുക്കുന്ന ബജറ്റ്
പ്രവാസികള്‍ക്ക് പുതുതായി ഒന്നുമില്ലാത്തതും മോഹവലയത്തില്‍ കുടുക്കുന്നതുമായ ബജറ്റാണിതെന്ന് ഒ.ഐ.സി.സി പ്രസിഡന്‍റ് സിദ്ദീഖ് ഹസന്‍. പ്രവാസി നിക്ഷേപവും സംഭാവനയും കേട്ടിട്ടുണ്ട്്. എന്നാല്‍ ചിട്ടികള്‍ വഴി പണം പിരിക്കുന്നത് ആദ്യമായി കേള്‍ക്കുകയാണ്. സാധാരണക്കാരനായ പ്രവാസികളെ ഇത് കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടും. ചിട്ടികളില്‍ പണം കടം എടുക്കണമെങ്കില്‍ ആധാരം അടക്കം പണയംവെക്കേണ്ടിവരും. ഇതിന്‍െറ അടവ് തെറ്റിയാല്‍ വന്‍ പ്രശ്നങ്ങളുമുണ്ടാവും. സര്‍ക്കാര്‍ പ്രഖ്യാപിച്ച പല പദ്ധതികളും പഴയതാണ്. ഇവ പൊടിതട്ടി പുറത്തെടുക്കുക മാത്രമാണ് ബജറ്റില്‍ ചെയ്തിരിക്കുന്നത്. 
നിലവിലുള്ള സാഹചര്യത്തില്‍ ചിട്ടി ഫണ്ടുകള്‍ വഴി കിഫ്ബിക്ക് 25000 കോടി സമാഹരിക്കാന്‍ കഴിയില്ല.  പദ്ധതികള്‍ നിരവധി നിരത്തുമ്പോഴും ആവശ്യമായ പണം പൂര്‍ണമായി എവിടെ നിന്ന് കണ്ടത്തെും എന്നത് സംബന്ധിച്ച് ഒരു വ്യക്തതയും ബജറ്റില്‍ ഉണ്ടായിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷ്യബോധമില്ലാത്തതും നിരാശാജനകവുമായ ബജറ്റ് 
എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ ആദ്യ ബജറ്റ് ലക്ഷ്യബോധമില്ലാത്തതും നിരാശജനകവുമാണെന്ന്  മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.എ.വി. അബൂബക്കര്‍ അഭിപ്രായപ്പെട്ടു. 
കേരള ചരിത്രത്തിലാദ്യമായിട്ടാണ് നിയമസഭയുടെ മേശപ്പുറത്ത് വെക്കും മുമ്പ് ബജറ്റ് ചോര്‍ന്നത്. ഇതിലൂടെ കെടുകാര്യസ്ഥതയില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും ബജറ്റില്‍ നിര്‍ദേശമില്ല. 
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഭക്ഷ്യ വകുപ്പിന് ആവശ്യമായ ഫണ്ട് ബജറ്റില്‍ വകയിരുത്താതെ സി.പി.എം ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐയോടുള്ള പക തീര്‍ത്തതാണോയെന്ന സംശയമുണ്ടെന്നും അബൂബക്കര്‍ അഭിപ്രായപ്പെട്ടു. 

പ്രവാസികളെ ചൂഷണം ചെയ്യുന്നത് 
പ്രവാസികള്‍ക്കായി ക്ഷേമപദ്ധതികള്‍ ആവിഷ്കരിക്കാതെ അവരുടെ പണം ചൂഷണം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണ് ബജറ്റെന്ന് ഒ.ഐ.സി.സി അന്തര്‍ ദേശീയ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ശങ്കരപിള്ള കുമ്പളത്ത് പറഞ്ഞു. കിഫ്ബിക്ക് പണം കണ്ടത്തൊനായി പ്രവാസികളുടെ കണ്ണില്‍ പൊടിയിടുന്ന പദ്ധതികളാണ് പലതും. പ്രവാസികളുടെ പണം മാത്രം മതി എന്ന തരത്തിലാണ് കാര്യങ്ങള്‍. വിദേശത്തുനിന്ന് മടങ്ങി എത്തുന്നവര്‍ക്കായി പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന ഉറപ്പും ലംഘിക്കപ്പെട്ടു. ഗള്‍ഫ് സന്ദര്‍ശന വേളയില്‍  പ്രവാസികള്‍ക്കായി പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് പിണറായി പറഞ്ഞതൊക്കെ ഇപ്പോള്‍ മറന്നുവെന്നതാണ് ബജറ്റ് വ്യക്തമാക്കുന്നത്. 

നിക്ഷേപ പദ്ധതിയില്‍ കൂടുതല്‍ വ്യക്തത വേണം
പ്രവാസികളുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചത് ഏറെ സന്തോഷം പകരുന്നതാണെന്ന് റുവിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന തൃശൂര്‍ സ്വദേശി അനീഷ് പറഞ്ഞു. എന്നാല്‍, പ്രവാസി ചിട്ടി പദ്ധതിയുടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണ്. 
അടക്കുന്ന പണത്തിന്‍െറ ഗ്യാരണ്ടിയും ഇത് അടക്കുന്ന രീതിയുമൊക്കെ വ്യക്തമാവേണ്ടതുണ്ട്. അടക്കുന്ന പണത്തിന്‍െറ ലാഭവിഹിതം എങ്ങനെയാണ് ലഭിക്കുകയെന്നും ഇവ എപ്പോള്‍ തിരിച്ചുലഭിക്കുമെന്നും അടക്കമുള്ള നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. പൊതുവെ ചിട്ടിക്കമ്പനികള്‍ തട്ടിപ്പിന്‍െറ കേന്ദ്രമായതിനാലാണ് ഇത്തരം സംശയങ്ങള്‍ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 

Tags:    
News Summary - kerala budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.