‘കണ്ണൂർ കണക്ട്’ കൂട്ടായ്മയിലെ അംഗങ്ങൾ
മസ്കത്ത്: കണ്ണൂർ സ്വദേശികളുടെ കൂട്ടായ്മയായ ‘കണ്ണൂർ കണക്ടി’ന്റെ ആദ്യ കലാസാംസ്കാരിക പരിപാടി ഇന്ന് അൽ ഫലാജ് ഹോട്ടലിൽ നടക്കും. കണ്ണൂർ ജില്ലയുടെ വ്യതിരിക്തമായ സവിശേഷതകളെക്കുറിച്ച് ആഴത്തിൽ പഠനം നടത്തി റോജിത്തിന്റെ രചനയിൽ സിനിമാ നാടക പ്രവർത്തകൻ മഞ്ജുളന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കണ്ണായ കണ്ണൂർ’ എന്ന ദൃശ്യ ശ്രാവ്യ വിരുന്നായിരിക്കും പരിപാടിയുടെ ഹൈലൈറ്റ്. ഇന്ത്യൻ അംബാസഡർ ജി.വി ശ്രീനിവാസ് ആണ് മുഖ്യാഥിതി. ഡബ്ല്യു.എച്ച്.ഒയുടെ കൺട്രി ഹെഡും കോവിഡ് സമയത്ത് നിസ്തുലമായ സേവനവും നടത്തിയ ഡോക്ടർ അഷീൽ ആണ് വീശിഷ്ടാതിഥിയായും പങ്കെടുക്കും.
പരിപാടിയോടനുബന്ധിച്ച് മൂന്ന് കണ്ണൂർ സ്വദേശികളെ ആദരിക്കും. മാധ്യമ, സിനിമ പ്രവർത്തകനായ കബീർ യൂസുഫ്, പത്താം തരം പരീക്ഷയിൽ ഒമാൻ ടോപ്പർ ആയ സീബ് ഇന്ത്യൻ സ്കൂളിലെ സംഹിത സുനിൽ, അയൺമാൻ മത്സരം പൂർത്തിയാക്കിയ ബിനീഷ് എന്നിവരെയാണ് ആദരിക്കുന്നത്.
ഒരു സംഘടന രൂപവത്കരിക്കണമെന്ന ഉദ്ദേശത്തിലല്ല കണ്ണൂർ കണക്ട് ജനിച്ചതെന്നും ഒമാനിലും നാട്ടിലും സഹായമാവശ്യപ്പെട്ടു നിരവധി ആളുകൾ പലരേയും സമീപിക്കുന്ന പശ്ചാത്തലത്തിലാണ് കണ്ണൂർകാരുടെ ഒരു സംഘടന എന്ന ആശയമുണ്ടായതെന്നു രേഖാ പ്രേം പറഞ്ഞു. വീൽചെയർ , രക്ത ദാനം, ഭവന നിർമാണം, വിദ്യാഭ്യാസസഹായം എന്നിവ നൽകാൻ സംഘടനക്ക് കഴിഞ്ഞതായി സംഘടക സമിതി അംഗങ്ങളായ സിബി ചാക്കോ, പ്രേമംരാജ്, ഹബിൻ കെ. ഹരി, ക്രിസ്റ്റി ആന്റണി, സായൂജ്, ജൈജേഷ്, അർഷാദ് എന്നിവർ പറഞ്ഞു.മറ്റു ജിസിസി രാജ്യങ്ങളിലും സമാന ചിന്താഗതിക്കാരായ ആളുകൾ കണ്ണൂർ കണക്ട് എന്ന പേരിൽ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.