ജബൽ അഖ്ദർ ഫെസ്റ്റിവൽ സെലിബ്രേഷൻസ് സ്ക്വയറിൽ തുടങ്ങിയപ്പോൾ
ജബൽ അഖ്ദർ: ഒരുമാസം നീളുന്ന ജബൽ അഖ്ദർ ഫെസ്റ്റിവലിന് സെലിബ്രേഷൻസ് സ്ക്വയറിൽ തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ദേശീയ ആഘോഷ കമ്മിറ്റി സെക്രട്ടറി ജനറൽ ശൈഖ് സബ ബിൻ ഹംദാൻ അൽ സാദിയുടെ രക്ഷാകർതൃത്വത്തിൽ നടന്നു. ഉദ്യോഗസ്ഥർ, സ്വകാര്യമേഖല പ്രതിനിധികൾ, സിവിൽ സൊസൈറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനചടങ്ങിൽ പരമ്പരാഗത കലാപ്രദർശനങ്ങൾക്കും നാടോടിസംഗീത പ്രകടനങ്ങൾക്കും പുറമെ പർവത പശ്ചാത്തലത്തിൽ ഡ്രോൺ, ലേസർ ഷോകളും നടന്നു.ആഭ്യന്തര വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുന്നതിനും ജബൽ അഖ്ദറിന്റെ പ്രകൃതി, സാംസ്കാരിക ആസ്തികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ഈ ഉത്സവം ആഗസ്റ്റ് 30 വരെ നീളും. എല്ലാ പ്രായക്കാർക്കുമുള്ള സാംസ്കാരിക പ്രകടനങ്ങൾ, കായിക മത്സരങ്ങൾ, വിനോദ പരിപാടികൾ എന്നിവ ഉൾപ്പെടുന്നു.
പ്രകൃതിവിഭവങ്ങളിലെ നിക്ഷേപത്തെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണവുമായി യോജിപ്പിച്ച് സുസ്ഥിര വിനോദസഞ്ചാരത്തെ ഫെസ്റ്റിവൽ പിന്തുണക്കുന്നുണ്ടെന്ന് ദാഖിലിയ ഗവർണർ ശൈഖ് ഹിലാൽ ബിൻ സഈദ് അൽ ഹജ്രി പറഞ്ഞു. ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യങ്ങളെ ഈ ഫെസ്റ്റിവൽ പ്രതിഫലിപ്പിക്കുകയും ദേശീയ ടൂറിസം ഭൂപടത്തിൽ ഗവർണറേറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
65 ചെറുകിട, ഇടത്തരം സംരംഭങ്ങൾ പങ്കെടുക്കുന്നുണ്ടെന്നും 10 പ്രാദേശിക കർഷകർ കാർഷിക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെസ്റ്റിവൽ പ്രാദേശിക യുവാക്കൾക്ക് സംഘടനാപരവും പിന്തുണാപരവുമായ റോളുകളിൽ 60 താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.ഫെസ്റ്റിവൽ ഗ്രൗണ്ടിൽ കുട്ടികൾക്കും യുവാക്കൾക്കും വേണ്ടിയുള്ള പ്രത്യേക സ്ഥലങ്ങൾ, പ്രകടനങ്ങൾക്കായി തിയറ്റർ, അമ്യൂസ്മെന്റ് റൈഡുകൾ, ഭക്ഷണശാലകൾ എന്നിവ ഉൾപ്പെടുന്നു. ഫോക് ലോർ ഗ്രൂപ്പുകൾ, ലംബോർഗിനി ക്ലബ്, വാണ്ടർഡ്രൈവ് സ്പോർട്സ് കാർ ടീം എന്നിവയും പങ്കെടുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.