കേരളത്തിലെ ഗ്രാമങ്ങളുടെയും ചെറുപട്ടണങ്ങളുടെയും സംസ്കാരവും സഹജീവിതത്തിന്റെയും അടിത്തറയാണ് പഞ്ചായത്തുകൾ. ഒരു പ്രദേശത്തിന്റെ നന്മയും വളർച്ചയും ഏറ്റവും അടുത്തു സ്പർശിക്കുന്ന ഭരണഘടന ഇവയാണ്. തദ്ദേശ തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ജനാധിപത്യത്തിന്റെ ഏറ്റവും അടുപ്പത്തിലുള്ള മുഖം നമ്മോട് സംസാരിക്കുന്നതും ഇതിലൂടെ തന്നെയാണ്. എന്നാൽ കാലം മാറിയതോടെ വോട്ടർമാരുടെ മനോഭാവത്തിലും സ്ഥാനാർഥികളുടെ സ്വഭാവത്തിലും രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുകളിലും വലിയ മാറ്റങ്ങൾ സംഭവിച്ചുവെന്നത് ഹൃദയം നൊന്ത് സമ്മതിക്കേണ്ട യാഥാർഥ്യമാണ്.
ഒരിക്കൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ നാടിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. പാർട്ടി ചിഹ്നങ്ങൾക്കുമപ്പുറം ജനങ്ങൾ നോക്കിയിരുന്നത് മനുഷ്യനെയാണ്- അയാളുടെ പെരുമാറ്റം, മാന്യത, നാടിനോടുള്ള കരുതൽ, എല്ലാവരോടുമുള്ള സൗഹൃദം. ഒരു വീട്ടിൽ പ്രശ്നമുണ്ടായാൽ ഓടി എത്തുന്ന മനുഷ്യനെയായിരുന്നു ജനങ്ങൾ തെരഞ്ഞെടുത്തിരുന്നത്. വോട്ട് ഒരു കടമയും അതോടൊപ്പം ഒരു ബന്ധവുമായിരുന്നു - അയൽക്കാരനോടുള്ള, സമൂഹത്തോടുള്ള, നാടിനോടുള്ള ഒരു ബന്ധം.
എന്നാൽ ഇന്നത്തെ കാലം അത്ര സുഖകരമല്ല. കക്ഷി രാഷ്ട്രീയത്തിന്റെ കടുത്ത ഇടപെടലുകളും വർഗീയതയുടെ നോട്ടങ്ങളും സമൂഹമാധ്യമങ്ങളുടെ ചുരുൾക്കെട്ടുകളും ചേർന്ന് വോട്ടർമാരുടെ മനസ്സിനെ പലതും വഴിതെറ്റിക്കുന്നു. ഒരുമിച്ച് നിൽക്കേണ്ടവരെ ഇന്ന് പാർട്ടി ചിഹ്നങ്ങൾ വേർതിരിക്കുന്നുവെന്നത് വേദനാജനകമാണ്. ഒരു വോട്ട് ഒരു മതിലായി മാറുകയും, അഭിപ്രായ വ്യത്യാസം ഒരു ശത്രുതയായി വളരുകയും കുടുംബങ്ങൾക്കിടയിൽപോലും അകലം സൃഷ്ടിക്കുകയും ചെയ്യുന്നു. മനുഷ്യബന്ധങ്ങളാണ് ശ്രദ്ധിക്കപ്പെടാതെ പോവുന്നത്; ഇവിടെ രാഷ്ട്രീയ ചിഹ്നങ്ങളാണ് സംസാരിക്കുന്നത്.
അതേസമയം, രാഷ്ട്രീയ പാർട്ടികൾ വേണ്ടതല്ല എന്ന് പറയുന്നത് ജനാധിപത്യത്തോടുള്ള അവഗണനയായി തീരുന്നു. പാർട്ടികൾ സമൂഹത്തെ നയിക്കുന്ന ബുദ്ധിപ്രവാഹങ്ങൾ ആണ്; ആശയങ്ങളും നയങ്ങളും ചർച്ച ചെയ്യാനുള്ള വേദികളുമാണ്.
പക്ഷേ, അതിനോടൊപ്പം ഒരു മഹത്തായ ഉത്തരവാദിത്തവും രാഷ്ട്രീയ പാർട്ടികൾക്കുണ്ട്- പഞ്ചായത്തുകളിലേക്ക് സ്ഥാനാർഥികളെ തിരഞ്ഞെടുക്കുമ്പോൾ ആ പ്രദേശത്തെ മാന്യനും വിശ്വാസ്യതയുള്ളവനുമായ, നാട്ടുകാരുടെ ദുഃഖദുരിതങ്ങൾ മനസ്സിലാക്കാൻ കഴിവുള്ളവനുമായ ആളുകളെയാണ് മുന്നോട്ട് കൊണ്ടുവരേണ്ടത്.
പാർട്ടിയുടെ ശക്തി വളരണമെങ്കിൽ ആദ്യം വളരേണ്ടത് മനുഷ്യരുടെ വിശ്വാസമാണ്. അത് നേടുന്നത് മികച്ച സ്ഥാനാർഥിയെ കണ്ടെത്തലിലൂടെയാണ്. ഈ ഉത്തരവാദിത്തം മനസ്സോടെ നിറവേറ്റുമ്പോഴാണ്. അങ്ങനെയെങ്കിൽ പാർട്ടി വളരുന്നതോടൊപ്പം നാടും വളർന്നുകൊണ്ടിരിക്കും.
വോട്ടർമാർക്കും തിരിച്ചറിവ് ആവശ്യമാണ്. പാർട്ടിയെ പിന്തുണക്കുന്നത് തെറ്റല്ല; പക്ഷേ വ്യക്തിയെ തിരിച്ചറിയാതെ, ആശയമില്ലാതെ, നാടിന്റെ ആവശ്യങ്ങൾ മനസ്സിലാക്കാതെ വോട്ടിടുന്നത് ഒരു പ്രദേശത്തിന്റെ വളർച്ചയെ തടയുന്ന ഒരു അപകടമാണ്. ഒരു വോട്ട് ഒരു വ്യക്തിയുടെ നേട്ടമല്ല; ഒരു സമൂഹത്തിന്റെ ഭാവിക്കുള്ള ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തത്തിൽ ഓരോ വോട്ടറും വിചാരത്തോടെ, മനസ്സിന്റെ ശുദ്ധിയോടെ, നാടിന്റെ ഹിതം മുൻനിർത്തി തീരുമാനമെടുക്കേണ്ടതാണ്. ചരിത്രം തിരുത്തുകയും, വർഗീയത മാത്രം പുലമ്പി കൈയടി വാങ്ങിക്കൂട്ടി മനുഷ്യരെ തമ്മിൽ തല്ലിപ്പിക്കുന്ന വിഘടനവാദികളെ അകറ്റിനിർത്തേണ്ടതിന്റെ ആവശ്യകത ഈ സമയത്ത് വളരെ ഇരുത്തി ചിന്തിക്കേണ്ടതാണ്.
പഞ്ചായത്ത് എന്ന ആശയം ജനങ്ങൾക്ക് തൊട്ടറിയാവുന്ന സേവനമാണ്. ശുദ്ധജലം, റോഡുകൾ, ശുചിത്വം, സേവനങ്ങൾ, വികസന പദ്ധതികൾ, മുതിർന്നവർക്കും ദുരിതാശ്വാസം ആവശ്യമായവർക്കും ലഭിക്കുന്ന സഹായങ്ങൾ ഇവയെല്ലാം പഞ്ചായത്തിന്റെ കൈകളിലൂടെയാണ് എത്തുന്നത്. ഇങ്ങനെ ഗ്രാമത്തിന്റെ നാളെയെ നിർണയിക്കുന്ന സ്ഥാനങ്ങളിലേക്ക് മനുഷ്യബന്ധം തകർക്കുന്നവരെയല്ല, മനുഷ്യന്റെ കണ്ണീരൊപ്പാൻ തയാറുള്ളവരെയായിരിക്കണം ഉയർത്തിക്കൊണ്ടുവരേണ്ടത്.
സമൂഹ നന്മക്കല്ലാതെ രാഷ്ട്രീയത്തിനായി മനുഷ്യനെ അപകടത്തിലാക്കുന്ന കാലത്താണ് ഇന്ന് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ മനുഷ്യകേന്ദ്രിതമായ വോട്ടിങ് സംസ്കാരവും, രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തപരമായ സ്ഥാനാർഥി തെരഞ്ഞെടുപ്പും, വോട്ടർമാരുടെ വിവേചനബോധമുള്ള സമീപനവും ഇവകൾ കൂടിയാലേ ഗ്രാമങ്ങൾ വീണ്ടും ഉയരൂ.
പഞ്ചായത്തുകളിലെ ഓരോ നല്ല പ്രവർത്തനവും നാടിന്റെ ശ്വാസകോശം പുതുക്കുന്ന ഒരു ശുദ്ധവായുവായിത്തീരട്ടെ.
ജനാധിപത്യത്തിന്റെ ശക്തി വോട്ടർമാരുടെ കരങ്ങളിലാണ്. ഒരാൾ ഒരു നല്ല സ്ഥാനാർഥിയെ വിജയിപ്പിക്കുമ്പോൾ, അദ്ദേഹം സ്വന്തം ഗ്രാമത്തിന്റെ ഭാവിയെ തന്നെ പ്രകാശത്തിലേക്ക് നയിക്കുന്നു. നാടിന്റെ ഗുണത്തിനായി ഒരുമിച്ചു ചിന്തിക്കുകയും, മനസ്സിന്റെ ശുദ്ധിയോടെ വോട്ട് ചെയ്യുകയും ചെയ്യുമ്പോഴാണ് പഞ്ചായത്തുകൾ വീണ്ടും ജനക്ഷേമത്തിന്റെ പാതയിൽ ചുവടുമാറുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.