ദോഹയിൽ നടന്ന അസാധാരണ അറബ്-ഇസ്‍ലാമിക് ഉച്ചകോടിയിൽ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്
മസ്കത്ത്: ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണം മേഖല നേരിടുന്ന ഗുരുതര വെല്ലുവിളികളെ അടിവരയിടുന്നതാണെന്ന് പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്. ദോഹയിൽ നടന്ന അസാധാരണ അറബ്-ഇസ്‍ലാമിക് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദേഹം.
ഇത് അന്താരാഷ്ട്ര നിയമം, നിയമസാധുത, നിരപരാധികളുടെ രക്തത്തിന്റെ പവിത്രത എന്നിവ അവഗണിക്കുന്ന ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിലേക്ക് വിരൽ ചൂണ്ടുന്നതാണെന്നും അദേഹം പഞ്ഞു.
ഫലസ്തീനിലെ മധ്യസ്ഥതക്കും സമാധാനശ്രമങ്ങൾക്കും പേരുകേട്ട ഖത്തറിനെ ലക്ഷ്യം വെക്കുന്നത് നീതിയുക്തവും സമഗ്രവുമായ സമാധാനത്തിനായുള്ള കൂട്ടായ പരിശ്രമത്തെ ദുർബലപ്പെടുത്തും. ഈ ഹീനമായ ആക്രമണത്തെ ഒമാൻ ശക്തമായി അപലപിക്കുകയും ഖത്തർ രാഷ്ട്രത്തോടും, അതിന്റെ നേതൃത്വത്തോടും, സർക്കാറിനോടും, ജനങ്ങളോടും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.
ഖത്തറിന്റെ സുരക്ഷ മുഴുവൻ ഗൾഫിന്റെയും അറബ്, ഇസ്‍ലാമിക രാജ്യങ്ങളുടെ സുരക്ഷക്ക് അഭിവാജ്യമാണ്. അപലപനം മാത്രം പോരെന്ന് അടിവരയിട്ട് പറഞ്ഞ അദ്ദേഹം, അറബ്, ഇസ്‍ലാമിക രാഷ്ട്രങ്ങൾ നിയമപരവും നയതന്ത്രപരവുമായ മേഖലകളിൽ ‘പ്രായോഗികമായ നടപടികൾ’ സ്വീകരിക്കണമെന്നും സയ്യിദ് ശിഹാബ് ആവശ്യപ്പെട്ടു.
നമ്മൾ ഐക്യരാഷ്ട്രസഭ, സുരക്ഷ കൗൺസിൽ, ജനറൽ അസംബ്ലി എന്നിവക്കുള്ളിൽ പ്രവർത്തിക്കണം, കൂടാതെ ഇസ്രായേലിനെ അതിന്റെ കുറ്റകൃത്യങ്ങൾക്കും ലംഘനങ്ങൾക്കും ഉത്തരവാദിയാക്കാൻ അന്താരാഷ്ട്ര നിയമവശങ്ങൾ ഉപയോഗിക്കണം. അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയായ ഈ അപകടകരമായ പാത തടയാൻ ഒരുമിച്ച് പ്രവർത്തിക്കണം.
അറബ്, ഇസ്‍ലാമിക രാഷ്ട്രം ഐക്യത്തോടെ നിലകൊള്ളുകയാണെങ്കിൽ വെല്ലുവിളികളെ നേരിടാൻ പ്രാപ്തമാണെന്ന് സ്ഥിരീകരിക്കുന്നതിനാണ് ഈ യോഗം നടക്കുന്നത്. ജനങ്ങളുടെ ഭാവി സംരക്ഷിക്കുന്നതിനും നമ്മുടെ മാതൃരാജ്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഏറ്റവും നല്ല മാർഗം അണികളുടെ ഐക്യമാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.അന്താരാഷ്ട്ര സമൂഹത്തിന്റെ നിശബ്ദത ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.