സലാലയിലെ അൽ മാമൂറ കൊട്ടാരത്തിൽ നടന്ന മന്ത്രിസഭ കൗൺസിൽ യോഗം

ഇസ്രായേൽ ആക്രമണം; ഖത്തറിന് അചഞ്ചല പിന്തുണയുമായി ഒമാൻ മന്ത്രിസഭ കൗൺസിൽ

സലാല: ഇസ്രായേൽ നടത്തിയ ആക്രമണ സംഭവങ്ങളിൽ ഖത്തറിന് അചഞ്ചലമായ പിന്തുണ അറിയിച്ച് ഒമാൻ മന്ത്രിസഭ കൗൺസിൽ. സലാലയിലെ അൽ മാമൂറ കൊട്ടാരത്തിൽ നടന്ന മന്ത്രിമാരുടെ യോഗത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉയർത്തിപ്പിടിക്കുന്നതിനുള്ള ഒമാന്റെ സ്ഥിരമായ നയത്തിന് അടിവരയിടുന്ന അടിസ്ഥാനതത്വങ്ങൾ മന്ത്രിമാരുടെ കൗൺസിൽ ആവർത്തിച്ചു.

ദോഹയിൽ നടന്ന അടിയന്തര അറബ്-ഇസ്‍ലാമിക് ഉച്ചകോടിയുടെ ഫലങ്ങളെയും അംഗീകരിച്ച പ്രമേയങ്ങളെയും മന്ത്രിമാർ പ്രശംസിച്ചു. ഖത്തറനെതിരായ ഇസ്രായേൽ ആക്രമണം ദേശീയ പരമാധികാരവും സ്ഥാപിതമായ അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്നതാണ്. ഖത്തർ സ്വീകരിച്ച എല്ലാ നടപടികളെ അംഗീകരിക്കുകയാ​ണെന്നും കൗൺസിൽ പറഞ്ഞു.

 സുൽത്താൻ ഹൈതം ബിൻ താരിഖ്

ഗസ്സ മുനമ്പിനെതിരായ തുടർച്ചയായ ആക്രമണത്തെ അപലപിച്ച കൗൺസിൽ, നിരപരാധികളായ സാധാരണക്കാർ, മെഡിക്കൽ, ദുരിതാശ്വാസ പ്രവർത്തകർ, പത്രപ്രവർത്തകർ, മുനമ്പിലെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ ലക്ഷ്യംവെവച്ചുള്ള നിരന്തരമായ ആക്രമണത്തെ നിരിസിക്കുകയണെന്നും വ്യക്തമാക്കി.

ഇത്തരം നടപടികൾ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമസാധുതയെക്കുറിച്ചുള്ള പ്രമേയങ്ങളുടെയും, അടിസ്ഥാന മാനുഷിക തത്വങ്ങളുടെയും ഗുരുതരമായ ലംഘനങ്ങളാണ്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുൾപ്പടെ സമാധാനം കൈവരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ സമാധാന സംരംഭങ്ങളെയും ഇത്തരം പ്രവൃത്തികൾ ദുർബലപ്പെടുത്തമെന്നും മന്ത്രിസഭ കൗൺസിൽ പറഞ്ഞു. നിരവധി വികസന പ്രവർത്തനങ്ങളും ചർച്ചചെയ്തു.

സ്വകാര്യ മേഖലയിലെ തൊഴിൽ സംരംഭങ്ങളെ പിന്തുണക്കന്നതിനായി അനുവദിച്ചിരിക്കുന്ന ഫണ്ട് ഇരട്ടിയാക്കാൻ സുൽത്താൻ ഹൈതം ബിൻ താരിക് നിർദ്ദേശിച്ചു. ഇത് ഒമാനി തൊഴിലന്വേഷകരെ ശാക്തീകരിക്കുന്നതിനും തൊഴിൽ ശക്തി പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ അടിവരയിടുന്നു. തൊഴിൽ സഹായ പദ്ധതികൾ, പ്രത്യേകിച്ച് വേതന സഹായ സംരംഭം എന്നിവക്കുള്ള ബജറ്റ് 100 ദശലക്ഷം റിയാലായി ഉയർത്താൻ ഉത്തരവിട്ടു.

ദേശീയ തൊഴിൽ പ്ലാറ്റ്‌ഫോമായ ‘തൗതീൻ’ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ ഊന്നിപ്പറഞ്ഞു. പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികളുടെ എണ്ണം വർധധിപ്പിക്കേണ്ടതിന്റെയും അനുബന്ധ ഡാറ്റാബേസുകളുടെ സംയോജനം പൂർത്തിയാക്കേണ്ടതിന്റെയും ആവശ്യകതയും ചൂണ്ടികാട്ടി.

സാമൂഹിക വികസന മന്ത്രാലയത്തിനുള്ളിൽ ഭിന്നശേഷികാർർക്ക് പുതിയ മേഖല സൃഷ്ടിക്കാൻ സുൽത്താൻ നിർദ്ദേശം നൽകി. ഭിന്നശേഷിക്കാരുടെ പരിചരണവും പിന്തുണയും മെച്ചപ്പെടുത്തുക, അവരുടെ വെല്ലുവിളികൾ നേരിടുക, സമൂഹത്തിൽ അവരുടെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും മേൽനോട്ടം പുതുതായി സൃഷ്ടിക്കപ്പെട്ട മേഖല വഹിക്കും.

ഭിന്നശേഷിക്കരെ ശാക്തീകരിക്കുക, രാഷ്ട്രനിർമ്മാണത്തിൽ അവരുടെ പങ്ക് ശക്തിപ്പെടുത്തുക, സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലുടനീളം അവരുടെ സംയോജനം സാധ്യമാക്കുക എന്നിവയിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും. ഡിജിറ്റൽ പരിവർത്തന നേട്ടങ്ങളും മന്ത്രിമാരുടെ കൗൺസിൽ അവലോകനം ചെയ്തു. 74 ശതമാനം സേവനങ്ങളും ഡിജിറ്റലൈസ് ചെയ്തു. എ.ഐ സൂചികയിൽ ഒമാൻ ആഗോളതലത്തിൽ 45-ാം സ്ഥാനത്താണ്. മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും അഞ്ചാം സ്ഥാനത്തും എത്തി. ഗവൺമെന്റ് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ പ്രോഗ്രാമിന്റെ (2021–2025) പുരോഗതിയും അവലോകനം ചെയ്തു.

ഏകീകൃത ദേശീയ സേവന പോർട്ടലിന്റെ സമാരംഭം, പൗരന്മാർക്കും ബിസിനസുകൾക്കും സർക്കാർ സേവനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കൽ എന്നിവയാണ് പ്രോഗ്രാമിന്റെ ശ്രദ്ധേയമായ നേട്ടങ്ങളിൽ ഒന്ന്. ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, കാര്യക്ഷമത, നവീകരണം, മത്സരശേഷി എന്നിവ വർധിപ്പിക്കുന്നതിനുള്ള ഒമാന്റെ പ്രതിബദ്ധതയെ ഈ നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്നുവെന്ന് കൗൺസിൽ ഊന്നിപ്പറഞ്ഞു.

Tags:    
News Summary - Israeli attack; Oman's cabinet council expresses unwavering support for Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.