ഇന്ത്യൻ സ്കൂൾ മസ്കത്ത് സുവർണ ജൂബിലി ആഘോഷ ഭാഗമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മസ്കത്ത്: ഇന്ത്യൻ സ്കൂൾ മസ്കത്ത് ‘ISM@50’ സുവർണ ജൂബിലി ആഘോഷ ഭാഗമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് സർവിസ് ഒമാനുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിക്ക് രക്ഷകർത്താക്കൾ, സ്കൂൾ ജീവനക്കാർ, അഭ്യുദയകാംക്ഷികൾ എന്നിവരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
അഞ്ച് പതിറ്റാണ്ടുകൾ നീണ്ട വിദ്യാഭ്യാസ മികവിന്റെ സ്മരണാർഥം ഒരുക്കിയ ക്യാമ്പ് വിദ്യാലയത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ശക്തമായ പ്രതിഫലനമായി. ക്യാമ്പിൽ അധ്യാപകരും മറ്റു ജീവനക്കാരും രക്ഷകർത്താക്കളും സമൂഹത്തിലെ വിശിഷ്ടാംഗങ്ങളും പങ്കെടുത്തു.
ബ്ലഡ് സർവിസ് ഒമാന്റെ സന്നദ്ധപ്രവർത്തകരുടെ മേൽനോട്ടത്തിൽ ക്യാമ്പ് വളരെ കാര്യക്ഷമമായി നടന്നു. ഒമാൻ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം, ബോർഡ് വൈസ് ചെയർമാൻ സയ്യിദ് സൽമാൻ എന്നിവർ ക്യാമ്പ് സന്ദർശിച്ച് സ്കൂളിന്റെ മഹത്തായ ഉദ്യമനത്തെ അഭിനന്ദിച്ചു. ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷെറി ജോണി സംഘാടകരെ അഭിനന്ദിക്കുകയും സാമൂഹിക പ്രതിബദ്ധത പ്രോത്സാഹിപ്പിക്കുന്നതിൽ ഇത്തരം സംരംഭങ്ങളുടെ പ്രാധാന്യത്തെ എടുത്തുപറയുകയും ചെയ്തു.
സ്കൂൾ പ്രിൻസിപ്പാൾ രാകേഷ് ജോഷി, രക്തദാനത്തിന്റെ ജീവൻ രക്ഷാപ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ക്ലാസ് മുറിക്കപ്പുറം സമൂഹവുമായി മികച്ച സ്വാധീനം ചെലുത്താനുള്ള സ്കൂളിന്റെ അർപ്പണബോധത്തിന്റെ ഓർമപ്പെടുത്തലായി രക്തദാന ക്യാമ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.