വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ആൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി ഡോ. സയ്യിദ് അബ്ബാസ് അറാഖ്ചിയും സംയുക്തമായാണ് സ്റ്റാമ്പ് പുറത്തിറക്കിയപ്പോൾ
മസ്കത്ത്: ഇറാൻ പ്രസിഡന്റിന്റെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി സ്മാരക തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ഒമാനും ഇറാനും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധങ്ങളെയും നല്ല അയൽപക്കം, സഹകരണം, സൃഷ്ടിപരമായ ഇടപെടൽ, ജനങ്ങൾ തമ്മിലുള്ള നാഗരിക കൈമാറ്റം എന്നീ തത്വങ്ങളോടുള്ള പ്രതിബദ്ധത പ്രതീകപ്പെടുത്തുന്നതാണ് സ്റ്റാമ്പ്.
വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ആൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി ഡോ. സയ്യിദ് അബ്ബാസ് അരക്ചിയും സംയുക്തമായാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധങ്ങളെ ഈ സ്റ്റാമ്പ് ഉൾക്കൊള്ളുന്നുവെന്ന് ഒമാൻ പോസ്റ്റിലെ പോസ്റ്റ് മാസ്റ്റർ സയ്യിദ് നാസർ ബിൻ ബദർ ആൽ ബുസൈദി പറഞ്ഞു.
സാംസ്കാരിക നയതന്ത്രം ശക്തിപ്പെടുത്തുന്നതിനും, അയൽപക്ക ബന്ധങ്ങൾ വളർത്തുന്നതിനും, ജനങ്ങൾ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പരസ്പര സമർപ്പണത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
സ്റ്റാമ്പിൽ ഇരു രാജ്യങ്ങളുടെയും വാസ്തുവിദ്യ, സാംസ്കാരിക ചിഹ്നങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒമാനി ഇസ്‍ലാമിക വാസ്തുവിദ്യയുടെ ഒരു പ്രതീകമായ മസ്കത്തിലെ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക് ആണ് സ്റ്റാമ്പിന്റെ ഒരുഭാഗത്ത്. ഈന്തപ്പനകളുടെ പശ്ചാതലത്തിലാണ് മസ്ജിദ്. ഇത് പ്രതിരോധശേഷിയെയും ഒമാന്റെ സമ്പന്നമായ കാർഷിക പൈതൃകത്തിന്റെയും പ്രതീകമാണ്.
സ്റ്റാമ്പിന്റെ മറുവശത്ത്, തെക്കൻ ഇറാനിലെ ബസ്തക്കിലെ ചരിത്രപ്രസിദ്ധമായ ജമാഹ് പള്ളിയാണുള്ളത്. നിത്യതയുടെയും പേർഷ്യൻ ദൃശ്യ സംസ്കാരത്തിന്റെയും പ്രതീകമായ സൈപ്രസ് മരങ്ങളാൽ അത് ചുറ്റപ്പെട്ടിരിക്കുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള കരകൗശല സഹകരണത്തിന്റെ തെളിവായും വൈവിധ്യമാർന്ന സാംസ്കാരിക ബന്ധങ്ങളുടെ പ്രതീകമായും ഇത് പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.