ഇൻസ്റ്റന്റ് കാഷ് ചാമ്പ്യൻസ് ട്രോഫിയിൽ ജേതാക്കളായ യൂണിമണി എക്സ്ചേഞ്ച് ടീം ട്രോഫിയുമായി
മസ്കത്ത്: ഒമാനിലെ അതിവേഗം വളരുന്ന മണി ട്രാൻസ്ഫർ ബ്രാൻഡുകളിലൊന്നായ ഇൻസ്റ്റന്റ് കാഷ് പ്രധാന ഏജന്റ് പങ്കാളികൾക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ യൂണിമണി എക്സ്ചേഞ്ച് ജേതാക്കളായി. അസൈബയിൽ നടന്ന മത്സരത്തിൽ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് റണ്ണേഴ്സ് അപ്പായി. വിജയികൾക്കും റണ്ണേഴ്സ് അപ്പിനും ട്രോഫികളും മെഡലുകളും നൽകി.
ഒമാനിലെ പ്രമുഖ എക്സ്ചേഞ്ച് ഹൗസുകളിൽനിന്നുള്ള ആറു ടീമുകളായിരുന്നു ടൂർണമെന്റിൽ മാറ്റുരച്ചിരുന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാമീപ്യത്തിൽനിന്ന് അകന്നിരിക്കുമ്പോൾ ശാരീരികക്ഷമതയും മാനസികാരോഗ്യവും പരമപ്രധാനമാണെന്ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്ത ഇൻസ്റ്റന്റ് കാഷ് ലോവർ ജി.സി.സി, ബിസിനസ് ഡെവലപ്മെന്റ് സീനിയർ മാനേജർ ബിനോയ് സ്കറിയ പറഞ്ഞു. അതിനാലാണ് ഇത്തരത്തിലുള്ള ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യൂണിമണി എക്സ്ചേഞ്ച്, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, ഹംദാൻ എക്സ്ചേഞ്ച്, ഗ്ലോബൽ മണി എക്സ്ചേഞ്ച്, മുസ്തഫ സുൽത്താൻ എക്സ്ചേഞ്ച്, പുർഷോത്തം കഞ്ചി എക്സ്ചേഞ്ച് തുടങ്ങി നിരവധി എക്സ്ചേഞ്ച് പങ്കാളികളുടെ മുതിർന്ന മാനേജ്മെന്റ് പ്രതിനിധികളും ഇൻസ്റ്റന്റ് കാഷിന്റെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞവർഷം യു.എ.ഇയിൽ ‘ഇൻസ്റ്റന്റ് കാഷ് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ്’ നടത്തിയിരുന്നു. അത് വളരെ വിജയകരമായിരുന്നു. ഇതിൽനിന്ന് വിജയമുൾക്കൊണ്ടാണ് ഈ വർഷം ഒമാനിലും ടൂർണമെന്റ് നടത്തിയതെന്ന് ഇൻസ്റ്റന്റ് കാഷ് മാർക്കറ്റിങ് സീനിയർ മാനേജർ രാഹുൽ കൃഷ്ണകുമാർ പറഞ്ഞു.
ബാങ്കുകളുമായും മറ്റ് ലൈസൻസുള്ള ധനകാര്യ സ്ഥാപനങ്ങളുമായും ചേർന്ന് ഉപയോക്താക്കൾക്ക് വളരെ പെട്ടെന്ന് പണമയക്കാൻ സഹായിക്കുന്ന ഏജൻസിയാണ് ഇൻസ്റ്റന്റ് കാഷ്. എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമാണ് ഇൻസ്റ്റന്റ് കാഷ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.