മസ്‌കത്ത്: ബുറൈമി ഗവർണറേറ്റിലെ പ്രവാസി തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകൾക്കുമേൽ നിരീക്ഷണം ശക്തമാക്കി തൊഴിൽ വകുപ്പ്. തൊഴിൽനിയമങ്ങളും അംഗീകൃത റിക്രൂട്ട്മെന്റ് നടപടികളും പാലിക്കുന്നുണ്ടെന്നത് ഉറപ്പാക്കാൻ കഴിഞ്ഞ മൂന്നു മാസങ്ങളിലായി 58 ഇടങ്ങളിലാണ് ബുറൈമി ഗവർണറേറ്റിലെ തൊഴിൽ വകുപ്പ് അധികൃതർ പരിശോധന നടത്തിയത്. റിക്രൂട്ട്മെന്റ് കരാറുകളുടെ വിശ്വാസ്യതയും അംഗീകൃത മാതൃകകളും തൊഴിൽനിയമവും അനുബന്ധ ചട്ടങ്ങളും പാലിക്കുന്നുണ്ടോ എന്നതുമാണ് പ്രധാനമായും പരിശോധിച്ചത്.
ഇതേ കാലയളവിൽ ചട്ടലംഘനവുമായി ബന്ധപ്പെട്ട 29 കേസുകൾ രേഖപ്പെടുത്തി. തൊഴിൽനിയമവും അനുബന്ധ തീരുമാനങ്ങളും ലംഘിച്ച രണ്ട് കേസുകളിൽ നിയമനടപടിയും സ്വീകരിച്ചു. റിക്രൂട്ട്മെന്റ് ഓഫിസുകൾക്കെതിരെ ലഭിച്ച പരാതികളിൽ സമയബന്ധിതമായി ഇടപെട്ട് പരിഹാരം കാണാനും തൊഴിൽ മന്ത്രാലയം നടപടി സ്വീകരിച്ചു.
നിയന്ത്രണ സംവിധാനം ശക്തിപ്പെടുത്തുക, സേവന ഗുണ നിലവാരം ഉയർത്തുക, നിയമപരമായ ചട്ടക്കൂടിനുള്ളിൽ ഓഫിസുകൾ പ്രവർത്തിക്കുന്നത് ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ പ്രവർത്തനങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിലൂടെ ലംഘനങ്ങൾ കുറക്കുകയും കരാറുകളിൽ സുതാര്യത വർധിപ്പിക്കുകയും തൊഴിൽ വിപണിയിൽ കൂടുതൽ ശാസ്ത്രീയമായ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് ലക്ഷ്യമിടുന്നത്.
പരിശോധനകൾ ശക്തമാക്കിയതോടെ റിക്രൂട്ട്മെന്റ് ഓഫീസുകളിൽ നിയമാനുസൃത സേവനങ്ങൾ മെച്ചപ്പെട്ടതായും പരാതികളിൽ വേഗത്തിലുള്ള ഇടപെടലും കർശനമായ നടപടികളും മൂലം നിയമ ലംഘനങ്ങൾ കുറഞ്ഞതായും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.