ഒമാനിൽ ഇന്ത്യക്കാർ മോചിതരായത് പൊതുമാപ്പിന്‍റെ ഭാഗമായി; ക്രെഡിറ്റ് അവകാശപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരൻ

മസ്കത്ത്: ഒമാനിൽ ഇൗ വർഷത്തെ ദേശീയദിനത്തിന്‍റെ ഭാഗമായി ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് നൽകിയ പൊതുമാപ്പ ിൽ മൂന്നു മലയാളികളുൾപ്പെടെ 26 ഇന്ത്യക്കാർക്ക് മോചനം. മലപ്പുറം സ്വദേശി രമേശന്‍ കിനാത്തെരിപറമ്പിൽ, കൊല്ലം പുനലൂർ സ്വദേശി ഷിജു ഭുവനചന്ദ്രന്‍, വടക്കാഞ്ചേരി സ്വദേശി പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നിവരാണ് മോചനം നേടിയ മലയാളികൾ.

ആന്ധ്ര, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കർണാടക, തെലങ്കാന, ഡല്‍ഹി എന്നിവിടങ്ങളിൽനിന്നുള്ളവരാണ് വിട്ടയക്കപ്പെട്ട മറ്റ് ഇന്ത്യക്കാർ. കൊലപാതകത്തിൽ സഹായിച്ച കുറ്റത്തിന് 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഷിജു ഭുവനചന്ദ്രൻ. ഒമ്പത് വർഷത്തെ തടവും ഷിജു പൂർത്തീകരിച്ചു. രമേശന്‍, പ്രേംനാഥ് പ്രീതേഷ് എന്നിവർ ഒരു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടവരാണ്.

അതേസമയം, തടവുകാർക്ക് നൽകിയ മാപ്പിന്‍റെ ക്രെഡിറ്റ് ഏറ്റെടുത്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കഴിഞ്ഞ ദിവസം രംഗത്തെത്തി. ഒമാന്‍റെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യക്കാരായ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഒമാനോട് ആവശ്യപ്പെട്ടത് പ്രകാരമാണ് നടപടിയെന്ന് കഴിഞ്ഞ ദിവസം മുരളീധരൻ ന്യൂഡൽഹിയിൽ അവകാശപ്പെട്ടു.

എന്നാൽ രണ്ട് പെരുന്നാളുകൾക്കും ഒമാൻ നവോത്ഥാനദിനം, ദേശീയദിനം എന്നീ ആഘോഷ ദിനങ്ങളിലും വിദേശ തടവുകാരടക്കമുള്ളവർക്ക് പൊതുമാപ്പു നൽകുന്ന പതിവ് ഒമാനിലുണ്ട്. ദേശീയ ദിനത്തിന്‍റെ ഭാഗമായി 142 വിദേശികൾ ഉൾപ്പെടെ 332 തടവുകാർക്കാണ് ഇത്തവണ പൊതുമാപ്പ് നൽകിയത്. തടവുശിക്ഷയുടെ ഭൂരിഭാഗവും അനുഭവിച്ച് കഴിഞ്ഞവരാണ് പൊതുവെ ഇത്തരം പട്ടികയിൽ ഉൾപ്പെടാറുള്ളത്.

Tags:    
News Summary - Indians released in Oman as part of amnesty-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.