ഇന്ത്യൻ സോഷ്യൽ ക്ലബ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മസ്കത്ത്: ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ, ഇന്ത്യൻ എംബസിയുമായും ബൗഷറിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ലോക രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബൗശർ ബ്ലഡ് ബാങ്കിൽ നടന്ന ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയും ഒമാനുമായുള്ള 70 വർഷങ്ങളായി തുടരുന്ന നയതന്ത്ര ബന്ധങ്ങളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. രക്തദാനം സാധിക്കുന്ന അവസരങ്ങളിലെല്ലാം നടത്തണമെന്നും അതിലൂടെ സഹജീവികളോടുള്ള സ്നേഹം മാത്രമല്ല സമൂഹത്തോടുള്ള കടമകൂടിയാണ് നിർവഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രക്തദാന മേഖലയിൽ ഇന്ത്യൻ സമൂഹം നൽകുന്ന പിന്തുണക്കും സേവനങ്ങൾക്കും ബ്ലഡ്ബാങ്കിന്റെ ഡോണർ അഫയർസ് സെക്ഷൻ തലവൻ മുഹ്സിൻ അൽ ഷർയാനി നന്ദി ചേർത്തു. ഒമാനിലെ ആരോഗ്യ മേഖലയിൽ ഇന്ത്യൻ സമൂഹം നടത്തുന്ന സേവനങ്ങളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
ഇന്ത്യൻ എംബസി കോൺസുലർ പ്രദീപ് കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ വൈസ് ചെയർമാൻ സുഹൈൽഖാൻ, ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, ട്രഷറർ ഗോവിന്ദ് നേഗി, സ്പോർട്ട്സ് സെക്രട്ടറി മനോജ് റാനഡെ, ജോയിന്റ് കൾച്ചറൽ സെക്രട്ടറി രെഷ്മ ഡിക്കോസ്റ്റ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും ജനസേവന ലക്ഷ്യമുള്ള വിവിധ പ്രവർത്തനങ്ങളും നിരന്തരം സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സമൂഹവും ഒമാനി സമൂഹവും തമ്മിലുള്ള സൗഹൃദ ബന്ധം കൂടുതൽ മികവുറ്റതാക്കുകയും പൊതുസേവന രംഗത്ത് ഇന്ത്യൻ സമൂഹത്തിന്റെ പ്രതിബദ്ധത പ്രകടിപ്പിക്കുകയുമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ഇന്ത്യൻ സോഷ്യൽ ക്ലബ് ലക്ഷ്യമിടുന്നത് എന്ന് ക്യാമ്പിന് നേതൃത്വം കൊടുത്ത സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.