മസ്കത്ത്: മലയാളിയുടെ ഭാവുകത്വത്തെയും കവിതാസങ്കൽപ്പങ്ങളെയും ആഴത്തിൽ സ്വാധീനിച്ച കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കവിതകൾ ഇന്നും സമകാലിക സമൂഹത്തോട് ശക്തമായി സംവദിക്കുന്നുണ്ടെന്ന് സാഹിത്യപ്രഭാഷകൻ ടി.വി. രഞ്ജിത്ത് അഭിപ്രായപ്പെട്ടു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാ വിഭാഗം സംഘടിപ്പിച്ച 2026-ലെ വായനാദിനാചരണത്തിന്റെയും ചങ്ങമ്പുഴ അനുസ്മരണത്തിന്റെയും ഭാഗമായി “ചങ്ങമ്പുഴയിലൂടെ കാലത്തെ വായിക്കുമ്പോൾ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചങ്ങമ്പുഴയെ പ്രണയകവിയെന്ന ഒറ്റവിശേഷണത്തിൽ ഒതുക്കുന്നത് അദ്ദേഹത്തിന്റെ സാഹിത്യത്തെ അപൂർണമായി വായിക്കുന്നതാണെന്ന് രഞ്ജിത്ത് പറഞ്ഞു. കവിയുടെ ജീവിതവും കൃതികളും സാമൂഹിക യാഥാർത്ഥ്യങ്ങളോട് നിരന്തരം സംവദിച്ചിരുന്നുവെന്നും അനീതിക്കും അസമത്വത്തിനുമെതിരായ ശക്തമായ പ്രതിരോധബോധം അവയിൽ നിറഞ്ഞുനിൽക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളാ വിങ് ഓഫീസിൽ നടന്ന ചടങ്ങിൽ കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷത വഹിച്ചു. കോ-കൺവീനർ ജഗദീഷ് കീരി സ്വാഗതം ആശംസിച്ചു. അനുശ്രീ ഗംഗേഷും ബിലാൽ ദാവൂദും ചേർന്ന് ചങ്ങമ്പുഴയുടെ കവിതകൾ ആലപിച്ചത് ചടങ്ങിന് കലാപരമായ മികവ് പകർന്നു. കേരളത്തിൽ വായനയെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച പി.എൻ. പണിക്കരുടെ സ്മരണയാണ് വായനാദിനാചരണത്തിന് ആധാരം. പരിപാടിയിൽ സാഹിത്യപ്രേമികളും കേരളാ വിങ് പ്രവർത്തകരും ഒട്ടേറെ പേർ പങ്കെടുത്തു. സുനിത്ത് തെക്കടവൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.