പ്രവാസ കൈരളി പുരസ്കാരം സാഹിത്യകാരൻ ബെന്യാമിന് മലയാളം വിഭാഗം കൺവീനർ പി. ശ്രീകുമാർ സമ്മാനിക്കുന്നു

ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം രജത ജൂബിലി ആഘോഷം സമാപിച്ചു

മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്‍റെ രജത ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി. ചടങ്ങിൽ സാഹിത്യകാരൻ ബെന്യാമിന് പ്രവാസ കൈരളി പുരസ്കാരം മലയാളം വിഭാഗം കൺവീനർ പി. ശ്രീകുമാർ സമ്മാനിച്ചു. പ്രവാസഭൂമിയിൽനിന്ന് എഴുതിവളർന്ന ആളായതുകൊണ്ട് പ്രവാസലോകത്തുനിന്ന് സാഹിത്യ പുരസ്കാരം ലഭിക്കുക എന്നത് മറ്റേത് പുരസ്കാരത്തെക്കാളും മനോഹരമാണെന്ന് ബെന്യാമിൻ പറഞ്ഞു.

പ്രവാസലോകത്ത് കഥകൾ പറയാൻ ഇനിയും ഇടമുണ്ടെന്നും ഇവിടെ വളർന്നുവരുന്ന പുതിയ തലമുറക്ക് ഇതെല്ലാം ഒരു പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൽഫലാജ് ഗ്രാൻഡ് ഹാളിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ എംബസി കൗൺസിലർ ഇർഷാദ് അഹമ്മദ് മുഖ്യാതിഥിയായി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻപന്തിയിൽ നിൽക്കുന്ന ഒമാനിലെ ജീവകാരുണ്യ സംഘടനയായ അൽ റഹ്മാ ചാരിറ്റബിൾ അസോസിയേഷന് സാമ്പത്തിക സഹായം കൈമാറി.

മലയാള വിഭാഗത്തിന്റെ 25ാം വാർഷിക സുവനീർ ബെന്യാമിൻ ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ സതീഷ് നമ്പ്യാർക്ക് നൽകി പ്രകാശനം ചെയ്തു. കൺവീനർ പി. ശ്രീകുമാർ, അൽറഹ്മാ ചാരിറ്റബിൾ അസോസിയേഷൻ പ്രതിനിധി സൈഫ് സാലിം അൽ അംറി, ഐ.എസ്.സി ചെയർമാൻ ഡോ. സതീഷ് നമ്പ്യാർ, ജനറൽ സെക്രട്ടറി ബാബു രാജേന്ദ്രൻ, സാഹിത്യ വിഭാഗം സെക്രട്ടറി സുനിൽകുമാർ, കൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. മലയാള വിഭാഗത്തിൽ ഏറ്റവും കൂടുതൽ കാലം കൺവീനറായിരുന്ന എബ്രഹാം മാത്യുവിനെ ആദരിച്ചു.

കോ-കൺവീനർ ലേഖ വിനോദ് സ്വാഗതവും ട്രഷറർ അജിത്കുമാർ നന്ദിയും പറഞ്ഞു. അംഗങ്ങളുടെ വിവിധയിനം കലാപരിപാടികളും അരങ്ങേറി. വിവിധ മത്സരങ്ങൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.

Tags:    
News Summary - Indian Social Club Malayalam Section concludes Silver Jubilee Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.