ഇന്ത്യൻ സ്കൂളുകൾ വേനലവധിയിലേക്ക്

മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ വേനലവധിയിലേക്ക്. ജൂൺ ഒമ്പത് മുതലാണ് അവധി ആരംഭിക്കുക. ജൂൺ 16 മുതൽ അവധി ആരംഭിക്കുന്ന സ്കൂളുകളുമുണ്ട്. വേനൽ അവധിക്ക് ശേഷം ആഗസ്റ്റ് ആദ്യവാരത്തിൽ തുറക്കും. കോവിഡ് നിയന്ത്രണം ഒഴിഞ്ഞ ആദ്യ അവധിയായതിനാൽ നിരവധി അധ്യാപകരും വിദ്യാർഥികളും നാട്ടിലേക്ക് മടങ്ങുന്നുണ്ട്. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ മൂന്ന് വർഷമായി നാട്ടിൽ പോവാത്ത നിരവധി പേരുണ്ട്.

അൽ ഗുബ്റ ഇന്ത്യൻ സ്കൂൾ, വാദീ കബീർ ഇന്ത്യൻ സ്കൂൾ, ബോഷർ ഇന്ത്യൻ സ്കൂൾ എന്നിവയുടെ അവസാന പ്രവൃത്തി ദിവസം വ്യാഴാഴ്ചയായിരിക്കും. ഈ സ്കൂളുകൾ ആഗസ്റ്റ് രണ്ടിനാണ് തുറക്കുക. അൽ ഗുബ്റ ഇൻറർനാഷനൽ സ്കൂൾ ജൂൺ 14നാണ് അടക്കുന്നത്. മസ്കത്ത് ഇന്ത്യൻ സ്കൂൾ, ദാർസൈത്ത് ഇന്ത്യൻ സ്കൂൾ എന്നിവക്ക് ജൂൺ 16 മുതലാണ് അവധി ആരംഭിക്കുക. ആഗസ്റ്റ് ഏഴിന് രണ്ട് സ്കൂളുകളും വീണ്ടും തുറക്കും.

പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളും ഏതാണ്ട് അവസാനിച്ചു. പ്രധാന സ്ട്രീമുകളിലെ പരീക്ഷകൾ അവസാനിച്ചുകഴിഞ്ഞു. ഇനി ഏതാനും വിഭാഗങ്ങളിലെ പരീക്ഷകൾ മാത്രമാണുള്ളത്. ഇവ കൂടി അവസാനിക്കുന്നതോടെ എല്ലാ വിദ്യാർഥികൾക്കും നാട്ടിലേക്ക് മടങ്ങാനാവും. പത്താം ക്ലാസിനുശേഷം നാട്ടിലെ സ്കൂളുകളിൽ കുട്ടികളെ അയക്കുന്നവരും നിരവധിയാണ്. പ്ലസ്ടു കഴിഞ്ഞ ബഹുഭൂരിപക്ഷം വിദ്യാർഥികളും ഉന്നത വിദ്യാഭ്യാസം ഇന്ത്യയിൽതന്നെ നടത്താനാണ് സാധ്യത.

സ്കൂൾ അധ്യാപകരും കുടുംബവും വിദ്യാർഥികളും രക്ഷിതാക്കളും അടക്കം വലിയവിഭാഗം ആളുകൾ നാട്ടിൽ പോകാൻ സാധ്യതയുള്ളതിനാൽ അടുത്ത രണ്ടു മാസങ്ങളിൽ ഒമാനിൽ പ്രവാസി മലയാളി സാന്നിധ്യം ഗണ്യമായി കുറയും.

ഇത് നഗരങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് കുറക്കും. യാത്രക്കാർ വർധിച്ചെങ്കിലും സ്വകാര്യ വിമാന കമ്പനികൾ കേരള സെക്ടറിലേക്ക് സർവിസ് ആരംഭിച്ചതോടെ വിമാന നിരക്കുകൾ ഉയർന്നിട്ടില്ല. സാധാരണ സ്കൂൾ അവധി സീസണിൽ നിരക്കുകൾ കുത്തനെ ഉയരാറുണ്ട്. എന്നാൽ എയർ ഇന്ത്യ എക്പ്രസ് അടക്കമുള്ള വിമാന കമ്പനികളുടെ കേരളത്തിലേക്കുള്ള നിരക്കുകൾ മാത്രമാണ്. ഇത് യാത്രക്കാർക്ക് ആശ്വാസം പകരുന്നുണ്ട്. 

Tags:    
News Summary - Indian schools to summer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.