മസ്കത്ത്: ഒമാനിൽ വേനൽച്ചൂട് കനക്കുന്ന പശ്ചാത്തലത്തിൽ സുൽത്താനേറ്റിലെ ഇന്ത്യൻ സ്കൂളുകളിലെ കിന്റർഗാർട്ടൻ (കെ.ജി) മുതൽ രണ്ടാം ക്ലാസ് (ഗ്രേഡ് രണ്ട്) വരെയുള്ള കുട്ടികൾക്ക് അടുത്ത ഒരാഴ്ചത്തേക്ക് ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് നിർദേശിച്ചു.
ആഗസ്റ്റ് രണ്ടു മുതൽ ആറു വരെയാണ് ഈ താൽക്കാലിക ക്രമീകരണം. സ്കൂൾ പ്രിൻസിപ്പൽമാർക്ക് നൽകിയ നിർദ്ദേശപ്രകാരം, ചെറിയ കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈനായിരിക്കുമെങ്കിലും അധ്യാപകർ സാധാരണ പോലെ സ്കൂളുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. സ്കൂൾ കാമ്പസിലിരുന്നായിരിക്കണം അധ്യാപകർ ഓൺലൈൻ ക്ലാസുകൾ നയിക്കേണ്ടത്.
ഒമാനിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയർന്നതിനെ തുടർന്നാണ് കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഇത്തരമൊരു തീരുമാനത്തിലേക്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് നീങ്ങിയത്. കഠിനമായ ചൂടിൽ ചെറിയ കുട്ടികൾ സ്കൂളുകളിലേക്ക് യാത്ര ചെയ്യുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന രക്ഷിതാക്കളുടെ ആശങ്ക ‘ഗൾഫ്മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
മറ്റു നിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിൽ ആഗസ്റ്റ് ആറിനുശേഷം കിന്റർഗാർട്ടൻ (കെ.ജി) മുതൽ രണ്ടാം ക്ലാസ് (ഗ്രേഡ് രണ്ട്) വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ സാധാരണ പോലെ തുടരുമെന്ന് ഇന്ത്യൻ സ്കൂൾ ബോർഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.