മസ്കത്ത്: ഒമാനി ഇന്ത്യൻ സ്കൂളുകൾ വേനലവധിക്ക് വേണ്ടി അടക്കുന്നു. ജൂൺ ആദ്യ ആഴ്ചയോടെ ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളും അടക്കും. ആഗസ്റ്റ് ആദ്യ വാരത്തോടെയാണ് തുറന്ന് പ്രവർത്തിക്കുക. സ്വദേശി സ്കൂളുകളും വേനൽ അവധിക്ക് വേണ്ടി അടച്ചതോടെ രാവിലെകളിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് അയഞ്ഞു. സാധാരണ സ്കൂൾ പ്രവർത്തന ദിവസങ്ങളിൽ രാവിലെയും ഉച്ച കഴിഞ്ഞും റോഡിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. സ്കൂൾ അടച്ചതോടെ റോഡുകളിൽ ഈ സമയങ്ങളിൽ തിരക്കൊഴിഞ്ഞു.
ഒമാനിൽ ചൂട് കനത്തതോടെ ഒമാനിലെ പല ഇന്ത്യൻ സ്കൂളുകളും പ്രവർത്തന സമയം നേരത്തെ ആക്കിയിരുന്നു. കാലത്ത് ഏഴു മണിക്ക് ആരംഭിച്ച് ഉച്ചക്ക് മുമ്പ് അവസാനിക്കുന്നതാണ് വ്യത്യസ്ഥ സ്കൂളുകളുടെ പ്രവർത്തന സമയം. കനത്ത ചൂടുകാരണം ഔട്ട്ഡോർ പരിപാടികളും കായിക ഇനങ്ങളും നിർത്തിവെച്ചിട്ടുണ്ട്. മസ്കത്ത് ഇന്ത്യൻ സ്കൂളിലെ വേനലവധി ഈ മാസം എട്ട് മുതലാണ് ആരംഭിക്കുന്നത്. വാരാന്ത്യ അവധി ആയതിനാൽ വെള്ളിയാഴ്ച മുതൽ അവധി ആരംഭിക്കും. വ്യാഴാഴ്ച മുതൽ ഒമാനിൽ പൊതു അവധി ആരംഭിക്കുന്നതിനാൽ ഏതാണ്ടെല്ലാ സ്കൂളുകളും ഇതേ ദിവസം തന്നെയാണ് അടക്കുന്നത്.
അവധി ആരംഭിക്കുന്നതോടെ നാട്ടിൽ പോകുന്നവരുടെ തിരക്ക് ആരംഭിക്കും. സാധാരണ സ്കുൾ അവധി ആരംഭിക്കുമ്പോൾ വിമാനങ്ങളിൽ വൻ തിരക്കും തള്ളിക്കയറ്റവും ആരംഭിക്കാറുണ്ടെങ്കിലും ഈ വർഷം വലിയ തിരക്ക് അനുഭവപ്പെടുന്നില്ല. പല കാരണങ്ങളാൽ പ്രവാസി കുടുംബങ്ങൾ പലതും നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കുന്നുണ്ട്. നാട്ടിലെ സാമ്പത്തിക ചെലവും മേഖലയിൽ നടക്കുന്ന അസ്വസ്ഥതയും മറ്റും കാരണമാണ് പലരും നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കുന്നത്.
അതിനിടെ വിമാന കമ്പനികൾ അടുത്തിടെവരെ ഏർപ്പെടുത്തിയിരുന്ന ഉയർന്ന വിമാന നിരക്കുകളും പലരുടെയും യാത്ര മുടക്കാൻ കാരണമാക്കി. എന്നാൽ ഏതാനും ദിവസായി എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള വിമാന കമ്പനികൾ നിരക്കുകൾ കുത്തനെ കുറച്ചിട്ടുണ്ട്. ഇതോടെ മാറി ചിന്തിക്കുന്ന പ്രവാസികളും നിരവധിയാണ്. സ്കൂൾ വേനൽ അവധിക്കാലം ഒമാനിൽ പൊതുവെ വരണ്ട കാലമാണ്. പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് പോവാൻ തുടങ്ങുന്നതോടെ പൊതുവെ നഗരങ്ങളിലും മറ്റും തിരക്കൊഴിയും. കുടുംബങ്ങളും മറ്റും കുറയുന്നത് വാണിജ്യ സ്ഥാപനങ്ങളിലും മാളുകളിലും ഹോട്ടലുകളിലും തിരക്കൊഴിയാൻ കാരണമാവും.
കടുത്ത ചൂട് കാരണം പൊതുവെ വ്യാപാര സ്ഥാപനങ്ങളിലും സൂഖുകളിലും തിരക്ക് കുറവാണ്. പകൽ സമയത്ത് വ്യാപാര സ്ഥാപനങ്ങൾ ഒഴിഞ്ഞുതന്നെ കിടക്കുകയാണ്. രാത്രി കാലങ്ങളിലാണ് ഇപ്പോൾ വ്യാപാരങ്ങൾ കാര്യമായി നടക്കുന്നത്. ഹൈപർമാർക്കറ്റുകളിലും മാളുകളിലും ഇപ്പോൾ പൊതുവെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. നാട്ടിൽനിന്ന് സ്കൂൾ അവധിക്ക് ഒമാൻ സന്ദർശിക്കാൻ എത്തിയവൻ തിരിച്ചുപോവുന്നതിന്റെ തിരക്കാണ് ഇപ്പോൾ കാര്യമായി അനുഭവപ്പെടുന്നത്. അതോടൊപ്പം അവധിക്ക് നാട്ടിൽ പോവുന്നവരും തിരക്കും വാണിജ്യ സ്ഥാപനങ്ങളിൽ അനുഭവപ്പെട്ടിരുന്നു. എന്നാൽ, ജൂൺ ആദ്യ പാദത്തോടെ ഈ തിരക്കുകളെല്ലാം അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.