ഖരീഫ് ദോഫാർ വിനോദസഞ്ചാര സീസണിന്റെ ​പ്രചാരണാർഥം കുവൈത്ത് സിറ്റിയിൽ നടന്ന പരിപാടിയിൽനിന്ന്

കുവൈത്ത് സന്ദർശകരുടെ ഇഷ്ട സ്ഥലമായി ഒമാൻ; 17.2 ശതമാനം വർധന

മസ്കത്ത്: കുവൈത്ത് സന്ദർശകരുടെ ഇഷ്ട സഥലമായി ഒമാൻ. കഴിഞ്ഞ വർഷം ഒമാനിലേക്കുള്ള കുവൈത്ത് സന്ദർശകരുടെ എണ്ണം 17.2 ശതമാനം വർധിച്ചതായി കുവൈത്തിലെ ഒമാൻ അംബാസഡർ ഡോ.സാലിഹ് അൽ ഖറൂസി അറിയിച്ചു. ഖരീഫ് ദോഫാർ വിനോദസഞ്ചാര സീസണിനായി കുവൈത്തിൽ നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2025-ൽ ഒമാൻ സന്ദർശിച്ചവരുടെ എണ്ണം 10 ലക്ഷത്തിലധികമായി ഉയർന്നു. നിലവിൽ യു.എ.ഇ, സൗദി അറേബ്യ എന്നിവക്ക് ശേഷം ഒമാൻ സന്ദർശകരിൽ മൂന്നാം സ്ഥാനം കുവൈത്തിൽ നിന്നാണ്. ജൂൺ 21 മുതൽ സെപ്തംബർ വരെ നീളുന്ന ദോഫാറിലെ ഖരീഫ് സീസൺ ഗൾഫ് മേഖലയിൽ നിന്ന് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വേനൽക്കാല തിരക്ക് കണക്കിലെടുത്ത് ജൂലൈ മുതൽ ജസീറ എയർവേസ് ആഴ്ചയിൽ 14-ലധികം വിമാനങ്ങളും കുവൈത്ത് എയർവേസ് ആഴ്ചയിൽ നാല് വിമാനങ്ങളും സലാലയിലേക്ക് സർവീസ് നടത്തും. ടൂറിസം മേഖലയിൽ 4.5 ബില്യൺ ഡോളറിലധികം നിക്ഷേപിച്ച കുവൈത്ത് ഒമാന്റെ മൂന്നാമത്തെ വലിയ വിദേശ നിക്ഷേപ രാജ്യമാണെന്നും അംബാസഡർ വ്യക്തമാക്കി.

വരാനിരിക്കുന്ന സീസണിലെ പ്രധാന പരിപാടികളും വിനോദസഞ്ചാര പാക്കേജുകളും കുവൈത്തിലെ വിപണിക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രചാരണ പരിപാടി നടത്തിയത്. കുവൈത്തിൽ നിന്നുള്ള സഞ്ചാരികളെ ദോഫാർ ഗവർണറേറ്റിലേക്ക് ആകർഷിക്കുന്നതിനായി വൻതോതിലുള്ള പരസ്യ പ്രചാരണങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കുവൈത്തിലെ പ്രമുഖ ട്രാവൽ ഏജൻസികൾ, വിവിധ മാധ്യമങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി വിപുലമായ പരസ്യങ്ങൾ നൽകിവരുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇലക്ട്രോണിക് സ്‌ക്രീനുകളിലും നഗരത്തിലെ പ്രധാന റോഡുകളിലുള്ള ഡിജിറ്റൽ ബോർഡുകളിലും ദോഫാറിലെ ആകർഷകമായ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള പരസ്യങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങി. ഇതിനുപുറമെ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായി സഹകരിച്ച് ഖരീഫ് സീസണിലെ സവിശേഷമായ യാത്രാനുഭവങ്ങളും പ്രകൃതിഭംഗിയും ജനങ്ങളിലേക്ക് എത്തിക്കാനുള്ള സജീവ ശ്രമങ്ങളും മന്ത്രാലയം നടത്തുന്നുണ്ട്.

Tags:    
News Summary - Kuwait becomes favourite destination for visitors; Oman sees 17.2 percent increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.