ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ മികച്ച അധ്യാപകർക്കുള്ള പുരസ്കാരം നേടിയവർ സംഘാടകരോടൊപ്പം
മസ്കത്ത്:ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ മികച്ച അധ്യാപകർക്കുള്ള ഡയറക്ടർ ബോർഡിന്റെ 'നവിൻ ആഷർ-കാസി അവാർഡുകൾ വിതരണം ചെയ്തു. ഗ്രൂബ്ര ഇന്ത്യൻ സ്കൂളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുരസ്കാരങ്ങൾ കൈമാറിയത്.
ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മഹ്മൂദ് ബിൻ യഹ്്യ ബിൻ ഹമൂദ് അൽ ഹുസൈനി വിശിഷ്ടാതിഥിയായി. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഇന്റർനാഷനൽ സ്കൂൾസ് ഓഫിസ് അസിസ്റ്റന്റ് ഡയറക്ടർ കൗസർ ബിൻത് ഖലീഫ ബിൻ ഖമാസ് അൽ സുലൈമാനി പ്രത്യേക അതിഥിയായി. സീറ കമ്യൂണിക്കേഷൻസ് എൽ.എൽ.സി മാനേജിങ് ഡയറക്ടർ ആദിത്യ ആർ ഖിംജി മുഖ്യ പ്രഭാഷണം നടത്തി.
ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പുരസ്കാരങ്ങൾ സ്പോൺസർ ചെയ്യുന്ന കിരൺ ആഷറും കുടുംബവും, മുൻ ചെയർമാൻ യൂസഫ് നൽവാല, ഡയറക്ടർ ബോർഡ് അംഗങ്ങൾ, പ്രസിഡന്റുമാർ, പ്രിൻസിപ്പൽമാർ, മികച്ച അധ്യാപനത്തിനുള്ള അവാർഡുകൾ നേടിയവർ, അവരുടെ കുടുംബങ്ങൾ എന്നിവർ പങ്കെടുത്തു. വിദ്യാർഥികളുടെ ഉള്ളിലുള്ള കഴിവുകളെ കണ്ടെത്തി അവ വളർത്തിക്കൊണ്ടുവരുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്കിനെ കുറിച്ച് ഡോ. ശിവകുമാർ മാണിക്കം അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു.തുടർച്ചയായ പന്ത്രണ്ടാം വർഷവും പരിപാടി സംഘടിപ്പിക്കുന്നതിൽ നൽകിയ പിന്തുണക്ക് കിരൺ ആഷറിനും കുടുംബത്തിനും അദ്ദേഹം നന്ദി പറഞ്ഞു.
സമൂഹത്തിൽ അധ്യാപകരുടെ നിർണായക പങ്കിനെക്കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്ചകൾ നൽകുന്നതായി അംബാസഡറുടെ പ്രസംഗം. വിപ്ലവകരമായ സാങ്കേതികവിദ്യകളാൽ വേഗത്തിൽ രൂപപ്പെടുന്ന ഒരു അനിശ്ചിത ഭാവിയിലേക്ക് കുട്ടികളെ സജ്ജമാക്കുന്നതിൽ അധ്യാപകരുടെ പങ്ക് ഇന്ന് മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ നിർണായകമായി മാറിയിരിക്കുന്നുവെന്ന് അമിത് നാരങ്ങ് പറഞ്ഞു.
ഇന്നത്തെ ലോകത്ത്, അധ്യാപകരുടെ യഥാർത്ഥ ഉത്തരവാദിത്തം അറിവ് നൽകുക മാത്രമല്ല, വിദ്യാർത്ഥികളെ സ്വതന്ത്രമായി ചിന്തിക്കാൻ പ്രാപ്തരാക്കുക എന്നത് കൂടിയാണ്. 'എന്ത്' ചിന്തിക്കണമെന്ന് എന്നതിനേക്കാൾ 'എങ്ങനെ' ചിന്തിക്കണമെന്ന് അവരെ പഠിപ്പിക്കുക എന്നതതാണ് ഇന്നത്തെ കാലം തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.അധ്യാപകർ വിദ്യാർഥികളിൽ ചെലുത്തുന്ന സ്വാധീനത്തെ എടുത്തുകാട്ടുന്നതായിരുന്നു ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ സ്കൂൾ ഗുബ്ര മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റയീസിന്റെ പ്രസംഗം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും വിദ്യാഭ്യാസത്തിലും ബിസിനസിലും അതിന്റെ പരിവർത്തനാത്മക സ്വാധീനത്തെക്കുറിച്ചും മുഖ്യപ്രഭാഷണം നടത്തിയ ആദിത്യ ആർ. ഖിംജി ചൂണ്ടികാട്ടി. കിന്റർഗാർട്ടൻ വിഭാഗത്തിൽ രശ്മി രാധാകൃഷ്ണൻ (ഇന്ത്യൻ സ്കൂൾ മസ്കത്ത്), ഹിന അൻസാരി (ഇന്ത്യൻ സ്കൂൾ ബൗഷർ), പ്രൈമറി സ്കൂൾ വിഭാഗത്തിൽ കാഞ്ചൻ ബജേലി, ശ്രീമതി വിദ്യ വിഷ്ണു (ഇന്ത്യൻ സ്കൂൾ മസ്കത്ത്) മിഡിൽ സ്കൂൾ വിഭാഗത്തിൽ സന്ധിനി ദിനേശ് (ഇന്ത്യൻ സ്കൂൾ ബൗഷർ), ജിഷ ലാൽ ദീപക് (ഇന്ത്യൻ സ്കൂൾ മബേല), സീനിയർ സ്കൂൾ വിഭാഗത്തിൽ ഹസീന ബീഗം അബ്ദുൾ അസീസ്, ജ്യോതിലക്ഷ്മി രഞ്ജിത് (ഇന്ത്യൻ സ്കൂൾ ദർസൈത്ത്) കോസ്കോളാസ്റ്റിക് വിഭാഗത്തിൽ അശുതോഷ് പന്ത്, ശ്രീമതി വിക്ടർ പോൾ രാജ് ( ഇന്ത്യൻ സ്കൂൾ മസ്കത്ത്) എന്നിവരാണ് അവാർഡുകൾ ഏറ്റുവാങ്ങിയത്.
മുകളിൽ പറഞ്ഞവർക്ക് പുറമേ, വിദ്യാഭ്യാസ മേഖലയിലെ മികച്ച സംഭാവനകൾക്ക് വിവിധ വിഭാഗങ്ങളിലുള്ള മുപ്പത്തിയെട്ട് അധ്യാപകർക്ക് സർട്ടിഫിക്കറ്റുകളും നൽകി.
പ്രിൻസിപ്പൽമാരായി ദീർഘകാലം സേവനമനുഷ്ഠിച്ചതിന് സലാല ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ദീപക് പടങ്കർ, സൂർ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ്. ശ്രീനിവാസൻ, റുസ്താഖ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ അബു ഹുസൈൻ അബ്ദുൽ കാസിം എന്നിവരെയും ആദരിച്ചു.
പി.എച്ച്.ഡി നേടിയ സീബ് ഇന്ത്യൻ സ്കൂളിലെ ഡോ. പി.കെ ജാബിർ., മസ്കത്ത് ഇന്ത്യൻ സ്കൂളിലെ ഡോ. ജ്യോതി ഗണേശനാഥ്, ഇന്ത്യൻ സ്കൂൾ സൂറിലെ ഡോ. ആർ.വി.പ്രദീപ് , ഇന്ത്യൻ സ്കൂൾ നിസ്വയിലെ ഡോ. പ്രമോദ് കുമാർ തിവാരി എന്നിവരെയും ആദരിച്ചു. നവീൻ ആഷർ-കാസി അവാർഡുകളുടെ ഭാഗമായി സംഘടിപ്പിച്ച അധ്യാപക മത്സരത്തിലെ വിജയികൾക്ക് ജെസൽ ആഷർ രാജ്ദ, ലാസ്ലോ രാജ്ദ എന്നിവർ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി. ഇന്ത്യൻ സ്കൂൾ ഗൂബ്രബ്രയിലെ വിദ്യാർഥികൾ അവതരിപ്പിച്ച സാംസ്കാരിക പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.