മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ പുതിയ ചെയർമാൻ തെരഞ്ഞെടുപ്പ് ഈ മാസം 20ന് നടക്കും. ഏപ്രിൽ ഒന്നോടെ പുതിയ ഭരണസമതി നിലവിൽ വരുകയും ചെയ്യും. ജനുവരി 21ന് നടന്ന തെരഞ്ഞെടുപ്പിൽ രക്ഷിതാക്കളുടെ പ്രതിനിധികളായി പി.പി. നിതീഷ് കുമാർ, പി.ടി.കെ. ഷമീർ, കൃഷ്ണേന്ദു, ഡോ. ശിവകുമാർ മാണിക്കം, സയിദ് സൽമാൻ എന്നിവരെ തെരഞ്ഞെടുത്തിരുന്നു.
ഇവരിൽനിന്നാണ് ചെയർമാനെ കണ്ടെത്തേണ്ടത്. നിലവിലെ ചെയർമാൻ ഡോ. ശിവകുമാർ മാണിക്കവും കൂടുതൽ വോട്ടുനേടിയ മറ്റൊരാൾക്കും പുറമെ, രണ്ടു മലയാളികളും ചെയർമാൻ സ്ഥാനത്തിനായി രംഗത്തുണ്ടത്രേ. അതേസമയം, തെരഞ്ഞെടുപ്പിലേക്ക് നീങ്ങാതെ സമവായത്തിനുള്ള ശ്രമവും അണിയറയിൽ ഊർജിതമായി നടക്കുന്നുണ്ട്. 15 പേരാണ് സ്കൂൾ ബി.ഒ.ഡി അംഗങ്ങളായി ഉണ്ടാകുക.
തെരഞ്ഞെടുപ്പിൽ വിജയിച്ച വിജയിച്ച അഞ്ചു പേർക്കു പുറമെ എംബസി നാമനിർദേശം ചെയ്യുന്ന മൂന്നു പേർ, വാദികബീർ, ഗൂബ്ര സ്കൂളിൽനിന്നുള്ള രണ്ടുവീതം പ്രതിനിധികൾ, ഇന്ത്യൻ മസ്കത്ത്, ദാർസൈത്ത് എന്നിവിടങ്ങളിൽനിന്ന് ഒരാൾ വീതവും എജുക്കേഷൻ അഡ്വൈസറുമാണ് അംഗങ്ങളായി വരുന്നത്. ഇതിൽ എജുക്കേഷൻ അഡ്വൈസർക്ക് വോട്ടവകാശം ഉണ്ടാവില്ല. 21 ഇന്ത്യൻ സ്കൂളുകളെ നിയന്ത്രിക്കുന്ന ഭരണസമിതിയുടെ കാലാവധി രണ്ടു വർഷമാണ്. ബാബു രാജേന്ദ്രന് ചെയര്‍മാനായ കമീഷന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടപടികൾ നടന്നുവരുന്നത്. കെ.എം. ഷക്കീല്‍, ദിവേഷ് ലുംബ, മൈഥിലി ആനന്ദ്, എ.എ. അവോസായ് നായകം എന്നിവരാണ് കമീഷന് അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.