മസ്കത്ത്: ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ദുകം പ്രത്യേക സാമ്പത്തിക മേഖല സന്ദര്‍ശിച്ചു. അദ്ദേഹത്തിനും പ്രതിനിധിസംഘത്തിനും ഊഷ്മള വരവേൽപാണ് ലഭിച്ചത്.
പ്രത്യേക സമ്പത്തികമേഖലയിലെ ഉദ്യോഗസ്ഥരുമായി കമ്പനി പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്കും കൂടെയുണ്ടായിരുന്നു. തിങ്കളാഴ്ചയാണ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഔദ്യോഗികസന്ദർശനത്തിനായി ഒമാനിലെത്തിയത്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം കൈമാറിയിരുന്നു. ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി അല്‍ ബര്‍ക കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയിലാണ് എഴുത്ത് സന്ദേശം കൈമാറിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പശ്ചാത്തലത്തിൽ സഹകരണത്തിന്റെ വിവിധ വശങ്ങൾ കൈകാര്യംചെയ്യുന്നതാണ് സന്ദേശം. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തെക്കുറിച്ചും സാങ്കേതിക, സൈനിക, ഖനനമേഖലകളിലെ സഹകരണത്തിന്റെ വശങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
ജി.സി.സി ആൻഡ് റീജനൽ നൈബർഹുഡ് ഡിപ്പാർട്മെന്റ് തലവൻ ഷെയ്ഖ് അഹമ്മദ് ഹാഷിൽ അൽ മസ്കാരി, ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്ക്, ഇരുവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അജിത് ഡോവലും പ്രതിനിധിസംഘവും റോയൽ ഓഫിസ് മന്ത്രി ലെഫ്റ്റനന്റ് ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅമാനിയുമായും കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.