മസ്കത്തിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നുളള ദൃശ്യം
മസ്കത്ത്: ഒമാനിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 21 ലക്ഷം പിന്നിട്ടു. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് 21.55 ലക്ഷം പേരാണ് വാക്സിൻ സ്വീകരിച്ചത്. മുൻഗണനാപട്ടികയുടെ 61 ശതമാനമാണിത്. 13.60 ലക്ഷം പേർ ഒറ്റ ഡോസ് മാത്രമാണ് സ്വീകരിച്ചത്. 7.95 ലക്ഷം പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. എല്ലാ ഗവർണറേറ്റുകളിലും കോവിഡ് വാക്സിനേഷൻ തുടരുകയാണ്. എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും തിങ്കളാഴ്ച നല്ല തിരക്ക് അനുഭവപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാക്സിെൻറ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കുറച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തേ പത്ത് ആഴ്ചയായിരുന്നു രണ്ട് വാക്സിനുകൾക്കിടയിലെ ഇടവേള. ഇത് ആറ് ആഴ്ചയായാണ് കുറച്ചത്. ആഗസ്റ്റ് 17 ചൊവ്വാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും. കോവിഡ് വാക്സിൻ സ്വീകരിച്ച് ആറ് ആഴ്ച പിന്നിട്ടവർ തറാസുദ് ആപ് മുഖേന രണ്ടാമത്തെ ഡോസിനായി രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
അതിനിടെ ആശ്വാസമായി പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് തുടരുകയാണ്. മരണനിരക്കിലും കുറവ് ദൃശ്യമാണ്. 214 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,00,408 ആയി. 313 പേർക്ക് കൂടി രോഗം ഭേദമായി. 2,88,702 പേരാണ് ഇതുവരെ രോഗമുക്തരായത്. ആറ് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 3999 ആയി. 28 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 244 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ 107 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.