മസ്കത്ത്: പ്രായപൂർത്തിയാകാത്തവരും സ്ത്രീകളും ചെയ്യുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ രാജ്യത്ത് വർധിക്കുന്നതായി കണക്കുകൾ. പബ്ലിക് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം പുറത്തു വിട്ട കണക്കുകളിലാണ് 2020നെ അപേക്ഷിച്ച് 2021ൽ വർധന കാണിക്കുന്നത്. ജുവനൈൽ കുറ്റകൃത്യങ്ങൾ 50 ശതമാനം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 18 വയസ്സിന് താഴയുള്ള 740പേരാണ് ക്രിമിനൽ പ്രവർത്തനങ്ങളിൽ ആരോപണ വിധേയരായിട്ടുള്ളത്. ഇതിൽ 701 ആൺകുട്ടികളും 31പെൺകുട്ടികളും ഉൾപ്പെടും. 2020 വെറും 473 കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. സ്ത്രീകൾ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ ഒമാനിൽ 21 ശതമാനം വർധനയുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട 3,637 സ്ത്രീകളെ പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കി. കുറ്റാരോപിതരായ സ്ത്രീകളിൽ 58.4 ശതമാനം ഒമാനികളും 41.6 ശതമാനം വിദേശികളുമാണ്.
കഴിഞ്ഞ വർഷം പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കിയ പ്രതികളുടെ ആകെ എണ്ണം 34,873 ആണ്. ഇതിൽ 28,201 പേർ 2021 ൽ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. മസ്കത്ത് ഗവർണറേറ്റിൽനിന്നാണ് ഏറ്റവും കൂടുതൽ പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കിയത്. 13,914പേരെയാണ് അഭിമുഖീകരിച്ചത്. 2020മായി താരതമ്യം ചെയ്യുമ്പോൾ 24 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. വടക്കൻ ബാത്തിനയാണ് രണ്ടാം സ്ഥാനത്ത് (5,019 പ്രതികൾ, 21 ശതമാനം വർധന). മൂന്നാം സ്ഥാനത്ത് ദോഫാർ ഗവർണറേറ്റാണ്. 4,455 പ്രതികളെയാണ് കഴിഞ്ഞ വർഷം പ്രേസിക്യൂഷന് മുമ്പാകെ ഹാജരാക്കിയത്. ഏറ്റവും കുറഞ്ഞ കേസുകൾ മുസന്ദത്താണ്. 231 പ്രതികളെ മാത്രമാണ് പ്രേസിക്യൂഷന് മുമ്പാകെ ഹാജരാക്കിയത്. 2020മായി താരതമ്യം ചെയ്യുമ്പോൾ 13 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. മൊത്തം കേസുകളിൽ 41.6 ശതമാനവും മസ്കത്ത് ഗവർണറേറ്റിലാണ്. ആകെ 11,719 കേസുകളാണ് മസ്കത്ത് ഗവർണറേറ്റിൽ റിപ്പോർട്ട് ചെയ്തത്. വടക്കൻ ബാത്തിനയാണ് രണ്ടാം സ്ഥാനത്ത്. 14.5 ശതാമനം കേസുകളാണ് വടക്കൻ ബാത്തിനയിൽ റിപ്പോർട്ട് ചെയ്തത്. 4,098 കേസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.