ഹൈഡ്രോജനറേറ്റഡ് എണ്ണകൾക്ക് 24മുതൽ വിലക്ക്

മസ്കത്ത്: ശരീരത്തിന് ഹാനികരമായതും രക്തസമ്മർദം വർധിപ്പിക്കാൻ ഇടയാവുന്നതുമായ ഹൈഡ്രോജനറേറ്റഡ് ഘടകങ്ങൾ അടങ്ങിയ എണ്ണകൾക്ക് ജൂലൈ 24 മുതൽ വിലക്ക്. നിരോധം ലംഘിക്കുന്ന സ്ഥാപനങ്ങളിൽനിന്നും കമ്പനികളിൽനിന്നും 1000 റിയാൽവരെ പിഴയും ഈടാക്കും. പെട്ടെന്ന് കേടുവരാതിരിക്കാൻ നിർമാണക്കമ്പനികൾ ട്രാൻസ് ഫാറ്റ് ഘടകങ്ങൾ എണ്ണകളിൽ ചേർക്കാറുണ്ട്.

ഇവ സാധാരണ ഉഷ്മാവുകളിൽ കേടുവരാതെ നിലനിൽക്കും. ഇത്തരം ഘടകങ്ങൾ ഭാഗികമായി അടങ്ങിയ ഭക്ഷ്യഎണ്ണകൾക്കാണ് നിരോധം നടപ്പാവുക. ഇത് സംബന്ധമായ തീരുമാനത്തിന് കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയം കഴിഞ്ഞ ഏപ്രിൽ 28നാണ് അംഗീകാരം നൽകിയത്. ഭാഗികമായി ഹൈഡ്രോജനറേറ്റഡ് അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമായ കൊളസ്ട്രോൾ വർധിക്കാനും അതു വഴി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവും.

ഒമാനിൽ 30 ശതമാനവും ഉയർന്ന രക്തസമ്മർദം അനുഭവിക്കുന്നവരാണ്. ഭാഗികമായി ഹൈഡ്രോജനറേറ്റഡ് ഘടകങ്ങൾ അടങ്ങിയ എണ്ണ സുരക്ഷിതമല്ലെന്നും ഭക്ഷ്യ ഇനങ്ങളിൽനിന്ന് ഇത് ഒഴിവാക്കണമെന്നും യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതു വഴി വർഷം തോറും ആയിരക്കണക്കിന് ഹൃദയാഘാതങ്ങൾ തടയാൻ കഴിയുമെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു.

ഹൈഡ്രോജനറേഷൻ നടത്തുക വഴി വെജിറ്റബിൾ എണ്ണകളെ ഖര രൂപത്തിൽ നിലനിർത്താൻ കഴിയും. ഇതിൽ ചേർക്കുന്ന ട്രാൻസ് ഫാറ്റുകൾ ശരീരത്തിൽ എത്തുന്നതോടെ ആവശ്യമായ നല്ല കൊളസ്ട്രോളിന്‍റെ അളവ് കുറക്കുകയും ഹാനികരമായ കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഒമാനിൽ 33 ശതമാനം ആളുകളും ഉയർന്ന രക്തസമ്മർദം അനുഭവിക്കുന്നവരാണ്. വർഷം തോറും 2000ലധികം അർബുദ രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനെതിരെയുള്ള ആദ്യ നീക്കം എന്ന നിലക്കാണ് പുതിയ തീരുമാനം.

Tags:    
News Summary - Hydrogenated oils banned from 24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.