മസ്കത്ത്: മസ്കത്ത് ഗവർണറേറ്റ് അടക്കമുള്ള ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച പെയ്തത കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. ചില ഇടങ്ങളിൽ ഇടി മിന്നലോടെയുള്ള മഴയാണ് ലഭിച്ചത്. തെക്കൻ ശർഖിയ്യ, വടക്കൻ ശർഖിയ്യ, ദാഖിലിയ്യ, തെക്കൻ ബാത്തിന ഗവർണറേറ്റുകളിലാണ് ഞായറാഴ്ച മഴ പെയ്തത്. റൂവി അടക്കമുള്ള മസ്കത്തിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴ പെയ്തു.മസ്കത്ത് ഗവർണറേറ്റിൽ റൂവി, സീബ് അടക്കമുള്ള പ്രദേശങ്ങളിൽ വെള്ളിയാഴ്ചയും മഴ പെയ്തിരുന്നു. ഞായറാഴ്ച രാവിലെ മുതൽ പെയ്ത ശക്തമായ മഴ ജനജീവിതത്തെ ബാധിച്ചു. ഞായറാഴ്ച പുലർച്ചെ മുതൽ പെയ്യുന്ന കനത്ത മഴ കാരണം റോഡിൽ വെള്ളം കയറിയത് വൻ ഗതാഗതക്കുരുക്കിനും കാരണമായി. പലയിടങ്ങളിലും വാദികൾ നിറഞ്ഞൊഴുകിയിരുന്നു.
ഗതാഗതക്കുരുക്ക് കാരണം നിരവധി പേർ ജോലി സ്ഥലങ്ങളിൽ വൈകിയാണെത്തിയത്. അതിരാവിലെ ശക്തമായ മഴ പെയ്തത് കാരണം സ്കൂളുകളിൽ ഹാജർ കുറവായിരുന്നു. റോഡിൽ വെള്ളം കയറിയത് കാരണം റോഡപകടങ്ങളുണ്ടായതും ഗതാഗതക്കുരുക്കിന് കാരണമായി. ഞായറാഴ്ച പുലർച്ചെ കനത്ത മഴ പെയ്യുന്ന ശബ്ദം കേട്ടാണ് പലരും ഉറക്കമുണർന്നത്. പല ഇടങ്ങളിലും മഴ ശക്താവുകയും അന്തരീക്ഷം കൂടുതൽ മേഘാവൃതമാവുകയും ചെയ്തു. ചിലയിടങ്ങളിൽ ഏറെ നേരം ശക്തമായ മഴ പെയ്തത് റോഡിൽ വൻ വെള്ളക്കെട്ടുണ്ടാക്കി. ഞായറാഴ്ച രാവിലെ പത്ത് മുതൽ 40 മില്ലീ മീറ്റർ വരെ മഴയാണ് വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടത്. തിങ്കളാഴ്ചയും മസ്കത്ത്, തെക്കൻ ശർഖിയ്യ, തെക്കൻ ബാത്തിന എന്നിവിടങ്ങളിലും അൽ ഹജർ പർവത നിരകളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മരുഭൂമികളിലും തുറന്ന സ്ഥലങ്ങളിലും പൊടിക്കാറ്റ് അനുഭവപ്പെടാനും സാധ്യതയുണ്ട്. ഇത് കാഴ്ച പരിധി കുറക്കാൻ കാരണമാക്കുമെന്നും വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ അന്തരീക്ഷ താപനില കുറഞ്ഞു. മസ്കത്തിൽ രാത്രി കാല താപനില 20 ഡിഗ്രി സെൽഷ്യസായും സൊഹാറിൽ 19 ഡിഗ്രിയും സൈകിൽ എട്ട് ഡിഗ്രിയുമായും കുറയും.തെക്ക് പടിഞ്ഞാറൻ കാറ്റ് വീശുന്നത് കാരണം പർവത നിരകളിൽ താപനില പത്ത് ഡിഗ്രി സെൽഷ്യസായി കുറയാനും സാധ്യതയുണ്ട്. വൈകീട്ടും പ്രഭാതത്തിലും മൂടൽ മഞ്ഞും ഉണ്ടാവുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.