മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞദിവസം മഴ പെയ്തു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു മഴ കോരിച്ചൊരിഞ്ഞത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പലയിടത്തും ആലിപ്പഴവും വർഷിച്ചു. അമിറാത്ത്, സുഹാർ, നഖല്‍, ശിനാസ്, ഖസബ്, മുസന്ന തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്. വിവിധ ഇടങ്ങളിൽ വാദികൾ രൂപപ്പെട്ടിട്ടുണ്ട്. ഉൾഗ്രാമങ്ങളിലെ റോഡുകളിൽ വെള്ളം കയറുകയും ചെയ്തു. മഴപെയ്ത സ്ഥലങ്ങളിലെല്ലാം രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചയോടെ പെയ്യാൻ തുടങ്ങിയ മഴ വൈകീട്ടോടെയാണ് ശക്തിയാർജിച്ചത്.
മുസന്ദം, തെക്കു-വടക്ക് ബാത്തിന, മസ്കത്ത്, ദാഖിലിയ, വടക്കൻ ശർഖിയ തുടങ്ങിയ ഗവർണറേറ്റുകളിൽ കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെ മഴപെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. പ്രതികൂല കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു. മഴ ലഭിച്ച ഇടങ്ങളിൽ താപനിലയിൽ കുറവുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.