ഒമാനി വിമൻസ് അസോസിയേഷനുമായി സഹകരണത്തിന്
കെയർ 24 അൽ ഹക്കീം ഇന്റർനാഷനൽ ലിമിറ്റഡ് കമ്പനി
പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചപ്പോൾ
മസ്കത്ത്: ഒമാനി കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള ആരോഗ്യസേവനങ്ങൾക്കായി ഒമാനി വിമൻസ് അസോസിയേഷനുമായി സഹകരണത്തിന് കെയർ 24 അൽ ഹക്കീം ഇന്റർനാഷനൽ ലിമിറ്റഡ് കമ്പനി പങ്കാളിത്തകരാറിൽ ഒപ്പുവെച്ചു. കെയർ 24 അൽ ഹക്കീം നൽകുന്ന ഒക്ക്യുപേഷണൽ തെറാപ്പി, ഫിസിയോതെറാപ്പി, ഹോം നഴ്സിങ്, വിദേശ മെഡിക്കൽ യാത്രകൾ എന്നീ ആരോഗ്യരംഗത്തെ സേവനങ്ങൾ സംബന്ധിച്ചാണ് കരാർ. ഖുറമിലെ ഒമാനി വിമൺസ് അസോസയേഷൻ സെന്ററിൽ ഔദ്യോഗിക പ്രഖ്യാപന ചടങ്ങ് നടന്നു. സ്ത്രീകളുടെ ആരോഗ്യം, സ്ത്രീശാക്തീകരണം, സാമൂഹികക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട പദ്ധതിയാണിതെന്നും കെയർ 24ന്റെ നവീന റീഹാബിലിറ്റേഷൻ പ്രോഗ്രാമുകൾ ഒമാനി വനിതകളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രത്യേക ആവശ്യമനുസരിച്ച് തയാറാക്കിയതാണെന്നും അധികൃതർ പറഞ്ഞു.
അസോസിയേഷൻ അംഗങ്ങൾക്ക് ആരോഗ്യ ബോധവത്കരണ ക്യാമ്പുകൾ, ഹെൽത്ത് ക്ലാസുകൾ, വെൽനസ് വർക്ക്ഷോപ്പുകൾ, പ്രിവന്റിവ് ഹെൽത്ത് സ്ക്രീനിങ് പ്രോഗ്രാമുകൾ എന്നിവ ഈ പങ്കാളിത്തത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ‘ഒമാനിലെ സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും ശക്തിപ്പെടുത്തുന്നതിന് കെയർ 24 അൽ ഹക്കീമുമായി സഹകരിക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്നും സാമൂഹികസേവനത്തിനും രോഗപ്രതിരോധത്തിനും സ്ത്രീകളെ ശക്തീകരിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്നും ഒമാൻ വിമൻസ് അസോസിയേഷൻ ചെയർപേഴ്സൺ ലികാ സൈഫ് അൽ മാവാലി പറഞ്ഞു.
മികച്ച ആരോഗ്യസേവനങ്ങൾ നൽകാനുള്ള തങ്ങളുടെ പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ പങ്കാളിത്തമെന്നും ഒമാനി സമൂഹത്തിലേക്ക് ആഴത്തിൽ എത്തുക എന്നതാണ് ഈ ധാരാണപത്രം വഴി ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കിയ കെയർ 24 അൽ ഹക്കീം ഇന്റർനാഷനൽ മാനേജിങ് ഡയറക്ടർ ഡോ. വി.എം.എ. ഹക്കിം, ഒമാനി വിമൻസ് അസോസയേഷൻ ചെയർപേഴ്സൺ മിസ് ലികാ സൈഫ് അൽ മാവാലിയുടെ പിന്തുണക്കും പ്രോത്സാഹനത്തിനും ഹൃദയപൂർവം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.