ന്യുഡൽഹി/ മസ്കത്ത്: ഹലാൽ മാംസ ഉൽപന്നങ്ങളടക്കം ഹലാൽ സർട്ടിഫിക്കറ്റ് ഉൽപന്നങ്ങളുടെ കയറ്റുമതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം കയറ്റുമതി ശൃംഖല വിപുലപ്പെടുത്തി. നേരത്തെ ഹലാൽ ഉൽപന്നങ്ങൾ കയറ്റി അയച്ചിരുന്ന 15 രാജ്യങ്ങൾക്കു പുറമെ, 20 രാജ്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് വിപണി വിപുലീകരിച്ചത്. ഇതു സംബന്ധിച്ച വിജ്ഞാപനം (59/2025–26) ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) കഴിഞ്ഞ ഏപ്രിൽ എട്ടിന് പുറത്തിറക്കിയിരുന്നു.
പുതുതായി ഉൾപ്പെടുത്തിയ രാജ്യങ്ങളിലേക്ക് ഇറച്ചിയും ഇറച്ചി ഉൽപന്നങ്ങളും കയറ്റി അയക്കുന്ന വ്യാപാരികൾ, ചരക്കുകൾ കയറ്റുന്നതിന് മുൻപായി ഇന്ത്യ നിഷ്കർഷിക്കുന്ന ഹലാൽ സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്നാണ് വിജ്ഞാപനത്തിലെ നിർദേശം. കയറ്റുമതിക്കായുള്ള ഹലാൽ സർട്ടിഫിക്കേഷൻ ഏകീകരിക്കുന്ന ‘ഇന്ത്യ കൺഫോർമിറ്റി അസസ്‌മെന്റ് സ്കീം’ (ഐ- കാസ്) ഹലാൽ പദ്ധതിക്ക് കീഴിലാണ് ഈ പുതിയ നിബന്ധന ഏർപ്പെടുത്തിയത്.
കഴിഞ്ഞ ഏപ്രിൽ വരെ ഇന്ത്യയിൽനിന്ന് ഗൾഫ് മേഖലയിലടക്കം 15 രാജ്യങ്ങളിലേക്കുള്ള ഇറച്ചി ഉൽപന്ന കയറ്റുമതിക്കാണ് ഹലാൽ സർട്ടിഫിക്കറ്റ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം നിർബന്ധമാക്കിയിരുന്നത്. മിഡിൽ ഈസ്റ്റിൽ ഒമാൻ, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഇറാൻ, ഇറാഖ്, ജോർഡൻ എന്നിവിടങ്ങളിലേക്കും സൗത്ത് ഈസ്റ്റ് ഏഷ്യ മേഖലയിൽ ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കും യൂറോപ്പിൽ തുർക്കിയിലേക്കുമാണ് ഇന്ത്യയിൽനിന്ന് നേരത്തെ ഹലാൽ സർട്ടിഫിക്കറ്റ് ഇറച്ചി ഉൽപന്നങ്ങൾ കയറ്റിഅയച്ചിരുന്നത്.
പുതുതായി ഉൾപ്പെടുത്തിയ പട്ടികയിൽ മധ്യേഷ്യയിലെ ആറും ആഫ്രിക്കയിലെ ഒമ്പതും മിഡിൽ ഈസ്റ്റിൽനിന്ന് മൂന്നും സൗത്ത് ഈസ്റ്റ് ഏഷ്യയിൽനിന്ന് രണ്ടും രാജ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽനിന്ന് ലബനാൻ, സിറിയ, യമൻ എന്നിവയും മധ്യേഷ്യയിൽനിന്ന് അസർബൈജാൻ, കസഖിസ്താൻ, കിർഗിസ്താൻ, താജികിസ്താൻ, തുർകുമെനിസ്താൻ, ഉസ്ബെക്കിസ്താൻ എന്നിവയും ആഫ്രിക്കയിൽനിന്ന് അൾജീരിയ, ഈജിപ്ത്, കെനിയ, ലിബിയ, മൗറീഷ്യസ്, മൊറോക്കോ, സെനഗാൾ, സീഷെൽസ്, ടുണീഷ്യ എന്നിവയും സൗത്ത് ഈസ്റ്റ് ഏഷ്യ മേഖലയിൽ ബ്രൂണൈ, മാലദ്വീപ് എന്നിവയുമാണ് ഇന്ത്യയിൽനിന്ന് ഹലാൽ ഉൽപന്നങ്ങൾ കയറ്റി അയക്കുന്ന പുതിയ രാജ്യങ്ങൾ.
പുതുതായി പട്ടികയിൽ ചേർത്തവയിൽ ഈജിപ്ത് ഒഴികെയുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്നുള്ള ഇറച്ചി ഉൽപന്നങ്ങളുടെ കയറ്റുമതിക്ക് വിജ്ഞാപനം വന്ന് രണ്ടാഴ്ചക്കകം പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഈജിപ്തിലേക്ക് കയറ്റുമതി നടത്തുന്നവർക്ക് ആവശ്യമായ മുന്നൊരുത്തിനും ഏജൻസികളെ സജ്ജമാക്കാനുമായി ആറുമാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് 2026 ഒക്ടോബർ എട്ടു മുതലായിരിക്കും ഈജിപ്തിലേക്കുള്ള കയറ്റുമതിക്ക് ഈ നിയമം പ്രാബല്യത്തിൽ വരിക.
ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കൂടുതൽ രാജ്യങ്ങളുമായി ഇന്ത്യ ചർച്ചകൾ നടത്തിവരികയാണെന്ന് ഇന്ത്യൻ വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള അശാസ്ത്രീയമായ രീതികൾക്ക് പകരം, ഔദ്യോഗികവും കൃത്യമായ മാനദണ്ഡങ്ങളുള്ളതുമായ ഹലാൽ സർട്ടിഫിക്കേഷൻ സംവിധാനം നടപ്പാക്കുകയാണ് ലക്ഷ്യം. മറ്റ് രാജ്യങ്ങളിലെ ജനങ്ങളുടെ മതപരമായ വികാരങ്ങളെ മാനിച്ചുകൊണ്ട്, തികച്ചും സുതാര്യവും ഔദ്യോഗികവുമായ സർട്ടിഫിക്കേഷൻ പ്രക്രിയ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി ഗോയൽ നയം വ്യക്തമാക്കിയിരുന്നു.
ഇറച്ചിയും ഇറച്ചി ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യാൻ ഹലാൽ മാനദണ്ഡങ്ങൾ നിർബന്ധമാക്കിയിട്ടുള്ള ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിപണികളിലാണ് ഇന്ത്യ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിലുള്ള അശാസ്ത്രീയമായ രീതികൾക്ക് പകരം ഔദ്യോഗിക ഹലാൽ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം ലഭ്യമാക്കാൻ കഴിഞ്ഞ ഏതാനും വർഷമായി ഇന്ത്യ ശ്രമിച്ചുവരികയാണെന്ന് മന്ത്രി പീയൂഷ് ഗോയൽ ‘സെപ’ കരാറിന് പിന്നാലെ വെളിപ്പെടുത്തിയിരുന്നു.
ജൂൺ ഒന്നു മുതൽ ഒമാനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറായ ‘സെപ’ (സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ) നിലവിൽ വന്നിട്ടുണ്ട്. സെപ കരാർ ഇന്ത്യയിൽനിന്നുള്ള ഹലാൽ സർട്ടിഫൈഡ് ഉൽപന്നങ്ങളുടെ കയറ്റുമതിക്ക് വലിയതോതിൽ സഹായകരമാകുമെന്നാണ് കണക്കുകൂട്ടൽ. ആവർത്തിച്ചുള്ള പരിശോധനകളും അനുമതികളും ഒഴിവാക്കി, ഹലാൽ സർട്ടിഫിക്കേഷൻ സംവിധാനങ്ങൾക്ക് ഇരുരാജ്യങ്ങളും പരസ്പരം അംഗീകാരം നൽകുന്നത് ഉൾപ്പെടെയുള്ള സുപ്രധാന വ്യവസ്ഥകൾ ഈ കരാറിലുണ്ട്. ഇതിനുപുറമെ, ഇന്ത്യയുടെ നാഷണൽ പ്രോഗ്രാം ഓഫ് ഓർഗാനിക് പ്രൊഡക്ഷൻ (എൻ.പി.ഒ.പി) ചട്ടക്കൂടിന് കീഴിലുള്ള ജൈവ സർട്ടിഫിക്കറ്റുകൾക്ക് ഒമാൻ അംഗീകാരം നൽകും.
ഉൽപന്നങ്ങളുടെ ഗുണനിലവാരവും മാനദണ്ഡങ്ങളും വിലയിരുത്തുന്നതിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനും ‘സെപ’ കരാർ വ്യവസ്ഥ ചെയ്യുന്നു. ഈ പുതിയ ക്രമീകരണങ്ങൾ കയറ്റുമതിക്കാരുടെ നിയമപരമായ നടപടിക്രമങ്ങൾ ലളിതമാക്കുകയും സർട്ടിഫിക്കേഷൻ ചെലവുകൾ ഗണ്യമായി കുറക്കുകയും ചെയ്യും. ഉൽപന്നങ്ങൾ തുടർച്ചയായി പരിശോധിച്ച് സാക്ഷ്യപ്പെടുത്തേണ്ടി വരുന്ന നിലവിലെ ബുദ്ധിമുട്ടുകൾ ഇല്ലാതാകും. പരിശോധനകൾ കുറയുന്നതോടെ കയറ്റുമതിക്കാരുടെ അധികചെലവ് ഇല്ലാതാകും. ഉൽപന്നങ്ങൾ വേഗത്തിലും സുഗമമായും ഒമാൻ വിപണിയിൽ എത്തിക്കാനാവും. കർശനമായ ഹലാൽ മാനദണ്ഡങ്ങളുള്ള അന്താരാഷ്ട്ര വിപണികളിൽ ഇന്ത്യൻ ഇറച്ചി കയറ്റുമതിക്കാരുടെ മത്സരശേഷിയും വിശ്വാസ്യതയും വർധിപ്പിക്കാൻ ഈ നടപടികൾ സഹായിക്കും.
-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.