ഗോപാലകൃഷ്ണൻ ജയിൽ മോചിതനാകുന്നു; ആന്ദകണ്ണീരിൽ ഭാര്യ പ്രിയയും മകളും

മസ്കത്ത്​: 20 വർഷത്തിന്​ ശേഷം ഒമാനിലെ സമാഇൽ ജയിലിൽനിന്ന്​ ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി സുരേന്ദ്രൻ ഗോപാലകൃഷ്ണൻ (51) ജയിൽമോചിതനാകുമ്പോൾ ആന്ദകണ്ണീരടക്കാനാവാതെ ഭാര്യ പ്രിയയും മകളും. ബലിപ്പെരുന്നാളിനോടനുബന്ധിച്ച്​ സുൽത്താൻ ഹൈതം ബിൻ താരിക്ക്​ മാപ്പ്​ നൽകിയ തടവുകാരുടെ ലിസ്റ്റിലാണ്​ ഇദ്ദേഹം ഉൾപ്പെട്ടിട്ടുള്ളത്​. സുൽത്താന്‍റെ കാരുണ്യത്തിൽ ആകെ 308 പേരാണ്​ ജയിൽ മോചിതരായിരിക്കുന്നത്​. ഇതിൽ 119 പേർ വിദേശികളാണ്​. കേരള പ്രവാസി ക്ഷേമനിധി ബോർഡംഗം പി.എം. ജാബിറിന്റെ നേതൃത്വത്തിലുള്ള സാമൂഹിക പ്രവർത്തകരുടെ നിരന്തരമായ ഇടപ്പെടലുകളാണ്​ ഗോപാലകൃഷ്ണന്റെ മോചനത്തിന്​ വഴി തെളിഞ്ഞത്​.


ഗോപാലകൃഷ്ണൻ ജയിലിൽനിന്നും വരച്ച ചിത്രം

കല്ല്യാണം കഴിഞ്ഞ്​ മധുവിധു തീരുമുമ്പേ ഒമാനിലേക്ക്​ മടങ്ങിയ ഗോപാലകൃഷ്ണൻ സഹപ്രവർത്തകരായ രണ്ടുമലയാളിക​ളെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ്​ ജയിലിൽ പോകുന്നത്​. ഭാര്യ പ്രസവിച്ച സന്തോഷത്തിൽ നാട്ടിലേക്ക്​ പോകുന്നതുമായി ബന്ധപ്പെട്ട വാക്ക്​ തർക്കമാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചതെന്ന്​ പറയുന്നു. 2002ൽ ഇസ്​ക്കിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സമാഇലിൽ താമസിക്കുന്ന ടോണിയുടെ സഹായത്താൽ കഴിഞ്ഞ റമദാനിൽ പ്രിയയും മകളും ജയിലിൽ ഗോപാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വികാരഭരിതമായിരുന്നു ആ കൂടി കാഴ്​ച. വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രം കൂടെ കഴിഞ്ഞ് വിദേശത്തേക്ക് പോയ ഭർത്താവിനെ ഇരുപത്തിയൊന്നു വർഷങ്ങൾക്കു ശേഷമായിരുന്നു പ്രിയ കാണുന്നത്​. മകൾ വളർന്ന്​ ബിരുദധാരിയായിരിക്കുന്നത്​ നിറകണ്ണുളോടെയാണ്​ ഗോപാലകൃഷ്ണൻ കണ്ടത്​.

രേഖകൾ ശരിയാക്കി വൈകാതെ ഇദ്ദേഹത്തെ നാട്ടിലേക്കയക്കാനാകുമെന്ന്​ പി.എം. ജാബിർ പറഞ്ഞു. ഗോപാലകൃഷ്ണന്‍റെ മോചനം കാത്ത്​ കണ്ണീരണിഞ്ഞ്​ കഴിഞ്ഞിരുന്ന മാതാപിതാക്കൾ വർഷങ്ങൾക്ക്​ മുമ്പ്​ മരിച്ചു. നല്ലൊരു കലാകാരൻ കൂടിയായ സുരേന്ദ്രൻ ഗോപാലകൃഷ്ണൻ ജയിലിൽനിന്ന്​ നിരവധി ചിത്രങ്ങളും വരച്ചിരുന്നു.

Tags:    
News Summary - Gopala krishnan coming to native land after 21 year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.