സ്വ​ർ​ണ വി​ല കു​റ​ഞ്ഞു; ജ്വ​ല്ല​റി​ക​ളി​ൽ തി​ര​ക്കേ​റി

മസ്കത്ത്: സ്വർണ വില കുറഞ്ഞതോടെ ഒമാനിലെ ജ്വല്ലറികളിൽ തിരക്ക് വർധിച്ചു. അമേരിക്കൻ ഡോളർ ശക്തിപ്രാപിച്ചതോടെ ആഗോള വിപണിയിൽ സ്വർണ വില ഇടിഞ്ഞതാണ് ഒമാനിലും വില കുറയാൻ കാരണം. കഴിഞ്ഞ ദിവസങ്ങളിൽ ഒരുഗ്രാം 22 കാരറ്റ് സ്വർണ വില 20.400 റിയാലിൽ താഴെ വരെ എത്തിയിരുന്നു. ഇത് കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. എന്നാൽ, വെള്ളിയാഴ്ച ഗ്രാമിന് 20.550 റിയാലാണ് നിരക്ക്. വരും ദിവസങ്ങളിലും ചെറിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് സ്വർണ വിപണിയുമായി ബന്ധപ്പെട്ടവർ പറയുന്നു. ഏറ്റവും കൂടുതൽ സ്വർണ വ്യാപാരം നടക്കുന്ന ദീപാവലി സീസണോടനുബന്ധിച്ച് വിവിധ ജ്വല്ലറികൾ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിലയും പണിക്കൂലിയും ഒമാനിൽ കുറവായതിനാൽ നാട്ടിൽ പോവുന്നവർ സ്വർണം വാങ്ങുന്നത് ലാഭകരമായിരിക്കുമെന്നും വ്യാപാരികൾ പറയുന്നു. നാട്ടിൽ ഉള്ളതിനേക്കാൾ പതിന്മടങ്ങ് തരത്തിലുള്ള ആഭരണങ്ങളും ഇവിടെ ലഭ്യമാണ്. ഇപ്പോൾ നല്ല നിരക്കിലാണ് സ്വർണം ലഭിക്കുന്നതെന്നും അതിനാൽ വാങ്ങുന്നവർക്കും കരുതിവെക്കുന്നവർക്കും മികച്ച അവസരമാണിതെന്നും ജോയ് ആലുക്കാസ് റീജനൽ മാനേജർ ആന്‍റോ ഇഗ്നേഷ്യസ് പറഞ്ഞു. സ്വർണ വില വർധനവിൽനിന്ന് രക്ഷനേടാൻ 10 ശതമാനം മുൻകൂട്ടി നൽകി ബുക്ക് ചെയ്യുന്ന ഓഫർ നിലവിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഈ ഓഫർ അനുസരിച്ച്, സ്വർണ വില വർധിച്ചാലും ഈ മാസം 24 വരെ ബുക്ക് ചെയ്ത വിലയിൽതന്നെ സ്വർണം ലഭിക്കുമെന്നും കുറയുകയാണെങ്കിൽ ആ ആനുകൂല്യവും കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും പറ്റിയ അവസരമാണിതെന്നും അമേരിക്കൻ ഡോളർ ശക്തിപ്പെട്ടതിനെ തുടർന്ന് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലേക്ക് സ്വർണവില എത്തിയെന്നും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് റീജനൽ തലവൻ കെ. നജീബ് പറഞ്ഞു. വിപണി സ്ഥിരത കൈവരിക്കുന്നതോടെ വീണ്ടും വില ഉയരാനാണ് സാധ്യത. വരാനിരിക്കുന്ന ഓഫർ മുന്നിൽക്കണ്ട് വില വ്യതിയാനത്തിൽനിന്ന് ഉപഭോക്താക്കളെ രക്ഷിക്കാൻ മലബാർ ജ്വല്ലറി അഡ്വാൻസ് ഓഫറും നടപ്പാക്കിയിട്ടുണ്ട്. 

Tags:    
News Summary - Gold prices fell; Rush in jewellers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.