ജി.സി.സി യൂനിവേഴ്സിറ്റി നാടകോത്സവം 23 മുതൽ സലാലയിൽ
സലാല: ഗൾഫ് മേഖലയിലെ സർവകലാശാലകളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നാടകപ്രവർത്തകരെയും കലാകാരന്മാരെയും അണിനിരത്തുന്ന ഏഴാമത് ജി.സി.സി യൂനിവേഴ്സിറ്റി തിയേറ്റർ ഫെസ്റ്റിവലിന് സെപ്തംബർ 23-ന് സലാലയിൽ തുടക്കമാകും. ജി.സി.സി സെക്രട്ടേറിയറ്റ് ജനറലിന്റെ മേൽനോട്ടത്തിൽ ഒമാൻ ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ് യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാടകോത്സവം സെപ്തംബർ 29 വരെ നീളും.
‘നമ്മുടെ പാരമ്പര്യം നമ്മെ ഒന്നിപ്പിക്കുന്നു, നാടകം നമ്മെ ഒരുമിപ്പിക്കുന്നു’ എന്ന പ്രമേയത്തിൽ നടക്കുന്ന മേളക്ക് സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സ് ഫോർ കൾച്ചർ ആൻഡ് എന്റർടൈൻമെന്റ് വേദിയാകും. ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും സാംസ്കാരിക കൈമാറ്റം ശക്തമാക്കാനുമാണ് മേള ലക്ഷ്യമിടുന്നത്.
വിവിധ ജി.സി.സി സർവകലാശാലകളിൽ നിന്നുള്ള നാടകസംഘങ്ങൾ മാറ്റുരക്കുന്ന മത്സരങ്ങൾക്കൊപ്പം പ്രമുഖ നാടകപ്രവർത്തകരും അക്കാദമിക് വിദഗ്ധരും പങ്കെടുക്കുന്ന ചർച്ചകളും സംവാദങ്ങളും ഇതിന്റെ ഭാഗമായി നടക്കും. കുവൈത്ത് നടൻ സാദ് അൽ ഫറാജ്, ഖത്തരി നടൻ ഘാനിം അൽ സുലൈത്തി, ഒമാനി കലാകാരന്മാരായ സ്വാലിഹ് സആൽ, ഫഖ്‌രിയ ഖമീസ്, ആമിന അബ്ദുൽ റസൂൽ തുടങ്ങിയ പ്രമുഖർ മേളയിൽ അതിഥികളായെത്തും.
ഒമാനിൽ നിന്നുള്ള ഡോ. അബ്ദുൽ കരീം ജവാദാണ് ജൂറി അധ്യക്ഷൻ. വ്യക്തിത്വ വികാസത്തിലും മൂല്യങ്ങൾ വളർത്തുന്നതിലും നാടകത്തിനുള്ള പങ്കിനെക്കുറിച്ചുള്ള പ്രത്യേക സംവാദങ്ങളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.