ജി.​സി.​സി ഗെ​യിം​സി​ൽ സ്വ​ർ​ണ​മേ​ഡ​ൽ നേ​ടി​യ ഒ​മാ​ൻ വ​നി​ത ടീം 

ജി.സി.സി ഗെയിംസ്: ഒമാൻ മടങ്ങുന്നത് തലയുയർത്തി

മസ്കത്ത്: കുവൈത്തിൽ സമാപിച്ച ജി.സി.സി ഗെയിംസിൽ മെഡൽ പട്ടികയിൽ അവസാന സ്ഥാനത്താണെങ്കിലും സുൽത്താനേറ്റ് മടങ്ങുന്നത് തലയുയർത്തിപ്പിടിച്ചു തന്നെ. ഏറ്റവും കുറഞ്ഞ കായികതാരങ്ങളുമായി ഗെയിംസിൽ പങ്കെടുത്ത ഒമാൻ മികച്ച പോരാട്ടവീര്യം തന്നെയാണ് പല മത്സരങ്ങളിലും കാഴ്ചവെച്ചത്. മേയ് 16 മുതൽ 31വരെ നടന്ന മത്സരങ്ങളിൽ ഒമാൻ നേടിയത് 32 മെഡലുകൾ.

12 സ്വർണവും അഞ്ച് വെള്ളിയും 16 വെങ്കലവുമടക്കമാണ് ഇത്രയും മെഡലുകൾ കരസ്ഥമാക്കിയത്. 35 സ്വർണവും ആകെ 94 മെഡലുകളുമായി ആതിഥേയരായ കുവൈത്താണ് ഓവറോൾ ചാമ്പ്യൻഷിപ്പിൽ മുത്തമിട്ടത്. രണ്ടാം സ്ഥാനത്ത് ബഹ്റൈനാണ്. 20 സ്വർണമടക്കം ആകെ 63 മെഡലുകളാണ് കരസ്ഥമാക്കിയത്. 18 സ്വർണവും ആകെ 50 മെഡലുകളുമായി യു.എ.ഇ മൂന്നാം സ്ഥാനത്തുമെത്തി.

ഷൂ​ട്ടി​ങ്​ മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി​യ ഒ​മാ​ൻ ടീ​മു​ക​ളി​ലൊ​ന്ന്​ 

സൗദി അറേബ്യ 16 സ്വർണവും ആകെ 66 മെഡലുകളുമായി നാലാമതും ഖത്തർ 15 സ്വർണവും ആകെ 50 മെഡലുകളുമായി അഞ്ചാമതും ഫിനിഷ് ചെയ്തു. 130 പുരുഷ-വനിത താരങ്ങളുമായി ഒമാൻ 16 കളികളിൽ ഒമ്പത് എണ്ണത്തിൽ മാത്രമാണ് മത്സരിച്ചത്. എന്നാൽ കുവൈത്ത് 394, ബഹ്റൈൻ 360 താരങ്ങളുമായാണ് പങ്കെടുത്തത്. അവർ വ്യക്തിഗതമായും ടീം തിരിച്ചും 16 ഇനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.

സുവർണ കാഞ്ചിവലിച്ച്...

ഷൂട്ടിങ് ഇനത്തിൽനിന്നാണ് ഒമാൻ കൂടുതൽ മെഡൽ കരസ്ഥമാക്കിയത്. ഏഴ് സ്വർണവും രണ്ടു വെങ്കലവുമടക്കം ഒമ്പത് മെഡലുകളാണ് ഈ ഇനങ്ങളിൽ വെടിവെച്ചിട്ടത്. സ്വർണം നേടിയവർ: 10 മീറ്റർ എയർ റൈഫിൾ വിഭാഗം- സലിം ബിൻ അലി അൽ നാബി, 25 മീറ്റർ റാപ്പിഡ് പിസ്റ്റൾ-മോവാസ് ബിൻ ദാർവിഷ് അൽ ബലൂഷി, 50 മീറ്റർ റൈഫിൾ- ഇസ്സാം ബിൻ ബദർ അൽ ബലൂഷി, 10 മീറ്റർ എയർ പിസ്റ്റൾ- ടീം അംഗങ്ങളായ സെയ്ഫ് അൽ ഷുക്കൈലി, സുലൈമാൻ അൽ റഹ്ബി, ഇസ്മായിൽ അൽ അബ്രി.

50 മീറ്റർ റൈഫിൾ മത്സരം- ഇസാം അൽ ബലൂഷി, ദിൽഹാം അൽ ഹറാസി, അലി അൽ സഈദി എന്നിവരടങ്ങുന്ന ടീം.10 മീറ്റർ എയർ റൈഫിൾ- ടീമംഗങ്ങളായ ഇസ്സാം അൽ ബലൂഷി, മുഹമ്മദ് അൽ ഹജ്‌രി, സലിം അൽ നബി.

25 മീറ്റർ റാപ്പിഡ് പിസ്റ്റൾ: മൊവാസ് അൽ ബലൂഷി, സുൽത്താൻ അൽ ഹജ്‌രി, ജമാൽ അൽ ഹതാലി. 10 മീറ്റർ എയർ പിസ്റ്റളിൽ സുലൈമാൻ ബിൻ അബ്ദുല്ല അൽ റഹ്ബിയും 10 മീറ്റർ എയർ റൈഫിൾ മത്സരത്തിൽ ഇസ്സാം ബിൻ ബദർ അൽ ബലൂഷിയും വെങ്കലവും നേടി. പാഡൽ മത്സരത്തിൽ ഒമാൻ വനിത ടീം സ്വർണമണിഞ്ഞു.

അത്‌ലറ്റിക്‌സിൽ 11 മെഡലുകൾ....

അത്‌ലറ്റിക്‌സ് മത്സരങ്ങളിൽ ഒമാൻ പുരുഷ-വനിതാ ടീം നാല് സ്വർണവും മൂന്നു വെള്ളിയും നാലു വെങ്കലവുമടക്കം 11 മെഡലുകളാണ് നേടിയത്. 100 മീറ്റർ ഓട്ടത്തിൽ മസൂൻ അൽ അലവി, ജാവലിൻ ത്രോ മത്സരത്തിൽ ഹെബ അൽ അസ്മി, ഹാമർ ത്രോ മത്സരത്തിൽ ഹന അൽ തൗഖി എന്നിവരിലൂടെ വനിതാ ടീം മൂന്ന് സ്വർണം നേടി. 100 മീറ്റർ ഹർഡിൽസിൽ മസൂൻ അൽ അലവി വെള്ളിയും ഹൈജംപ് മത്സരത്തിൽ ഹിബ അൽ അസ്മി വെങ്കലവും നേടി.

പുരുഷന്മാരുടെ ലോങ്ജംപിൽ സലിം അൽ യാറൂബി സ്വർണം നേടിയപ്പോൾ ട്രിപ്പിൾ ജംപിൽ സലിം അൽ റവാഹി വെള്ളിയും കരസ്ഥമാക്കി. ട്രിപ്പിൾ ജംപിൽ സലിം അൽ യാറൂബി, 100 മീറ്റർ ഓട്ടത്തിൽ ബറകത്ത് അൽ ഹർത്തി, 110 മീറ്റർ ഹർഡിൽസിൽ ഖൽഫാൻ അൽ ജാബ്രി എന്നിവർ നേടിയ മൂന്ന് വെങ്കലമാണ് പുരുഷന്മാരുടെ മറ്റ് അത്‌ലറ്റിക്‌സ് മെഡലുകൾ. നീന്തൽ മത്സരത്തിൽനിന്ന് രണ്ട് വെള്ളിയും മൂന്നുവെങ്കലുമാണ് ലഭിച്ചത്.

800, 400 മീറ്റർ ഫ്രീസ്റ്റൈലുകളിൽ ഇസ്സ അൽ അദവിയാണ് വെള്ളി മെഡലുകൾ നേടിയത്. 200 മീറ്റർ ഫ്രീസ്റ്റൈലിൽ ഇസ്സ അൽ അദവി, 4x100 , 4x200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ ഒമാൻ ടീമുകളും വെങ്കലം മുങ്ങിയെടുത്തു. വോളിബാൾ ടീം മൂന്നാം തവണയും വെങ്കല മെഡൽ നേടി. കരാട്ടേ മത്സരങ്ങളിൽ മുഹമ്മദ് അൽ ഹജ്‌രി (55 കിലോഗ്രാം), സയീദ് അൽ ഷബീബി (60 കിലോഗ്രാം), മുഹമ്മദ് അൽ കിൻദി (75 കിലോഗ്രാ) എന്നിങ്ങനെ മൂന്ന് വെങ്കല മെഡലുകൾ നേടിയാണ് ടീം തങ്ങളുടെ പങ്കാളിത്തം അവസാനിപ്പിച്ചത്. 

Tags:    
News Summary - GCC Games: Oman returns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.