യുവതയെ ശാക്തീകരിക്കാൻ ജി.സി.സി രാജ്യങ്ങൾ

മസ്കത്ത്​: യുവാക്കളെ ശാക്തീകരിക്കാനുള്ള ശ്രമങ്ങൾ വർധിപ്പിക്കാൻ ജി.സി.സി യുവജന, കായിക സമിതി മന്ത്രിമാരുടെ മസ്കത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ഒമാൻ വിദ്യാഭ്യാസ മന്ത്രി ഡോ. മദീഹ ബിൻത് അഹമ്മദ് അൽ ഷൈബാനിയ ഉദ്ഘാടനം ചെയ്തു. ജി.സി.സി രാജ്യങ്ങളിലെ യുവജന, കായിക മന്ത്രിമാരുടെ പങ്കാളിത്തത്തോടെ സാംസ്കാരിക, കായിക, യുവജന മന്ത്രാലയമാണ് യോഗം സംഘടിപ്പിച്ചത്.

ജി.സി.സിയുടെ അറബ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം ബിൻ മുഹമ്മദ് അൽ ബുദൈവി സംബന്ധിച്ചു. സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സഈദിനെ പ്രതിനിധാംചെയ്ത് മുഖ്യാതിഥി നടത്തിയ പ്രസംഗത്തോടെയാണ് യോഗം ആരംഭിച്ചത്.

യുവജന മേഖലയിൽ സംയുക്ത ജി.സി.സി പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ജി.സി.സി യുവജന, കായിക മന്ത്രാലയങ്ങളുടെ അവതരണങ്ങൾ യോഗത്തിൽ നടന്നു. സംയുക്ത സഹകരണം വർധിപ്പിക്കുന്നതിനുള്ള സംരംഭങ്ങളും നിർദേശങ്ങളും ആരംഭിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രിമാർ അടിവരയിട്ടു പറഞ്ഞു. ജി.സി.സി രാജ്യങ്ങളിലെ യുവജന മേഖലയിൽ പൊതു താൽപര്യമുള്ള നിരവധി വിഷയങ്ങളും യോഗം ചർച്ചചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.