മസ്കത്ത്: മൂന്നാമത് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ബീച്ച് ഗെയിംസിന് ഇന്ന് മസ്കത്തിൽ തുടക്കമാകും. ഏപ്രിൽ അഞ്ചു മുതൽ 11 വരെ നടക്കുന്ന ‘മസ്കത്ത്-2025’ ൽ ജി.സി.സിയിലെ ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ എന്നീ ആറ് രാജ്യങ്ങൾ പങ്കെടുക്കും.
ബീച്ച് ഫുട്ബാൾ, ബീച്ച് വോളിബാൾ, ബീച്ച് ഹാൻഡ്ബാൾ, ഓപൺ വാട്ടർ നീന്തൽ, സെയിലിങ്, ടെന്റ് പെഗ്ഗിങ്, ബീച്ച് അത്ലറ്റിക്സ്, പാരാഗ്ലൈഡിങ് എന്നിങ്ങനെ എട്ട് കായിക ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. കായിക പ്രവർത്തനങ്ങളും ടൂർണമെന്റുകളും ഗൾഫ് യുവാക്കൾക്കിടയിൽ കൂടുതൽ ഐക്യവും കായിക സംയോജനവും വളർത്തിയെടുക്കും.
ഗെയിംസിൽ അത്ലറ്റുകളുടെ പങ്കാളിത്തം ഇത് തെളിയിക്കുന്നു. ജി.സി.സി രാജ്യങ്ങൾക്കിടയിൽ സംയുക്ത കായിക സഹകരണം വർധിപ്പിക്കുന്നതിനും ഗെയിംസ് വഴയൊരുക്കുമെന്ന് സംഘാടകർ പറഞ്ഞു. സയ്യിദ് മാലിക് ബിൻ ഷിഹാബ് അൽ സഈദിന്റെ രക്ഷാകർതൃത്വത്തിൽ അൽ ഖുറം നാച്ചുറൽ പാർക്കിലെ അൽ ബുഹൈറ തിയേറ്ററിൽ ഉദ്ഘാടന ചടങ്ങ് നടക്കും.
ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ, പ്രാദേശിക കായികരംഗത്തെ ഒമാന്റെ വളർച്ച, വിശാലമായ തീരപ്രദേശം, അനുയോജ്യമായ കാലാവസ്ഥ, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ പ്രദർശിപ്പിക്കാനുള്ള മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്.
ബീച്ച് സോക്കർ, ഹാൻഡ്ബോൾ: സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സ് (ഏപ്രിൽ 5-11), ബീച്ച് വോളിബാൾ , അത്ലറ്റിക്സ്: അൽ അതൈബ ബീച്ച് (ഏപ്രിൽ 8-11), ഓപ്പൺ വാട്ടർ സ്വിമ്മിങ്: ദി വേവ്, മസ്കത്ത് (ഏപ്രിൽ 9-11), സെയിലിങ്: അൽ ഹെയ്ൽ നോർത്ത് ബീച്ച് (ഏപ്രിൽ 6-10) എന്നിങ്ങനെ വിവിധ വേദികളിലായാണ് മത്സരങ്ങൾ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.