തെഹ്റാനിൽ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അമീർ അബ്ദുള്ളാഹിയാനും
മസ്കത്ത്: ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അമീർ അബ്ദുള്ളാഹിയാനുമായി തെഹ്റാനിൽ കൂടിക്കാഴ്ച നടത്തി. ഗസ്സയിലെ വേദനാജനകമായ സംഭവവികാസങ്ങളെക്കുറിച്ചും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ നടത്തുന്ന മാനുഷികവും രാഷ്ട്രീയവുമായ ശ്രമങ്ങളെക്കുറിച്ചും മന്ത്രിമാർ ചർച്ച ചെയ്തു. ഫലസ്തീന്റെ ആവശ്യത്തിനുള്ള പിന്തുണ ആവർത്തിച്ചു പറയുകയും ഇസ്രായേലിന്റെ ക്രൂരമായ ആക്രമണങ്ങൾ അവസാനിപ്പിക്കാനും ഉപരോധം പിൻവലിക്കാനും അവർ ആവശ്യപ്പെടുകയും ചെയ്തു.
ഗസ്സ മുനമ്പിലെ ദാരുണമായ സാഹചര്യത്തെക്കുറിച്ചും സിവിലിയൻമാർ, പൊതു സൗകര്യങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവ ലക്ഷ്യമിട്ട് ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന തുടർ സൈനിക നടപടികളെക്കുറിച്ചും ചർച്ച ചെയ്തുവെന്ന് സയ്യിദ് ബദർ പറഞ്ഞു. യുദ്ധം അവസാനിപ്പിച്ച് സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഇസ്രായേൽ അധിനിവേശത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ തിരിക്കാനും ഇറാൻ അടക്കമുള്ള മറ്റ് രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതും ഒമാൻ തുടരും.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാതെ സുരക്ഷിതത്വവും സ്ഥിരതയും ഉണ്ടാകില്ലെന്ന വസ്തുത അദ്ദേഹം ഊന്നിപ്പറഞ്ഞു. വിവിധ ഉഭയകക്ഷി, പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ക്രിയാത്മകമായ ചർച്ചകൾ തുടരാനുള്ള അവസരമാണ് ഈ കൂടിക്കാഴചയെന്ന് അമിറാബ്ല്ലാഹിയാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.