സമ്പൂർണ ലോക്​ഡൗൺ നാളെ മുതൽ: ഹൈപർമാർക്കറ്റുകളിൽ വൻ തിരക്ക്; ചിലയിനം ഭക്ഷ്യ ഉൽപന്നങ്ങൾ കിട്ടാനില്ല

മസ്കത്ത്: ഒമാനിൽ ചൊവ്വാഴ്ച മുതൽ നാലു ദിവസത്തേക്ക് സമ്പൂർണ ലോക്ഡൗൺ ആരംഭിക്കാനിരിക്കെ ഹൈപർമാർക്കറ്റുകളിലും ഭക്ഷ്യ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലും വൻ തിരക്ക് അനുഭവപ്പെട്ടു. ആളുകൾ വൻതോതിലാണ്​ സാധനങ്ങൾ വാങ്ങി കൂട്ടിയത്​. ഇതോടൊപ്പം വിപണിയിലെത്തിയ സാധനങ്ങളുടെ അളവിൽ കുറവുണ്ടായതും ക്ഷാമത്തിന്​ കാരണമായി.

ഫ്രഷ് ചിക്കൻ, മുട്ട, ചില ഇനം പച്ചക്കറികൾ, സ്നാക്സ് ഇനത്തിൽ ചിപ്സുകൾ തുടങ്ങിയവയാണ്​ പല സ്​ഥാപനങ്ങളിലും തീർന്നത്​. വെള്ളം ആളുകൾ വലിയ തോതിൽ വാങ്ങി കൂട്ടുന്നുണ്ടെങ്കിലും മാർക്കറ്റിൽ സുലഭമായതിനാൽ ക്ഷാമമില്ല.

ഫ്രഷ് ചിക്കൻ, മുട്ട എന്നിവക്ക് ക്ഷാമം അനുഭവപ്പെടാൻ പ്രധാന കാരണം ആളുകൾ അമിതമായി ഉൽപന്നങ്ങൾ വാങ്ങി കൂട്ടുന്നതും ഉൽപാദനം കുറഞ്ഞതുമാണെന്ന് വ്യാപാരികൾ പറയുന്നു. പച്ചക്കറികളുടെ ഇറക്കുമതി കുറഞ്ഞതോ ഒാർഡറുകൾ നീട്ടിവെക്കുകയോ ചെയ്തതിനാൽ ചില ഇനം പച്ചക്കറികളും കിട്ടാനില്ല.

ഫ്രഷ് ചിക്കൻ നാലു ദിവസത്തെ കാലാവധി മാത്രമാണുള്ളത്. ലോക്ഡൗൺ വരുന്നതിനാൽ ഉൽപാദിപ്പിക്കുന്നവ വിറ്റഴിഞ്ഞില്ലെങ്കിൽ വൻ നഷ്​ടം വരുമെന്ന് ഭയന്നാണ് പല കമ്പനികളും ഉൽപാദനം കുറച്ചതെന്നും കരുതുന്നു. ചില ഇനം പച്ചക്കറികൾക്കും ഇതേ അവസ്ഥയാണ്. സമ്പൂർണ േലാക്ഡൗൺ വരുന്നതിനാൽ തിങ്കളാഴ്ച നാല് മണിക്ക് മുമ്പ് പച്ചക്കറികൾ വിറ്റഴിഞ്ഞില്ലെങ്കിൽ കേടുവരുമെന്ന് കരുതിയാണ് ചില സ്ഥാപനങ്ങൾ പച്ചക്കറി വിൽപനക്ക്​ എത്തിക്കുന്നത്​ കുറച്ചത്​. നാലു ദിവസം വീട്ടിൽ തന്നെ കഴിയേണ്ടിവരുമെന്നതിനാൽ സമയം ചെലവിടാൻ പലരും ചിപ്സ് അടക്കമുള്ളവ വാങ്ങി കൂട്ടുന്നതിനാൽ ഇൗ ഇനങ്ങൾ വെച്ചിരിക്കുന്ന റാക്ക് പല ഹൈപർമാർക്കറ്റുകളിലും കാലിയായി കിടക്കുകയാണ്.

നാലു ദിവസത്തെ േലാക്ഡൗണിന് കരുതലായി വാങ്ങികൂട്ടുന്നത് ആഴ്ചകൾക്കുള്ള ഭക്ഷ്യ ഉൽപന്നങ്ങളാണെന്നും വ്യാപാരികൾ പറയുന്നു. എന്നാൽ, മവേല മാർക്കറ്റിൽ എല്ലാ ഇനം പച്ചക്കറികളും സുലഭമാണെന്നും എന്നാൽ സമ്പൂർണ ലോക്ഡൗൺ മൂലം കേടുവരാനുള്ള സാധ്യത കണക്കിലെടുത്ത്​ വ്യാപാരികൾ വാങ്ങുന്നത് കുറച്ചിട്ടുണ്ടെന്നും പഴം-പച്ചക്കറി മൊത്ത വ്യാപാര സ്​ഥാപനമായ സുഹൂൽ അൽ ഫൈഹ മാനേജിങ് ഡയറക്ടർ അബ്​ദുൽ വാഹിദ് പറഞ്ഞു.

ആൾക്കൂട്ടം കൂടുതലാണെങ്കിലും മുൻ വർഷത്തെ പകുതി കച്ചവടം പോലുമില്ലെന്ന് വ്യാപാരികൾ പറയുന്നു. പെരുന്നാൾ കച്ചവടത്തിെൻറ ഭാഗമായ തുണിത്തരങ്ങൾ, ഗിഫ്റ്റുകൾ, പാവകൾ, ചോക്ലേറ്റ്​ ഇനങ്ങൾ എന്നിവക്ക് തീരെ ആവശ്യക്കാരില്ല. ഉപ​േഭാക്താക്കളിൽ ഭൂരിഭാഗവും ഭക്ഷ്യ ഉൽപന്നങ്ങൾ മാത്രമാണ് വാങ്ങുന്നത്. ഭക്ഷ്യ ഉൽപന്നങ്ങൾ മാത്രം വിറ്റാൽ ഹൈപ്പർമാർക്കറ്റുകൾക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല. ഭക്ഷ്യ ഉൽപന്നങ്ങൾ അല്ലാത്തവയുടെ വ്യാപാരം 2019നെ അപേക്ഷിച്ച് 70 ശതമാനം കുറവാണെന്ന് ഹൈപർമാർക്കറ്റുമായി ബന്ധപ്പെട്ടവർ പറയുന്നു.

വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. സുരക്ഷിതമായി നിൽക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ഇൗദ് ആഘോഷം സുരക്ഷിതമാവാൻ എല്ലാവരും ഒന്നിച്ച് ശ്രമിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

അതോടൊപ്പം ഹൈപർമാർക്കറ്റുകൾ കോവിഡ് വ്യാപനം തടയുന്നതിന് എല്ലാ മുൻകരുതലുകളും എടുക്കുന്നുണ്ട്. ആളുകളെ ഉള്ളിൽ കടത്തുന്നതിനടക്കം കർശന നിയന്ത്രണങ്ങളാണ് ഹൈപർമാർക്കറ്റുകൾ നടപ്പാക്കുന്നത്

Tags:    
News Summary - Full lockdown from tomorrow: Huge rush in hypermarkets; Some food items are not available

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.