തെക്കൻ ബാത്തിന മേഖല
ബർക: നിക്ഷേപ സാധ്യതകൾ അവതരിപ്പിക്കുകയും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് തെക്കൻ ബാത്തിന ഗവർണറേറ്റിൽ നിക്ഷേപ അവസര ഫോറം ഏപ്രിൽ ആറിന് ബർക വിലായത്തിൽ നടക്കും. ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ തെക്കൻ ബാത്തിന ശാഖയും ഗവർണറേറ്റും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഗുണമേന്മയുള്ള നിക്ഷേപങ്ങൾ ആകർഷിക്കുകയും പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുകയും സാമ്പത്തിക വളർച്ച ഉത്തേജിപ്പിക്കുകയും ചെയ്യുക എന്നതാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യമെന്ന് തെക്കൻ ബാത്തിന ഗവർണർ എൻജിനീയർ മസൂദ് സഈദ് അൽ ഹാഷ്മി വ്യക്തമാക്കി. പ്രധാന മേഖലകളിലെ നിക്ഷേപ സാധ്യതകൾ അവതരിപ്പിക്കുന്നതോടൊപ്പം ചർച്ചാസമ്മേളനങ്ങളും പ്രദർശനവും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിക്ഷേപ അവസരങ്ങളെ പദ്ധതികളാക്കി മാറ്റുന്നതിനായി നിരവധി കരാറുകൾ ഫോറത്തിൽ ഒപ്പുവെക്കും. ഇത് ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും ഗവർണറേറ്റിന്റെ മത്സരക്ഷമത ഉയർത്തുന്നതിനും സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ‘സുസ്ഥിര വികസനവും സമഗ്ര സാമ്പത്തിക പങ്കാളിത്തവും’ എന്ന തലക്കെട്ടിൽ നടക്കുന്ന ഫോറത്തിൽ വിവിധ സാമ്പത്തിക മേഖലകളിലായി നൂറിലധികം നിക്ഷേപ അവസരങ്ങളും 60 ലക്ഷം ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള 40-ലധികം നിക്ഷേപ സ്ഥലങ്ങളും അവതരിപ്പിക്കും.
വ്യവസായ-ഭക്ഷ്യസംസ്‌കരണ മേഖല (30), വ്യാപാര മേഖല (27), സേവന മേഖല (17), ഇക്കോ-സാംസ്കാരിക-സാഹസിക ടൂറിസം (15), റിയൽ എസ്റ്റേറ്റ് (ഏഴ്), കൃഷി-ഭക്ഷ്യ സുരക്ഷ (നാല്) എന്നിവ ഉൾപ്പെടെയുള്ള പ്രധാന മേഖലകളിലായാണ് അവസരങ്ങൾ ഒരുക്കുന്നത്.വഖഫ്-മതകാര്യ മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം, ഭവന- നഗരാസൂത്രണ മന്ത്രാലയം, ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയം എന്നിവയുടെ ഭൂമികളും നിക്ഷേപ നിർദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഖസാഇൻ ഇക്കണോമിക് സിറ്റിയും ഗവർണറുടെ ഓഫിസും മറ്റ് സാമൂഹിക സംഘടനകളും അവതരിപ്പിക്കുന്ന അവസരങ്ങളും ഉണ്ടാകും.
ഫോറത്തിനിടെ സർക്കാർ സ്ഥാപനങ്ങളും ദേശിയ-അന്താരാഷ്ട്ര നിക്ഷേപകരും തമ്മിൽ 10 ലധികം കരാറുകൾ ഒപ്പുവെക്കുമെന്ന് അധികൃതർ അറിയിച്ചു. വിവിധ മേഖലകളിൽ നടന്നു വരുന്ന പ്രധാന പദ്ധതികൾ പ്രദർശിപ്പിക്കുന്ന മിനി എക്സിബിഷനും സംഘടിപ്പിക്കും. കൂടാതെ നിക്ഷേപ സാധ്യതകളുടെ സമഗ്ര വിവരങ്ങളടങ്ങിയ ‘ഇൻവെസ്റ്റ്മെന്റ് ഓപ്പർച്ച്യൂണിറ്റീസ് ഗൈഡ്’ പുറത്തിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.