‘‘...മഴ പെയ്ത് ചെളി നിറഞ്ഞ കളിപ്പറമ്പുകളിൽ, കാറ്റില്ലാത്ത പന്തുതട്ടി കൂട്ടുകാർക്കൊപ്പമുള്ള ആ കളിനേരങ്ങൾ ഇന്നും മായാത്ത ഓർമ്മകളാണ്...’’
കാൽപന്തുകളിയുടെ ആവേശം ലോകം മുഴുവൻ പടരുമ്പോൾ, മനസ്സിലേക്ക് ഒരു പെരുമഴ പോലെ പെയ്തിറങ്ങുന്നത് തൊണ്ണൂറുകളിലെ ആ സുന്ദരമായ ലോകകപ്പ് കാലമാണ്. ഒരൊറ്റ ടിവിക്ക് മുന്നിൽ നാട്ടുകാരും കൂട്ടുകാരും ഒത്തുകൂടുന്ന, ആർപ്പുവിളികളുടെയും പിണക്കങ്ങളുടെയും ആ പഴയ നാളുകൾ.
1994-ലെ അമേരിക്കൻ ലോകകപ്പാണ് എന്നിലെ ഫുട്ബാൾ ഭ്രാന്തനെ ഉണർത്തിയത്. റൊമാരിയോയും ബെബറ്റോയും നയിച്ച ബ്രസീലിന്റെ കാനറിപ്പട മൈതാനത്ത് തീപ്പൊരി പാറിച്ചപ്പോൾ, മനസ്സിൽ മഞ്ഞക്കുപ്പായം തുന്നിപ്പിടിപ്പിച്ചു കഴിഞ്ഞിരുന്നു.
പിന്നീട് 2000-മാണ്ടുകളിലേക്ക് എത്തിയപ്പോൾ ഫുട്ബോൾ ഭ്രാന്ത് അൽപം കൂടി മൂത്തു. ബ്രസീലിയന് താരം റിവാൾഡോയും റിക്കാർഡോ കാക്കയും ഇംഗ്ലണ്ടിന്റെ ഡേവിഡ് ബെക്കാം, മൈക്കൽ ഓവൻ, ഫ്രാൻസിന്റെ സിനദിൻ സിദാൻ, സ്പെയിനിന്റെ റൗൾ ഗോൺസാലസ്, പോർച്ചുഗീസ് താരം ലൂയിസ് ഫിഗോ, അർജന്റീനയുടെ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയും യുവാൻ റോമൻ റിക്വൽമെയും തുടങ്ങിയ സൂപ്പർ ഹീറോകളുടെ സ്റ്റൈലൻ കളിയും പോരാട്ടവീര്യവുമായിരുന്നു അന്നത്തെ ലഹരി. അവർ കളം നിറഞ്ഞാടിയ ആ സുവർണ കാലഘട്ടത്തിലെ ഓരോ കളിക്കാരനും ഞങ്ങൾക്ക് ഹീറോകളായിരുന്നു.
മഴ പെയ്ത് ചെളി നിറഞ്ഞ കളിപ്പറമ്പുകളിൽ, കാറ്റില്ലാത്ത പന്തുതട്ടി കൂട്ടുകാർക്കൊപ്പമുള്ള ആ കളിനേരങ്ങൾ ഇന്നും മായാത്ത ഓർമ്മകളാണ്. ഒരുമിച്ച് കളി കണ്ടും കളിച്ചും ജയിക്കുമ്പോൾ മധുരം പങ്കിട്ടും തോൽക്കുമ്പോൾ പരസ്പരം കളിയാക്കിയും കടന്നുപോയ ആ നിമിഷങ്ങളാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഫുട്ബാൾ ഡയറിത്താളുകൾ.
ഇന്ന് ലോകം മറ്റൊരു ലോകകപ്പിന്റെ ആവേശത്തിലേക്ക് ചുരുങ്ങുമ്പോൾ ഉള്ളിലൊരു വലിയ സ്വപ്നമുണ്ട്; ഒരു ദിവസം നമ്മുടെ ഇന്ത്യയും ഈ ലോകകപ്പ് വേദികളിൽ ബൂട്ടുകെട്ടി ഇറങ്ങുന്നത് കാണണം.
ആ ത്രിവർണ പതാക ലോകകപ്പ് മൈതാനങ്ങളിൽ പാറിക്കളിക്കുന്നത് കാണാൻ കാത്തിരിക്കുന്ന കോടിക്കണക്കിന് ഇന്ത്യൻ ഫുട്ബാൾ പ്രേമികളിൽ ഒരാളായി ഞാനും ആ സുദിനത്തിനായി കാത്തിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.