ഇന്ത്യൻ സ്കൂൾ മസ്കത്തിൽനിന്ന് നീറ്റ് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാർഥികൾ

സുരക്ഷാ ക്രമീകരണങ്ങളോടെ നീറ്റ് പുനഃപരീക്ഷ; ഒമാനിലും പരീക്ഷാർഥികൾ ആശ്വാസത്തിൽ

മസ്കത്ത്: ഇന്ത്യയിൽ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെ വിജയകരമായി പൂർത്തിയായി. ഒമാൻ ഉൾപ്പെടെയുള്ള 14 വിദേശ കേന്ദ്രങ്ങളിലും ഇന്ത്യയിലെ 5,440 പരീക്ഷാ കേന്ദ്രങ്ങളിലുമായി 22 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഒമാനിൽ മസ്കത്ത് ഇന്ത്യൻ സ്കൂളിലെ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രത്തിലായിരുന്നു പുനഃപരീക്ഷ.

ഉച്ചക്ക് 12.30 മുതൽ വൈകീട്ട് 3.45 വരെ നടന്ന പരീക്ഷ പെൻ ആൻഡ് പേപ്പർ രീതിയിലാണ് നടത്തിയത്. മുമ്പത്തേതിൽനിന്ന് വ്യത്യസ്തമായി 195 മിനിറ്റായിരുന്നു പരീക്ഷ. വിദ്യാർഥികൾക്ക് പരീക്ഷാ സമയത്തെ മാനസിക സമ്മർദം കുറക്കുന്നതിനായി ഇത്തവണ ചോദ്യപേപ്പറിൽ റഫ് വർക്കുകൾ ചെയ്യാനുള്ള സ്ഥലം നാല് പേജുകളായി വർധിപ്പിച്ചു നൽകിയതും സഹായകരമായി.

അതേസമയം, മേയ് മൂന്നിന് ഗൾഫ് നാടുകളിൽ പരീക്ഷ എഴുതിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ വിദ്യാർഥികൾക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി കറക്ഷൻ വിൻഡോ വഴി നാട്ടിൽ തന്നെ പരീക്ഷ എഴുതാനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. മേയ് 15 മുതൽ മേയ് 21 വരെ എൻ.ടി.എ-യുടെ വെബ്‌സൈറ്റിൽ ഇതിനായി പ്രത്യേക വിൻഡോ തുറന്നിരുന്നു. ഈ സമയത്ത് വിദ്യാർഥികൾക്ക് തങ്ങളുടെ ഇപ്പോഴത്തെ വിലാസവും ഇന്ത്യയിൽ അവർക്ക് പരീക്ഷ എഴുതാൻ താൽപര്യമുള്ള നഗരങ്ങളും തെരഞ്ഞെടുക്കാൻ അനുവാദമുണ്ടായിരുന്നു. ഈ വിലാസ മാറ്റം കൃത്യമായി രേഖപ്പെടുത്തിയ ഗൾഫിൽ നിന്നുള്ള വിദ്യാർഥികൾക്ക് അവർ ആവശ്യപ്പെട്ടതനുസരിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പുനഃപരീക്ഷ എഴുതാൻ സെന്ററുകൾ അനുവദിച്ചു നൽകി.

പരീക്ഷക്കു ശേഷം പുറത്തിറങ്ങിയ വിദ്യാർഥികളിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ മേയ് മൂന്നിന് നടന്ന പരീക്ഷയെ അപേക്ഷിച്ച് ചോദ്യങ്ങൾ അൽപം കൂടി കഠിനമായിരുന്നെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

ബയോളജി വിഭാഗത്തിലെ ചോദ്യങ്ങൾ താരതമ്യേന ലളിതമായിരുന്നപ്പോൾ, ഫിസിക്‌സ്, ​കെമിസ്ട്രി ചോദ്യങ്ങൾ പൊതുവെ കടുപ്പമായിരുന്നെന്നും വിദ്യാർഥികൾ പറഞ്ഞു.

അതേസമയം, നീറ്റ് പ്രതിസന്ധിയും പുനഃപരീക്ഷയും വിദ്യാർഥികളിൽ വല്ലാത്ത മനഃപ്രയാസമുണ്ടാക്കിയതായി ഒരു രക്ഷിതാവ് പ്രതികരിച്ചു.

സുതാര്യത ഉറപ്പാക്കാൻ പുനഃപരീക്ഷക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് എൻ.ടി.എ ഏർപ്പെടുത്തിയിരുന്നത്. ഇരട്ട സുരക്ഷാ പരിശോധന, നിർബന്ധിത ബയോമെട്രിക് വെരിഫിക്കേഷൻ, സി.സി.ടി.വി തത്സമയ നിരീക്ഷണം, എ.ഐനിരീക്ഷണം എന്നിവ പരീക്ഷാ കേന്ദ്രങ്ങളിൽ ഉണ്ടായിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ വഴിയുള്ള ക്രമക്കേടുകൾ തടയാൻ സിഗ്നൽ ജാമറുകളും സ്ഥാപിച്ചിരുന്നു. വൈകാതെ എൻ.ടി.എ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആൻസർ കീയും ഫലപ്രഖ്യാപന തീയതിയും പുറത്തുവിടും.

Tags:    
News Summary - NEET re-exam with security arrangements; Candidates in Oman also relieved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.