വാദി അന്നർ അണക്കെട്ടിന്റെ ഉദ്ഘാടനം തൊഴിൽ മന്ത്രി മഹദ് ബിൻ സഈദ് ബിൻ അലി ബവോയ്ന്റെ രക്ഷാകർതൃത്വത്തിൽ നടന്നപ്പോൾ
സലാല: ദോഫാറിലെ വെള്ളപ്പൊക്ക സംരക്ഷണം വർധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി സലാലയിൽ രണ്ടു പ്രധാന അണക്കെട്ടുകളുമായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം വാദി അന്നർ, വാദി അദവ്നിബ് എന്നീ രണ്ടു പുതിയ അണക്കെട്ടുകളാണ് ഒരുക്കിയിയിരിക്കുന്നത്.
47 ദശലക്ഷം റിയാലിന്റെ ചെലവിൽ നിർമിച്ച ഈ രണ്ടു അണക്കെട്ടുകളും വെള്ളപ്പൊക്ക സംരക്ഷണം വർധിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ്. വാദി അന്നർ അണക്കെട്ടിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രാലയം നിർവഹിച്ചു. തൊഴിൽ മന്ത്രി മഹദ് ബിൻ സഈദ് ബിൻ അലി ബവോയ്ന്റെ രക്ഷാകർതൃത്ത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നിരവധി പ്രമുഖരും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു.
സലാലയിൽ നിർമിച്ച ഡാമുകളിലൊന്ന്
ദോഫാർ ഗവർണറേറ്റിന്റെ വെള്ളപ്പൊക്ക സംരക്ഷണ സംവിധാനത്തിന്റെ ഭാഗമാണ് ഈ അണക്കെട്ട്. ഏകദേശം 16 ദശലക്ഷം ക്യുബിക് മീറ്റർ സംഭരണ ശേഷിയുള്ള ഇതിന് ഏകദേശം 23 ദശലക്ഷം റിയാലാണ് ആകെ ചെലവ്. സലാലയിലെ വെള്ളപ്പൊക്ക സംരക്ഷണ സംവിധാനത്തിലെ ഏറ്റവും വലിയ അണക്കെട്ടും രാജ്യത്തെ രണ്ടാമത്തേതുമായ വാദി അദവ്നിബ് അണക്കെട്ടിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും.
83 ദശലക്ഷം ഘനമീറ്റർ സംഭരണശേഷിയുള്ള ഇതിന് ഏകദേശം 24 ദശലക്ഷം റിയാലാണ് ആകെ ചെലവ്. കാലാവസ്ഥ വെല്ലുവിളികളെ നേരിടാനും വാദി അന്നാറിലും വാദി അദാനിബിലും വെള്ളപ്പൊക്ക സാധ്യത കുറക്കാനും കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം രണ്ടു പുതിയ അണക്കെട്ടുകൾ നിർമിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ജലസുരക്ഷ വർധിപ്പിക്കുന്നതിനും സലാല തുറമുഖം, റായ്സുത് ഇൻഡസ്ട്രിയൽ സിറ്റി, സലാല ഫ്രീ സോൺ എന്നിവിടങ്ങളിലേക്ക് മലനിരകളിൽനിന്ന് ഇറങ്ങുന്ന കനത്ത മഴവെള്ളവും വെള്ളപ്പൊക്കവും തടയുന്നതിന് ഡാമുകൾ സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.