‘നാമ’ കമ്പനി അധികൃതർ വാർത്തസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിക്കുന്നു
മസ്കത്ത്: വേനൽക്കാലത്ത് ഉയർന്ന വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ‘ഫിക്സഡ് പേമെൻറ് സേവനം’ അവതരിപ്പിച്ച് നാമ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി. വരിക്കാർക്ക് വർഷം മുഴുവനും നിശ്ചിത തുക അടക്കാൻ സഹായിക്കുന്നതായിരിക്കും പദ്ധതിയെന്ന് നാമ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി, നാമ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി, നാമ ദോഫാർ സർവിസസ് കമ്പനി അധികൃതർ ചേർന്ന് നടത്തിയ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വേനലവധിക്കാലത്തെ കമ്പനിയുടെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളും വിശദീകരിച്ചു. കഴിഞ്ഞ 12 മാസത്തെ ശരാശരി ഉപഭോഗത്തെ അടിസ്ഥാനമാക്കിയായിരിക്കും ‘ഫിക്സഡ് പേയ്മെൻറ് സേവനം’ കണക്കാക്കുക. ഉപഭോക്താക്കൾക്ക് അവരുടെ യഥാർഥ ഉപയോഗം പരിഗണിക്കാതെ തന്നെ ഈ മുൻകൂട്ടി നിശ്ചയിച്ച തുക അടക്കാൻ കഴിയും. നാമ വെബ്സൈറ്റ് വഴിയോ ആപ് വഴിയോ സേവനം സബ്സ്ക്രൈബ് ചെയ്യാം. ഇങ്ങനെ ചെയ്യുന്നതിലൂടെ വൈദ്യുതി എത്ര ഉപയോഗിച്ചാലും നേരത്തേ നിശ്ചയിച്ച ശരാശരി തുക അടച്ചാൽ മതിയാകും. വേനൽക്കാലത്ത് ഉപഭോക്താക്കൾക്കുള്ള സാമ്പത്തിക ബാധ്യത ഒഴിവാക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
വേനൽക്കാലത്ത് വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനും സുരക്ഷക്കും സുസ്ഥിരതക്കും മുൻഗണന നൽകുന്നതിനുമുള്ള കാര്യങ്ങളും അധികൃതർ വിശദീകരിച്ചു. സജീവമായ അറ്റകുറ്റപണികൾ, തന്ത്രപരമായ ശേഷി ആസൂത്രണം, അപ്രതീക്ഷിത വെല്ലുവിളികൾ നേരിടുന്നതിനുള്ള വിവിധ നടപടികളുൾപ്പെടെ വേനൽക്കാലത്തുടനീളം സ്ഥിരവും തടസ്സമില്ലാത്തതുമായ വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത കമ്പനികൾ ഊന്നിപ്പറഞ്ഞു. വേനൽക്കാലത്ത് ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി വിപുലീകൃത കോൾ സെൻറർ, ഓൺലൈൻ പിന്തുണ, സേവന തടസങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നതിന് സജീവമായ ആശയവിനിമയം എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.