റമദാനിലെ ആദ്യ വെള്ളിയാഴ്ച ഖുർആൻ പാരയണത്തിലേർപ്പെട്ടിരിക്കുന്ന വിശ്വാസികൾ.
റൂവി മസ്ജിദ് ഫലാഇൽനിന്നുള്ള കാഴ്ച -വി.കെ. ഷെഫീർ
മസ്കത്ത്: റമദാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ മസ്ജിദുകൾ നിറഞ്ഞ് കവിഞ്ഞു. ബാങ്ക് വിളിക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പുതന്നെ പള്ളികളിൽ എത്തിയ വിശ്വാസികൾ ഖുർആൻ പാരായണവും പ്രാർഥനയുമായി കഴിച്ചുകൂട്ടി. റമദാനിൽ നേടിയെടുക്കേണ്ട പുണ്യങ്ങളെക്കുറിച്ചും ജീവിതത്തിൽ കൈവരിക്കുന്ന നേട്ടങ്ങളെക്കുറിച്ചും ഇമാമുമാർ ഖുത്തുബയിൽ ഉണർത്തി.
ആത്മ വിശുദ്ധിയും സമർപ്പണവുമാണ് റമദാനിലൂടെ നേടിയെടുക്കേണ്ടതെന്നും പ്രഭാഷണത്തിൽ ഓർമിപ്പിച്ചു. റമദാൻ ഖുർആന്റെ മാസമാണെന്നും അത് പാരായണം ചെയ്യുകയും ജീവിതത്തിൽ പകർത്തുകയും വേണമെന്നും ഇമാമുമാർ ആവശ്യപ്പെട്ടു. ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള പ്രത്യേക പ്രാർഥനകളും നടന്നു.
ആദ്യ വെള്ളിയാഴ്ചയിൽ വിശ്വാസികൾ നേരത്തേതന്നെ മസ്ജിദിൽ ഇടംപിടിച്ചിരുന്നു. പിന്നീട് കൂടുതൽ വിശ്വാസികൾ എത്തിച്ചേർന്നതോടെ മസ്ജിദുകളിൽനിന്ന് പ്രാർഥന മന്ത്രണങ്ങളും ഖുർആൻ പാരായണങ്ങളും ഉയർന്നു. ഇതോടെ മസ്ജിദുകൾ ഭക്തിസാന്ദ്രമായി.
തിരക്ക് വർധിച്ചതോടെ പലർക്കും മസ്ജിദിന് പുറത്തിരിക്കേണ്ടി വന്നു. റൂവിയിലും പരിസരത്തും നിരവധി മസ്ജിദുകൾ ഉണ്ടെങ്കിലും ഏറ്റവും തിരക്ക് അനുഭവപ്പെട്ടത് റൂവി ഖാബൂസ് മസ്ജിദിലാണ്. വിശുദ്ധ റമദാനിലെ വെള്ളിയാഴ്ചകൾക്ക് ഏറെ പ്രധാന്യമുണ്ടെന്ന് കരുതുന്നവരാണ് വിശ്വാസികൾ.
പലരും കുട്ടികൾക്കും കുടുംബങ്ങൾക്കും ഒപ്പമെത്തിയത് തിരക്ക് വർധിക്കാൻ കാരണമായി. ജുമുഅ നമസ്കാര ശേഷവും നിരവധി പേർ ഖുർആൻ പാരായണവും പ്രാർഥനയുമായി മസ്ജിദുകളിൽതന്നെ തങ്ങി. ഇവരിൽ പലരും വൈകുന്നേര നമസ്കാരത്തോടെയാണ് പിരിഞ്ഞുപോയത്.
പല മസ്ജിദുകളിലും നമസ്കാര ശേഷം വിവിധ ഭാഷകളിൽ ഉദ്ബോധന പ്രസംഗങ്ങളുമുണ്ടായിരുന്നു. വിവിധ വ്യക്തികളും കൂട്ടായ്മകളുമാണ് റമദാൻ ഉപദേശങ്ങൾ സംഘടിപ്പിച്ചത്. ഒമാനിൽ അനുഭവപ്പെടുന്ന സുഖകരമായ കാലവസ്ഥ മസ്ജിദുകളിൽ ഒത്തുകൂടിയവർക്കും നോമ്പെടുക്കുന്നവർക്കും ഏറെ അനുഗ്രഹമായി.
മസ്കത്ത് നഗരത്തിലെ ഖാബുസ് മസ്ജിദ്, അൽ ഫലാഹ് മസ്ജിദ്, വൽജയിലെ ബുഖാരി മസ്ജിദ്, സലാല, സൂർ, ബർക്ക, ബുറൈമി, സുഹാർ തുടങ്ങിയ സ്ഥലങ്ങളിലെ മസ്ജിദുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. മലയാളികൾ കൂടുതലായി പങ്കെടുക്കുന്ന മസ്ജിദുകളിൽ ജുമുഅ നമസ്കാരത്തിന് ശേഷം ഖുത്തുബയുടെ മലയാള പരിഭാഷയും നടന്നു. പള്ളികളിൽ ഔദ്യോഗിക തറാവീഹിനു പുറമെ മലയാളികൾ അടക്കമുള്ള നിരവധി മത കൂട്ടായ്മകളുടെ തറാവീഹും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.