ശാസ്ത്ര-അക്കാദമിക് മേഖലകളിൽ ഗവേഷണം നടത്തുന്ന അറബ് വനിതകളും അറബ്, പ്രാദേശിക, അന്തർദേശീയ പ്രതിനിധികളും പങ്കെടുക്കും
മസ്കത്ത്: അറബ് വനിതാ ഗവേഷകരുടെ പ്രഥമ ഫോറം നവംബർ 30ന് ഒമാനിൽ നടക്കും. രണ്ട് ദിവസം നീളുന്ന ഈ ഫോറത്തിൽ വിവിധ ശാസ്ത്ര-അക്കാദമിക് മേഖലകളിൽ ഗവേഷണം നടത്തുന്ന അറബ് വനിതകളും അറബ്, പ്രാദേശിക, അന്തർദേശീയ സംഘടനകളുടെയും ഫെഡറേഷനുകളുടെയും പ്രതിനിധികളും പങ്കെടുക്കും.
അറബ് ലീഗിന്റെ വിദ്യാഭ്യാസ-സാംസ്കാരിക-ശാസ്ത്രീയ സംഘടനയായ അലെക്സോ, ഒമാൻ നാഷണൽ കമ്മീഷൻ ഫോർ എജുക്കേഷൻ, കൾച്ചർ ആൻഡ് സയൻസ്, അൽ ബുറൈമി സർവകലാശാല എന്നിവയുടെ സഹകരണത്തോടെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് ഫോറം സംഘടിപ്പിക്കുന്നത്.
അറബ് വനിതാ ഗവേഷകരുടെ പരിചയ-വൈദഗ്ദ്യം പങ്കിടുന്നതിനെ പ്രോത്സാഹിപ്പിക്കുക, പ്രചോദനാത്മക മാതൃകകളെ അവതരിപ്പിക്കുക, ഗവേഷണ-സാങ്കേതിക വിദ്യ-നവീകരണ രംഗങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം ശക്തമാക്കുക തുടങ്ങിയവയാണ് ഫോറത്തിന്റെ ലക്ഷ്യം.
ഗവേഷണ സ്ഥാപനങ്ങളിൽ അറബ് വനിതകളുടെ സാന്നിധ്യം വർധിപ്പിക്കുക, നയരൂപവൽകരണത്തിലെയും ദേശീയ-അറബ് തലത്തിലുള്ള പദ്ധതികളിലെയും സ്ത്രീകളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കൽ എന്നിവയും ഫോറം ലക്ഷ്യമിടുന്നു.
ഫോറത്തിൽ വനിതാ ഗവേഷകരുടെ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളിച്ചുള്ള ഒമ്പത് സംവാദ സെഷനുകൾ നടക്കും. സംസ്കാരം, ടൂറിസം, മീഡിയ, സ്ഥിരമായ വികസനം, ഗ്രീൻ ഇക്കോണമി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നവീകരണം, ആരോഗ്യപരിചരണം തുടങ്ങിയ വിഷയങ്ങളിൽ പാനൽ ചര്‍ച്ചകളും നടക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഭാവി വെല്ലുവിളികൾ, അറബ് വനിതാ ഗവേഷകരുടെ പങ്കാളിത്തം വളർത്താനുള്ള മാർഗങ്ങൾ, ഒമാനി ഗവേഷകരും അന്തർദേശീയ രംഗത്തുള്ള സഹപ്രവർത്തർക്കുമിടയിൽ ബന്ധങ്ങൾ ശക്തമാക്കാനുള്ള സംവിധാനം എന്നിവയും ഫോറം വിലയിരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.