പൂജക്കായി കത്തിച്ചുവെച്ച മെഴുകുതിരിയിൽ നിന്ന് തീപിടിത്തം
മനാമ: ഫ്ലാറ്റിൽ മതപരമായ പൂജകൾക്കായി കത്തിച്ചുവെച്ച മെഴുക് തിരിയിൽ നിന്ന് അബദ്ധത്തിൽ തീപിടിച്ച് റൂംമേറ്റ് മരിച്ച കേസിൽ 21കാരിയായ ഏഷ്യൻ യുവതിക്ക് ശിക്ഷ വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ അപ്പീൽ കോടതി. വിചാരണക്കോടതി വിധിച്ച ഒരു വർഷത്തെ തടവുശിക്ഷയും ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം രാജ്യത്ത് നിന്ന് നാടുകടത്താനുള്ള ഉത്തരവും അപ്പീൽ കോടതി ശരിവെച്ചു.
തന്റെ കുറ്റസമ്മതവും സാക്ഷിമൊഴികളും ഫോറൻസിക് റിപ്പോർട്ടും സിവിൽ ഡിഫൻസ് റിപ്പോർട്ടും അടിസ്ഥാനമാക്കി, വിചാരണക്കോടതി പുറപ്പെടുവിച്ച വിധി നിയമപരമായി നിലനിൽക്കുന്നതാണെന്ന് അപ്പീൽ കോടതി വ്യക്തമാക്കി. ഹോട്ടലിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യാൻ അടുത്തിടെയാണ് യുവതി ബഹ്‌റൈനിലെത്തിയത്. ഫ്ലാറ്റിലെ മുറിയിൽ മരത്തിന്റെ മേശപ്പുറത്ത് മെഴുക് തിരി കത്തിച്ചുവെച്ച് പൂജ നടത്തുന്നതിനിടയിലാണ് അപകടമുണ്ടായത്.
മേശപ്പുറത്ത് വെച്ച തിരിയിൽ നിന്ന് തീ പടരുകയും മുറിയിലുണ്ടായിരുന്ന ഇന്ത്യൻ സ്വദേശിയായ സഹപ്രവർത്തക പുകയിൽ ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു. കുളിമുറിയിൽ അകപ്പെട്ടുപോയ സഹപ്രവർത്തകക്ക് പുകയും തീയും കാരണം പുറത്തിറങ്ങാൻ സാധിച്ചില്ല. മെഴുക് തിരി കത്തിച്ചുവെച്ച മരത്തിന്റെ മേശക്ക് താഴെ തട്ടോ മറ്റോ വെക്കാതിരുന്നതാണ് തീപിടിത്തത്തിന് കാരണമായത്. അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്ന് സമ്മതിച്ച യുവതി, തീയണയ്ക്കാനുള്ള വഴികളോ സുരക്ഷാ വിവരങ്ങളോ തനിക്ക് അറിയില്ലായിരുന്നുവെന്നും മൊഴി നൽകി. സിവിൽ ഡിഫൻസിന്റെ അന്വേഷണത്തിലും തീപിടിത്തത്തിന് കാരണം അശ്രദ്ധമായി കത്തിച്ചുവെച്ച മെഴുക് തിരിയാണെന്ന് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.