ഏഷ്യൻ ഗെയിംസ്: വനിതകളുടെ 5,000 മീറ്ററിലും സ്വർണം നേടി വിൻഫ്രഡ് യാവി; ഹാട്രിക്ക് നേട്ടം
മനാമ: ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന 20ാമത് ഏഷ്യൻ ഗെയിംസിൽ ബഹ്‌റൈന് അഭിമാനമായി വിൻഫ്രഡ് യാവിക്ക് ഹാട്രിക് സ്വർണനേട്ടം. വനിതകളുടെ 3,000 മീറ്റർ സ്റ്റീപ്പിൾചേസിലും 10,000 മീറ്ററിലും സ്വർണം നേടിയതിന് പിന്നാലെ 5,000 മീറ്റർ ഫൈനലിലും ഒന്നാമതെത്തിയാണ് യാവി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
15 മിനിറ്റ് 10.18 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് യാവി ഈ മേളയിലെ തന്റെ മൂന്നാം സ്വർണം അണിഞ്ഞത്. ജപ്പാന്റെ നൊസോമി തനാക്ക വെള്ളിയും (15:11.65) ഇന്ത്യയുടെ പരുൾ ചൗധരി വെങ്കലവും (15:14.61) നേടി. മത്സരത്തിൽ പങ്കെടുത്ത ബഹ്‌റൈന്റെ മറ്റൊരു താരമായ റൂത്ത് ജെബെറ്റ് 16:09.10 സെക്കൻഡിൽ ഒൻപതാമതായാണ് ഫിനിഷ് ചെയ്തത്. ഈ വിജയത്തോടെ ഏഷ്യൻ ഗെയിംസിൽ ബഹ്‌റൈന്റെ ആകെ മെഡൽ നേട്ടം 9 സ്വർണവും 2 വെള്ളിയും 3 വെങ്കലവുമടക്കം 14 ആയി ഉയർന്നു.
വനിതകളുടെ 800 മീറ്റർ ഹീറ്റ്‌സിൽ 2:02.92 സെക്കൻഡിൽ രണ്ടാമതായി ഫിനിഷ് ചെയ്ത് ബഹ്‌റൈന്റെ നെല്ലി കോറിർ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. എന്നാൽ വനിതകളുടെ 4x100 മീറ്റർ റിലേ ഫൈനലിൽ മത്സരിച്ച ഹജർ അൽഖാൽദി, എഡിഡിയോംഗ് ഒഡിയോംഗ്, റൈഹാന ഗരൂബ, സൽവ നാസർ എന്നിവരടങ്ങിയ ബഹ്‌റൈൻ ടീമിന് മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ല.
ഈ ഇനത്തിൽ ചൈന സ്വർണവും തായ്‌ലൻഡ് വെള്ളിയും ജപ്പാൻ വെങ്കലവും നേടി. അത്‌ലറ്റിക്‌സ് മത്സരങ്ങളുടെ അവസാന ദിനത്തിൽ പുരുഷന്മാരുടെ 5,000 മീറ്ററിൽ ബിർഹാനു ബാല്യൂവും അബ്ദികാനി ഹമീദും ബഹ്‌റൈനായി ട്രാക്കിലിറങ്ങും. കൂടാതെ മിക്സഡ് 4x100 മീറ്റർ റിലേ, വനിതകളുടെ 4x400 മീറ്റർ റിലേ ഫൈനലുകളിലും ബഹ്‌റൈൻ ടീം മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.