മസ്കത്ത്: ഒമാനിൽ പ്രവാസി തൊഴിലാളികളെ കേന്ദ്രീകരിച്ച് ലൈസൻസില്ലാത്ത മൊബൈൽ ആപ്ലിക്കേഷനുകൾ വഴി അനധികൃതമായി വിദേശത്തേക്ക് പണമിടപാട് നടത്തിവന്ന ഏഷ്യൻ സ്വദേശിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ബുറൈമി ഗവർണറേറ്റ് പൊലിസ് കമാൻഡാണ് പ്രതിയെ വലയിലാക്കിയത്. അംഗീകൃത ബാങ്കിങ്-എക്സ്ചേഞ്ച് ചാനലുകളെ മറികടന്ന്, സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് പ്രതി പ്രവാസികൾക്കായി ഈ നിയമവിരുദ്ധ ഇടപാടുകൾ നടത്തിയിരുന്നതെന്ന് ആർ.ഒ.പി വ്യക്തമാക്കി. രാജ്യാന്തര പണമിടപാടുകൾ നടത്താൻ ലൈസൻസില്ലാത്ത മൊബൈൽ ആപ്ലിക്കേഷനുകളാണ് ഇയാൾ ഇതിനായി ഉപയോഗിച്ചിരുന്നത്.
അറസ്റ്റിലായ വ്യക്തിയുടെ പേരുവിവരങ്ങളോ, ഏതൊക്കെ രാജ്യങ്ങളിലേക്കാണ് പണം അയച്ചിരുന്നതെന്നോ സുരക്ഷാ വിഭാഗം വെളിപ്പെടുത്തിയിട്ടില്ല. ഒമാനിലെ സാമ്പത്തിക സുരക്ഷിതത്വത്തിന് ഭീഷണിയാകുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരെ കർശന നിരീക്ഷണം തുടരുമെന്ന് അറിയിച്ച റോയൽ ഒമാൻ പൊലീസ്, പ്രതിക്കെതിരെയുള്ള തുടർ നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.